Wednesday, October 14, 2009

‘ജ്വാലകള്‍ ശലഭങ്ങള്‍‘ പ്രകാശനം : ചില ചിത്രങ്ങള്‍


2009 ഒക്ടൊബര്‍ 6.
കോഴിക്കോട് ടൌണ്‍ ഹാള്‍



‘ജ്യോനവന്റെ (നവീന്‍ ജോര്‍ജ്ജ്) അകാലനിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന ശ്രീ ഗണേഷ് പന്നിയത്ത് (ചിത്രത്തിലില്ല)
ഇടത്ത് നിന്ന് : കൈതമുള്ള്, സിസ്റ്റര്‍ ജെസ്മി, ഡോ.സുകുമാര്‍ അഴീക്കോട്, ശ്രീ.യു എ ഖാദര്‍, ശ്രീ പി കെ പാറക്കടവ്, ഡോ. അസീസ് തരുവണ



ബ്ലോഗ് സാഹിത്യമാണ് നാ‍ളത്തെ സാഹിത്യം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്: യു എ ഖാദര്‍ മാഷ്.



ഉറങ്ങുകയല്ല, അഗാധമായ എന്തോ ചിന്തയിലാണ് ശ്രീ പൊയ്ത്തുംകടവ്.ഇടത് നിന്ന് രണ്ടാമത്: ലിപി അക്ബര്‍.
...‍ കുറു, നിരക്ഷര്‍, ജി.മനു, കുട്ടന്‍ മേനോന്‍, യൂസഫ്പ,പ്രമോദ്, മിന്നാമിനുങ്ങ് ഫാമിലി, ആഗ്നേയ ഫാമിലി, കലേഷ്, കോമരം.....ഒക്കെ എവിടേയാ?......(എന്റെ സ്വിസ് ചേച്ചിയെ കാണാം)



‘അതെ,ഇത് ജ്വാലകള്‍ ശലഭങ്ങള്‍”



“ദേ...എല്ലാരും കണ്ടല്ലോ?”



സന്തോഷത്തിന്റെ, സംതൃപ്തിയുടെ , നിര്‍വൃതിയുടെ നിമിഷം!



ബ്ലോഗെഴുത്തുകാരുടെ പേരുകള്‍ക്കെല്ലാം പുതുമയുണ്ട്: അഴീക്കോട് സാര്‍ പറയുന്നു.


“ജ്വാലകള്‍ ശലഭങ്ങള്‍‘ എന്ന പേര്‍ തന്നെ പുരാണങ്ങളില്‍ നിന്നെടുത്തതാണ്: അഴീക്കോട് സര്‍ തുടരുന്നു.



മലയാളിയുടെ വായന വളരെ ഉപരിപ്ലവമാണ്. മാധവിക്കുട്ടിയെ മലയാളികള്‍ വായിച്ച വിധം തന്നെ ഉദാഹരണമായെടുക്കാം.



.. ശശി ചിറയില്‍ ഉപയോഗിക്കുന്ന ഭാഷ നമ്മുടെ സാധാരണ സാഹിത്യകാരന്മാര്‍ ഉപയോഗിക്കുന്ന തരം ഭാഷയല്ല...’



ഈ പുസ്തകം കൈയിലെടുത്താല്‍ വായിച്ച് തീരാതെ നിലത്ത് വയ്ക്കില്ല. അത് തീര്‍ച്ച: ഡോ അസീസ് തരുവണ.



‘പതിനഞ്ച് പെണ്ണനുഭവങ്ങള്‍‍ ......ഒരെണ്ണത്തിനെ തന്നെ മേയിക്കുന്നതിന്റെ വിഷമം എനിക്കല്ലേ അറിയൂ”: ഖാദര്‍ മാഷ്.



‘പു ക സാ യുടെ മീറ്റിംഗുണ്ട് മാഷേ’: ഖാദര്‍ മാഷും അഴീക്കോട് സാറും.



“മാഷ് എണിറ്റോളൂ, ഞാനുമുണ്ട്. വീട്ടില്‍ അവള്‍ ഒറ്റക്കാ”: ഖാദര്‍ മാഷ്



‘കണ്ടോ?, കോഴിക്കോട് ഉള്ളവരൊക്കെ സഹൃദയരാ.വടകരയിലും നല്ല ജനക്കൂട്ടമുണ്ടായിരുന്നു.’



‘എന്താ അക്ബറെ, തന്റെ ‘ഡിസയറൊ‘ക്കെ നന്നായി ഓടുന്നില്ലേ?’



‘തുടര്‍ച്ചയായി എഴുതണം കേട്ടോ...അച്ചടി മാധ്യമങ്ങളില്‍ സജീവമാകൂ ഇനി’



“മാഷേ..എന്റെ മനസ്സ് നിറഞ്ഞു.... “



‘ഈ കുറുമാന്റെ പുസ്തകം കൊള്ളാല്ലോ അല്ലെ, വേണു?”



‘പെണ്ണനുഭവങ്ങള്‍ അല്ലല്ലോ, സത്യത്തില്‍ ഇത് ആണനുഭവങ്ങളല്ലേ?’: സിസ്റ്റര്‍ ജേസ്മി തുടങ്ങുന്നു.



പ്രസംഗം കേള്‍ക്കുന്ന കൈതമുള്ളിന്റെ മകള്‍, ഭാര്യ




പിന്നിലിരിക്കുന്ന കറുത്ത ഷെര്‍ട്ട് ജൂനിയര്‍ കൈതമുള്‍‍-പ്രശോഭ്.



‘കൈതമുള്ള് സാര്‍ ഒരു കള്ളകൃഷ്ണനേപ്പോലെയാണ്...”: സിസ്റ്റര്‍ ജെസ്മി കത്തിക്കേറുന്നു.



‘അടുത്ത കാലത്തൊന്നും ഇത്ര റീഡബിള്‍ ആയ ഒരു പുസ്തകം ഞാന്‍ വായിച്ചിട്ടില്ല’: പി കെ പാറക്കടവ് മാഷ്.



‘ബ്ലോഗ് ബന്ധുക്കളേ, സുഹൃത്തുക്കളെ....”മരുവെടി.




എന്നാ എണീക്കാം,ഇനി നാടകം അല്ലേ?



സിസ്റ്ററുടെ ബ്ലോഗിന് ചേരുന്ന പേര്‍ കൈതച്ചക്കയെന്നല്ല, ‘ബബ്ലൂസ്’ എന്നാ.....: സരസമായ ഒരു നിമിഷം!




‘ബസ്തുക്കര’ നാടകത്തില്‍ നിന്ന്.



നാടകം കണ്ട് വികാരാധീനനായ ശ്രീ പൊയ്ത്തുംകടവ് സ്റ്റേജില്‍ ചാടിക്കയറി......(ശ്രീ നരിപ്പറ്റ രാജുവിന്റെ ഗ്രുപ്പിനോടോപ്പം)

Saturday, October 10, 2009

BOOK RELEASE - PHOTOS

Some photos are uploaded in my facebook profile.





http://www.facebook.com/home.php?#/album.php?aid=35283&id=1061840813


Please visit.

Thanks

Shashi Chirayil

Saturday, September 12, 2009

ഓര്‍മ്മയില്‍ വിരിയുന്ന പെണ്‍പൂക്കള്‍ - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

“ജ്വാലകള്‍ ശലഭങ്ങള്‍”എന്ന പുസ്തകത്തിന്റെ അവതാരിക


ഒന്നൊരക്കൊല്ലത്തെ ബോംബെ ജീവിതത്തിനു ശേഷമാണ് കൈതമുള്ള്‌ എന്ന എഴുത്തുകാരന്‍ മുന്നു പതിറ്റാണ്ട്‌ മുന്‍പ്‌ ഗള്‍‍ഫിലെത്തിച്ചേരുന്നത്‌. ഇന്ന് സുക്ഷിച്ചു നോക്കിയാല്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങളുടെയൊക്കെ അടിത്തറ തന്റെ ബോംബെ ജീവിതമാണെന്നു കാണാം; നാട്ടില്‍ നേടിയെടുത്ത്‌ ഔദ്യോഗിക വിദ്യാഭ്യാസം മാത്രമല്ല. ബോംബെ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ചേക്കേറിയ ആളുകളാണ് ഗള്‍‍ഫിലെ പ്രധാന സ്ഥാനങ്ങളിലേറെപ്പേരും എന്നത്‌ ചരിത്രപരമായ യാദൃച്ഛികതയല്ല. നാടു വിടുന്ന മലയാളി ആര്‍ജ്ജിച്ചെടുക്കുന്ന നവീനവും വിഭിന്നവുമായ അനുഭവപരിസരങ്ങള്‍ പ്രധാന ശക്തിസ്രോതസ്സായി മാറുന്നു. ഗള്‍‍ഫില്‍ പഴയ കാലത്ത്‌ അറബികളുടെ രണ്ടാം ഭാഷയുടെ സ്ഥാനത്താണ് ഹിന്ദി. കാലങ്ങള്‍ക്കു ശേഷം അറബികളിലെ യുവ സമൂഹം നേടിയ യൂറോപ്യന്‍ വിദ്യാഭ്യാസം ഹിന്ദിയുടെ സ്ഥാനത്ത്‌ ഇംഗ്ലീഷിനെ പ്രതിഷ്ഠിച്ചു. ഫലത്തില്‍ രണ്ട്‌ തലമുറകളുമായും അനായാസമായ ആശയവിനിമയം സാധ്യമാക്കി. ഇത്‌ അത്തരം പ്രവാസിസമൂഹത്തെ ചെറുതായൊന്നുമല്ല സഹായിച്ചത്‌. ബോംബെയിലും ദല്‍ഹിയിലും പോയി പണിയെടുക്കുക വഴി ഭാഷയില്‍ മാത്രമല്ല, മലയാളി നവീനമായ കരുത്ത്‌ നേടിയത്‌. അടഞ്ഞ കേരളീയ സമൂഹത്തിനപ്പുറത്തുള്ള തുറസ്സായ സങ്കല്‍പ്പങ്ങളും മനോഭാവങ്ങളും അവരെ കീഴടക്കി. പരിഷ്കരിക്കപ്പെട്ട സ്ത്രീ പുരുഷ സങ്കല്‍പം അവയിലെ പ്രധാനപ്പെട്ട ഒരിനമായിരുന്നു. തുറസ്സായ അത്തരം സമീപന രീതികളുടെ പരിചയം കൈതമുള്ള് എന്ന തൂലികാകാരനു നേടിക്കൊടുത്ത ഒട്ടേറെ അനുഭവങ്ങളില്‍ നിന്നു പ്രത്യേകം മാറ്റിവച്ച ഏതാനും ഓര്‍മ്മകളാണു 'ജ്വാലകള്‍, ശലഭങ്ങള്‍'.

മലയാളത്തില്‍ അനുഭവങ്ങള്‍ ഒരു സാഹിത്യ രൂപം പ്രാപിക്കുന്നതില്‍ മള്‍ബെറി പബ്ലിക്കേഷന്‍സിനും ഷെല്‍‌വിക്കുമുള്ള പങ്ക്‌ വളരെ വലുതാണ്. ഓര്‍മ്മ എന്ന പേരില്‍ രണ്ട്‌ വാല്യങ്ങളായി ഇറക്കിയ ആ പുസ്തകം ഓര്‍മ്മകളുടേയും ജീവിത സമീപനങ്ങളുടെയും വൈവിധ്യ പ്രദേശമായിരുന്നു. പ്രശസ്തിക്ക്‌ പുറത്തുള്ളവരുടെ ആത്മകഥകള്‍ക്ക് ലഭിക്കുന്ന മാര്‍ക്കറ്റ്‌ വാല്യൂവും മലയാളഭാവുകത്വത്തിനു പുതുമയുള്ളതാണ്. ഇസഡോറ ഡങ്കന്‍ എന്ന വിശ്രുതകലാകാരിയുടെ ആത്മകഥ (വിവ: കൃഷ്ണവേണി) മലയാളത്തില്‍ ഈയിടെ ഏറെ ശ്രദ്ധേയമായി.


പുസ്തകത്തിനു പതിനഞ്ച്‌ പെണ്ണനുഭവങ്ങള്‍ എന്ന വിശേഷണം നല്‍കുമ്പോള്‍ മലയാളിയുടെ കപട ലൈംഗിക സദാചാരം എന്ന ബലൂണിനു മേല്‍ സൂചിയുമായി വന്നടുക്കുന്ന ഒരാളെയാണു ഓര്‍മ്മ വരിക. പെണ്ണ് എന്നത്‌ ഒരു ലൈംഗികാവയവത്തിന്റെ പേരാണ് മലയാളിക്ക്‌. അവളുടെ ആന്തരികമാനസിക വ്യാപാരങ്ങളോ അതിനകത്തെ സമസ്യകളോ ഇന്നും 'മലയാളിവിദ്യാഭ്യാസ'ത്തിന് അന്യമാണ്. സ്ത്രീ പുരുഷബന്ധങ്ങളിലെ അകല്‍ച്ചകളില്‍ പുരുഷന്റെയത്ര തന്നെ പങ്ക്‌ സ്ത്രീ വഹിക്കുന്നു എന്ന വൈരുദ്ധ്യവും കേരളീയ ജീവിതത്തെ ഒരു കോമാളി സമൂഹത്തിന്റെ ചരിത്രമാക്കി മാറ്റുന്നു. കൈതമുള്ള്‌ ഇത്തരം സമസ്യകളുടെ ഉള്ളറകളിലേക്ക്‌ കൂടി കടന്നു പോകുന്നുണ്ട്‌. രവിവര്‍മ്മ ചിത്രത്തെ അനുസ്മരിപ്പിക്കും വിധമാണു കൈതമുള്ളിന്റെ സ്ത്രീകള്‍ അദ്ദേഹത്തിന്റെ അനുഭവപരിസരത്തേക്ക്‌ കടന്നു വരുന്നത്‌. പിന്നീട്‌ അവര്‍ ഓര്‍മ്മയുടെ ആഴത്തിലുള്ള മുദ്രകള്‍ നല്‍കി കടന്ന് പോകുന്നു. കൈതമുള്ളിന്റെ പെണ്ണനുഭവങ്ങളും മറുനാട്ടില്‍ നിന്നാണെന്നത്‌ യാദൃച്ഛികമല്ല. കേരളത്തില്‍ ഇത്തരം പൊതു ഇടങ്ങള്‍ ഒന്നിച്ച്‌ ജോലി ചെയ്യുന്നവര്‍ക്കിടയില്‍പ്പോലും കുറവാണ്. ഈ പെണ്ണനുഭവങ്ങള്‍ക്ക്‌ അന്തര്‍ദ്ദേശീയമായ ബന്ധമാണുള്ളത്‌.

കൈതമുള്ളിന്റെ ഭാഷയുടെ മാസ്മരശക്തി എടുത്ത്‌ പറയേണ്ട ഒന്നാണ്. തുടങ്ങി വച്ചാല്‍ പിന്നെ മനുഷ്യരാരും ഇതിനെ വിട്ടൊഴിയില്ല. ആഖ്യാനങ്ങളില്‍ എപ്പോഴും അവസാനമെന്താവും എന്ന ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും കൈത ശ്രദ്ധിക്കുന്നു. നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത യൗവനകാലം ഈ എഴുത്തുകാരനെ തന്റെ ഓര്‍മ്മകള്‍ ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നതിനു ചെറുതായൊന്നുമല്ല സഹായിക്കുന്നത്‌. ജീവിതം തന്നെ വലിയൊരു നാടകമാണെന്ന് കൈത നിശ്ശബ്ദമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ നാടകത്തില്‍ കൈത ഒരു കാഴ്ചക്കാരന്റെ റോളില്‍ മാത്രമല്ല, ഇടപെടലുകാരനായും സഹാനുഭൂതി നിറഞ്ഞവനായും നിസ്സംഗത ബാധിച്ചവനായും ക്ലൈമാക്സിന്നായി കാത്തിരിക്കുന്ന അക്ഷമനായ ആസ്വാദകനായും ഒക്കെ വരുന്നുണ്ട്‌. കൈതയുടെ മറ്റു രചനകള്‍ ശ്രദ്ധിച്ചാലും ഒരു കാര്യം മനസ്സിലാകും, ഇദ്ദേഹം‍ മാറുന്ന ഭൗതിക വസ്തുക്കളെയോ കെട്ടിടങ്ങളെയോ അല്ല കാര്യമായി ശ്രദ്ധിക്കുന്നത്‌. ഒരു എഴുത്തുകാരന്റെ കണ്ണ് എപ്പോഴും മനുഷ്യാത്മാവിലേക്ക്‌ ചുഴിഞ്ഞിറങ്ങാനാണ് ശ്രമിക്കുക. മനുഷ്യ പ്രകൃതത്തിന്റെ വൈവിധ്യങ്ങളെ നിസ്സംഗതയോടെ കാണുമ്പോള്‍ത്തന്നെ അതിന്റെ വിഭിന്നതകളെ കൌതുകമേറിയ ഒരു കുട്ടിയെപ്പോലെ വായിച്ചറിയാനും ശ്രദ്ധിക്കുന്നു.

താന്‍ ജോലി ചെയ്യുന്ന ഓഫീസ്‌ പരിസരങ്ങളാണ് കൈതമുള്ളിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രധാന കേന്ദ്രം. അതില്‍ ഔദ്യോഗിക‌ ജീവിതമുണ്ട്‌, കേരളത്തിന്റെ ഓര്‍മ്മകളുണ്ട്‌. കഥാപാത്രങ്ങളെ തേടി പോകുകയല്ല, അത്‌ തന്നെ തേടി വരികയാണ്. കടന്ന് വരുന്ന സ്ത്രീകള്‍ ആദ്യരംഗങ്ങളില്‍‍‍ നമ്മിലുണ്ടാക്കിയ മുന്‍ വിധികള്‍ കൈയൊഴിഞ്ഞ്‌ യാഥാര്‍ത്ഥ്യത്തിന്റെ മണ്ണിലേക്ക്‌ വന്നു വീഴുകയാണു, പലപ്പോഴും. അവര്‍ കൈതയെ വളരെ പെട്ടെന്നു തന്നെ ഒരു രക്ഷകര്‍ത്താവിന്റെ റോളിലേക്ക്‌ അകപ്പെടുത്തുകയോ, എഴുത്തുകാരന്‍ തന്നെ സ്വയം അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയോ ചെയ്യുകയാണ്. തന്റെ സ്നേഹവും സേവനവും നിര്‍ലോഭം അവര്‍ക്ക്‌ വിട്ടുകൊടുക്കുമ്പോള്‍ത്തന്നെ പ്രതിരോധത്തിന്റെ ഒരു മുദ്ര എല്ലാ സംഭവങ്ങളേയും അനുധാവനം ചെയ്യുന്നു. സൗന്ദര്യാരാധകനാണു കൈത. എന്നാല്‍ അദ്ദേഹത്തിനു സ്ത്രീ ശരീരം മാത്രമല്ല , അവരുടെ ഹൃദയനിഗൂഢതകളെ കണ്ടറിയുന്ന മനഃശ്ശാസ്ത്രജ്ഞാനവും അദ്ദേഹത്തിനുണ്ട്‌. കടന്നു വരുന്ന പെണ്ണുങ്ങളില്‍ പ്രണയാതുരനായി വീണുപോവുകയല്ല, അവയിലകപ്പെട്ടുപോവുകയാണ്. പെണ്‍ പ്രീണനങ്ങള്‍ക്കു നേരെ നിസ്സംഗനായി നില്‍ക്കുന്ന രംഗങ്ങളും സുലഭം. നിശ്ശബ്ദമായ ഒരു ചിരി അതിനകത്തുണ്ട്‌; ദുഃഖത്തിന്റെ നേര്‍ത്ത അല തല്ലലും. പ്രണയം ഏത്‌ അതിരില്‍ വെച്ചുണ്ടായി, ഇല്ലാതായി എന്നൊന്നും കണ്ടുപിടിക്കാന്‍ ചിലപ്പോള്‍ വായനക്കാരനു സാധിച്ചില്ല എന്ന് വരാം.

നല്ലതും തിയ്യതുമായ ഗുണങ്ങളാല്‍ സമ്പന്നരാണ് പതിനഞ്ച്‌ പെണ്ണുങ്ങളും. ഏറെപ്പേരും നിലനില്‍പ്പിന്റെ വേവലാതി അനുഭവിക്കുന്നവരാണ്. അതേ സമയം അവര്‍ മിടുക്കികളോ സാഹസികരോ ആണ്; കൗതുകത്തിന്റെ പൊന്നലുക്കുകള്‍ സമ്മാനിച്ച്‌ കടന്ന് വരികയും ഹൃദയത്തില്‍ ഒരിക്കലും മായാത്ത മുദ്രകള്‍ സമ്മാനിച്ച്‌ തിരിച്ച് പോകുന്നവരുമാണ്. ഓരോ കുറിപ്പിന്റേയും ഒടുവില്‍ അപ്രതീക്ഷിതമായ ഒരന്ത്യം അവരെ‌ കാത്തിരിക്കുന്നു.

മറുനാടന്‍ മലയാളി ജീവിതം പലപാട്‌ വന്നു പോകുന്നുണ്ട്‌, കൃതിയില്‍. മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ പ്രത്യേകതകളും ഇവയില്‍ വരച്ചിടുന്നുണ്ട്‌, എഴുത്തുകാരന്‍.

കൈതമുള്ള്‌ എന്ന ബ്ലോഗ്‌ ഏറെ പ്രശസ്തമാണ്. അവയില്‍ വന്ന കുറിപ്പുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. വിശാലമനസ്കന്റെ ‘കൊടകരപുരാണ‘ത്തിനും കുറുമാന്റെ 'എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍'ക്കും ശേഷം മറ്റൊരു പ്രശസ്തമായ ബ്ലോഗെഴുത്ത്‌ കൂടി അച്ചടി മാധ്യമത്തിലേക്ക്‌ വരികയാണ്. ബ്ലോഗെഴുത്ത്‌ നമ്മുടെ ഭാഷക്ക്‌ നല്‍കുന്ന നവോന്മേഷവും വ്യാപ്തിയും നിസ്സാരമായി തള്ളിക്കളയാനാവില്ല. ബ്ലോഗ്‌ എന്ന സൈബര്‍ സാങ്കേതികതയാണു ദശാബ്ദങ്ങള്‍ക്ക്‌ ശേഷം ഈ എഴുത്തുകാരനെ വീണ്ടും സാഹിത്യരചനയിലേക്ക്‌ കൂട്ടിക്കൊണ്ട്‌ വരുന്നത്‌. സൈബര്‍ സാഹിത്യം എന്നത്‌ പരിഹസിക്കാനുള്ള പദമല്ല ആദരിക്കാനുള്ളതാണ് എന്ന് ഒട്ടേറെ നല്ല ബ്ലോഗര്‍മാരെപ്പോലെ കൈതമുള്ളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


ഓര്‍മ്മകള്‍ ഓര്‍മ്മിപ്പിക്കല്‍ കൂടിയാകുന്നതിങ്ങനെ.

Sunday, April 19, 2009

ഓര്‍മ്മയില്‍ ഒരു വിഷു (ഇന്നലെയുടെ ജാലകങ്ങള്‍ - 10)



ഓര്‍മ്മയില്‍ ഒരു വിഷു


ഓര്‍മ്മയില്‍ ഒരു വിഷു



ഉത്തരായനം കഴിഞ്ഞ്‌ തളര്‍ന്ന കണ്ണുകളും ശോഷിച്ച ശരീരവും ഒഴിഞ്ഞ കൈകളുമായി അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയ ഒരു വെളുപ്പാന്‍ കാലത്താണ്, മേടസംക്രാന്തിയെത്തിയെന്ന വിളംബരവുമായി വിഷുപ്പക്ഷി പുരക്ക്‌ മുകളിലൂടെ പറന്നത്‌.

"ശങ്കരാന്തിയെന്നാ? നാളേയോ മറ്റന്നാളോ?"
അമ്മ മുറ്റമടിക്കൊരു ഇടവേള നല്‍കി, നടു നിവര്‍ത്തി, കുറ്റിച്ചൂലില്‍ പറ്റിപ്പിടിച്ച മുടിനാരുകളും പുല്ലുകളും പറിച്ചെടുത്ത്‌ കൊണ്ട്‌ കൂട്ടിച്ചേര്‍ത്തു:
"കാപ്പി കുടിച്ചിട്ട്, നീയാ ഉമ്മറോം പടീം ചെത്തി വെടിപ്പാക്ക്"
ചേച്ചിമാര്‍ക്കും കിട്ടി ജോലി: "ചപ്പും ചവറുമൊക്കെ അടിച്ച്‌ കൂട്ടണം. ശങ്കരാന്തിക്ക് തീയിടണ്ടേ?"

ചേട്ടയെ പുറത്താക്കി, ഭഗോതിയെ കുടിയിരുത്തുന്ന പരിപാടിയാണല്ലോ സംക്രാന്തി.

കുഞ്ഞിക്കൈക്കോട്ടുമായി പടിക്കലെത്തിയപ്പോള്‍ കാനംകുടം ജോസ്‌ വലിയ ഒരു പൊതിക്കെട്ടും താങ്ങി വരുന്നു."ചെമ്പന്റെ കടേന്ന് വാങ്ങീതാ....പടക്കോം കമ്പിത്തിരീം മത്താപ്പൂം ഒക്കേണ്ട്‌. റേഷന്‍ കടേടെ മുന്‍പി വച്ച്‌ വിക്കാനാനപ്പന്‍ സമ്മതിച്ചു."

വൈകീട്ട്‌ അച്ഛന്‍ വന്നപ്പോള്‍ എല്‍ ജീ കായത്തിന്റെ ചാക്കുസഞ്ചിയില്‍ പരതി : ഏറുപടക്കം, ലാത്തിരി, പൂത്തിരി, തലചക്രം എന്തെങ്കിലും....
"സാരല്യാ, ഇനീം ണ്ടല്ലൊ ഒരു ദിവസം.‘

മൂവന്തിക്ക്‌ ചവറും കടലാസുകഷണങ്ങളും കൂട്ടിയിട്ട്‌ തീ കൊളുത്തി. അയല്‍ വീടുകളില്‍ നിന്ന് ഒറ്റക്കും തെറ്റക്കും പടക്കങ്ങള്‍ പൊട്ടാന്‍ തുടങ്ങി. ആകാശത്തേക്കുയര്‍ന്ന് വിരിയുന്ന ഗുണ്ടുകള്‍ ‍, കമ്പിത്തിരി കത്തിച്ച്‌ ചുറ്റിക്കുമ്പോഴുണ്ടാകുന്ന സ്ഫുരണങ്ങല്‍ ‍, ശീല്‍ക്കാരങ്ങള്‍,ആര്‍പ്പുവിളീകള്‍ ...

ഞാന്‍ വല്യേച്ചിയെ ദയനീയമായി നോക്കി.
"അവരേക്കാള്‍ നല്ല പടക്കം നമുക്ക്‌ പൊട്ടിക്കാടാ, വാ‌..."
ഇലഞ്ഞിമരത്തിന്റെ രണ്ട്‌ കമ്പുകളൊടിച്ച്‌ കൊണ്ട്‌ വന്ന് ചേച്ചി ആളിക്കത്തുന്ന തീയിലേക്കിട്ടു.
'പട്‌..പട്‌.പടടാ.ടടടാ.."

ശബ്ദം കുറവായിരുന്നെങ്കിലും നൂറുനൂറുപടക്കങ്ങള്‍ ഒന്നിച്ച്‌ പൊട്ടി.
'ഇനിയും...ഇനിയും..." : ആവേശത്തോടെ ഞാന്‍ കൈയടിച്ചു .
ചേച്ചി മറ്റൊരു ഇലഞ്ഞിക്കൊമ്പിന്മേല്‍ പിടുത്തമിട്ടു.

"മോനേ, ഞാന്‍ പോയി വരട്ടെ."
നോക്കിയപ്പോള്‍ അലക്കി വെളുപ്പിച്ച ജഗന്നാഥന്‍ മുണ്ടുടുത്ത്, നീല കരയുള്ള ഈരെഴ തോര്‍ത്ത് തോളിലിട്ട്, അച്ഛന്‍ ‍.

'എവിടേക്കാ അച്ഛാ?"
ഞാന്‍ അച്ഛന്നരികിലേക്കോടി‍.
"തറവാട്ടില്‍ 'വീത്‌ വയ്പ്’ ഇന്നല്ലേ?'
ഞാനത്‌ മറന്ന് പോയിരുന്നു.

അപ്പൂപ്പനുള്ളപ്പോള്‍ സംക്രാന്തിയും വിഷുവും തറവാട്ടിലായിരിക്കും. സംക്രാന്തി രാത്രിയാണു വീതു വയ്പും കലശവും. കുടുംബക്ഷേത്രത്തിലെ, നീണ്ട ജടയും ഉപ്പന്‍ കണ്ണുകളുമുള്ള ഗോവിന്ദന്‍ വെളിച്ചപ്പാട്‌ തേരത്തേ തറവാട്ടിലെത്തിയിരിക്കും.കോടിമുണ്ട്‌ വിരിച്ച പീഠത്തിനു മുന്‍പില്‍ ‍, ഏഴ്‌ തിരിയിട്ട്‌ കത്തിച്ച നിലവിളക്കും ജലം നിറച്ച കിണ്ടിയും തുളസിച്ചെത്തിപ്പൂക്കളും
പൂജാസാമഗ്രികളും നിരക്കും. നിവേദ്യമായി കദളിപ്പഴം, ഓട്ടട, വറുത്തരച്ച കോഴിക്കറി ...
പിന്നെ മരിച്ച്‌ പോയ കാരണവന്മാരുടെ ഇഷ്ട പാനീയം: കള്ളോ ചാരായമോ...
പട്ടാളക്കാരന്‍ വാസു നാട്ടിലുണ്ടെങ്കില്‍ വിശിഷ്ടാതിഥി ഒരു കുപ്പി ഹെര്‍ക്യുലീസ്‌ റം ആയിരിക്കും.

വെളുപ്പിനേയെണീട്ട് വിഷുക്കണി.
പിന്നെ വിഷുക്കൈനീട്ടം.

അമ്പലക്കുളത്തിലെ വിസ്തരിച്ചുള്ള കുളി കഴിഞ്ഞെത്തിയാല്‍ വിഷുക്കട്ട* മുറിക്കും.
പപ്പടം, പായസം, പഴം, ഉപ്പേരികള്‍ ‍‍....
എണ്ണിയാല്‍ തീരാത്ത വിഭവങ്ങളോടെ വിഷുസ്സദ്യ!

"പോയിട്ട്‌ വരാം മോനേ..": അച്ഛന്റെ ശബ്ദം, ഭൂതകാലത്തില്‍ മുങ്ങിത്തുടിച്ചിരുന്ന മനസ്സിനെ കരയിലേക്കെത്തിച്ചു.

തറവാട് ബഹളമയം.
ഉമ്മറം നിറയെ അതിഥികള്‍ .
അടുക്കളയില്‍ നിന്നും ഒഴുകിയെത്തുന്ന കറികളുടെ മോഹിപ്പിക്കുന്ന ഗന്ധം.

ഇതൊക്കെ ഇത്‌ വരെ എന്തേ ശ്രദ്ധയില്‍ പെടാഞ്ഞൂ എന്ന് ഞാനത്ഭുതപ്പെട്ടൂ.
"ഞാനും വരട്ടെ, അച്ഛാ?"
ഞാനച്ഛന്റെ കൈയില്‍ തൂങ്ങി‍.
നിന്നെ ക്ഷണിച്ചിട്ടുണ്ടോ? എന്നായി ചേച്ചി.
'അച്ഛനെ ക്ഷണിച്ചിട്ടില്ലേ?"
"അച്ഛനെ മാത്രം. വിളിക്കാത്ത സദ്യക്ക്‌ പോകാന്‍ നാണമില്ലേടാ": ചേച്ചി പുച്ഛിച്ചു.
"കൊതിച്ചി, ക്ഷണിക്കാത്ത ദ്വേഷ്യാ അവള്‍ക്ക്‌...വാ അച്ഛാ,"
അച്ഛന്റെ കൈയില്‍ പിടിച്ച്‌ ഞാന്‍ നടന്നു.

തെക്കിനിയിലായിരുന്നു വീത്‌ വയ്പ്പിനുള്ള സാമഗ്രികള്‍ ഒതുക്കിയിരുന്നത്‌. കൃഷ്ണന്‍ കണിയാനും അന്തോണി മാപ്ലയും വെല്ലിശനും അപ്പോള്‍ തന്നെ നല്ല 'ഫോമി'ലായിരുന്നു.

ഗോവിന്ദന്‍ വെളിച്ചപ്പാട്‌ കിടപ്പിലായതിനു ശേഷം 'വീത്‌ വയ്പ്‌' അച്ഛന്റെ ചുമതലയായി മാറിയിരുന്നു. കോഴിക്കറിയും അന്തിക്കള്ളും ചാരായക്കുപ്പിയുമായി അച്ഛന്‍ തെക്കിനിയിലേക്ക്‌ കയറി.
വാതിലടഞ്ഞു.

ജനലിലൂടെ എത്തി നോക്കാന്‍ ശ്രമിച്ച എന്നെ ക്രോസ്‌ പാക്കരന്‍ പിടിച്ച്‌ മാറ്റി.
'നോക്കിയാല്‍ ആത്മാക്കള്‍ വീത്‌ കൈപ്പറ്റാതെ തിരിച്ച്‌ പോകും': പാക്കരന്‍ തന്റെ വിജ്ഞാനം പങ്ക്‌ വച്ചു.

മിനിറ്റുകള്‍ക്ക്‌ ശേഷം വാതില്‍ തുറന്ന് അച്ഛന്‍ പ്രസാദവിതരണം നടത്തി.
ചാരായക്കുപ്പി വെല്ലിശന്‍ കരസ്ഥമാക്കി.
കള്ള്‌ കുപ്പി റാഞ്ചിയെടുത്ത്‌ കൊച്ചമ്മായി അടുക്കളയിലേക്കോടി.

ആദ്യ പന്തിക്ക്‌ ഇലയിട്ടപ്പോള്‍ ഞാനച്ഛന്റെയരികെ തന്നെയിരുന്നു‍.
കോഴിക്കറിയും പത്തിരിയും വിളമ്പിത്തുടങ്ങി.

പെട്ടെന്ന് പിന്നില്‍ നിന്നാരോ എന്നെ പൊക്കിയെടുത്തു.
'കൊച്ചളിയന്‍ ഇപ്പഴാ വന്നേ....നീ അടുത്ത പന്തിക്കിരുന്നാ മതി"
പാപ്പന്റെ സ്വരം:
'എനിക്കച്ഛന്റെ കൂടെയിരിക്കണം': ഞാന്‍ കുതറി മാറാന്‍ ശ്രമിച്ചു‍.
“ആരാടാ നിന്നെ ക്ഷണിച്ചേ? ആദ്യ പന്തിക്ക്‌ തന്നെയിരിക്കണം പോലും.": ശബ്ദമമര്‍ത്തി പാപ്പനെന്റെ ചെവിയിലമറി. ബലിഷ്ടബാഹുക്കളുടെ സമ്മര്‍ദ്ദത്തില്‍ തോളെല്ലുകള്‍ ഞെരുങ്ങി.

ശപ്തനിമിഷത്തിന്റെ ചോരപൊടിച്ചിലില്‍ വിങ്ങി, കണ്ണീരണിഞ്ഞ്, കയ്യാലയിലഭയം തേടി എന്റെ ശരീരം. അച്ഛന്റെ നോവൂറുന്ന കണ്ണുകള്‍ തഴുകുന്നതായിക്കൂടി അറിഞ്ഞപ്പോല്‍ വേദന പാരമ്യത്തിലെത്തി.

നടപ്പുരയില്‍ വിളമ്പുകാരുടെ ബഹളങ്ങളും വെല്ലിശന്റെ ഇഴഞ്ഞ സ്വരത്തിലൂള്ള നിര്‍ദ്ദേശങ്ങളും കറികളുടെ ഉന്മാദഗന്ധങ്ങളും മനസ്സില്‍ നിന്നും വിട്ടകന്നപ്പോള്‍ ചേച്ചിയുടെ പരിഹാസം തുളുമ്പുന്ന സ്വരം കാതുകളില്‍ അലയടിച്ചൂ: "വിളിക്കാത്ത സദ്യക്ക്‌ ......"

പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ വീട്ടിലേക്കോടി.

കാരണം തിരക്കാന്‍ വന്ന ചേച്ചിമാരെ ഒരുകൈ കൊണ്ട്‌ വിലക്കി, മറുകൈകൊണ്ടെന്നെ അമ്മ കെട്ടിപ്പിടിച്ചൂ,
‘വാ മോനെ..ഞങ്ങ കഞ്ഞി വിളമ്പാന്‍ പൂവ്വായിരുന്നൂ..."

കഞ്ഞികുടി കഴിഞ്ഞഴേക്കും തിരിച്ചെത്തിയ അച്ഛന്‍ ആര്‍ക്കും മുഖം കൊടുക്കാതെ എന്റെ കൈ പിടിച്ച്‌ മുറ്റത്തെ ഇരുളിലേക്കിറങ്ങി.

പടിക്കല്‍ ‍‍, കാനക്ക്‌ മുകളില്‍ വാര്‍ത്തിട്ട സ്ലാബിന്മേലിരുന്ന് അച്ചനെന്നെ മടിയിലിരുത്തി‍.
"നാളെ വിഷു. മറ്റന്നാള്‍ ഞായറാഴ്ച. നമുക്കാ പൂവന്‍ കോഴിയെ കൊന്ന് കറി വച്ചാലോ‍?'
അച്ഛന്റെ വാക്കുകളില്‍ ‍‍അനുതാപത്തിന്റെ നനവും കുറ്റബോധത്തിന്റെ നീറ്റലും കലര്‍ന്നിരുന്നു.
'വേണ്ടച്ഛാ, പാവമല്ലേ നമ്മടെ പൂവന്‍ ‍?”
ഞാന്‍ അച്ഛന്റെ കഴുത്തിലൂടെ കൈകള്‍ ചുറ്റി കെട്ടിപ്പിടിച്ചൂ.

അപമാനത്തിന്റേയും അവഹേളനത്തിന്റേയും ചെന്ന്യായ ദ്രവം വായില്‍ തികട്ടിത്തികട്ടി വന്നുകൊണ്ടിരുന്നതിനാല്‍ ‍,രാവേറെ ചെന്നിട്ടും ഉറക്കം അമാന്തിച്ച് നിന്നു,

അയല്‍പക്കങ്ങളില്‍ നിന്ന് വിഷുവാഘോഷത്തിന്റെ ആരവങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരുന്നൂ. മാലപ്പടക്കങ്ങള്‍ക്കിടയില്‍ പൊട്ടുന്ന ഗുണ്ടിന്റെ മുഴക്കങ്ങള്‍ നെഞ്ചിനുള്ളില്‍ ഞെട്ടലുകളായി പിടഞ്ഞൂ. കമ്പിത്തിരിയുടെയും മത്താപ്പിന്റേയും ശീല്‍ക്കാരങ്ങള്‍ നിലയ്ക്കാത്ത അലയടികള്‍ പോലെ കാതുകളില്‍ മുഴങ്ങി.

എപ്പോഴോ കേട്ടു അമ്മയുടെ മന്ത്രിക്കും പോലുള്ള സ്വരം :" നിങ്ങളൂണ് കഴിച്ചില്ല, അല്ലേ?"
അച്ഛന്റെ കടിച്ച്‌ പിടിച്ചുള്ള മറുപടി: "തൊണ്ടേന്നിറങ്ങണ്ടേടീ? ഇല മടക്കി എണീറ്റ് പോന്നു.”
"കഞ്ഞിയുണ്ട്‌, എടുക്കട്ടേ?": വീണ്ടും അമ്മ.
"വേണ്ട..മക്കളറിയും. മൊന്തയില്‍ കഞ്ഞിവെള്ളം കാണുമല്ലോ?."

------------------------------------------------
*വിഷുക്കട്ട:

പിഴിഞ്ഞെടുത്ത നാളികേരത്തിന്റെ രണ്ടാം പാലില്‍ കുത്തരിയും ഉപ്പും ചേര്‍ത്ത്‌ വേവിക്കുന്നു. ‌ വറ്റുമ്പോള്‍ ‍, ജീരകവും ചുക്കുപൊടിയും ചേര്‍ത്ത ഒന്നാം പാല്‍ ചേര്‍ക്കുക. കുഴമ്പ്‌ പരുവത്തില്‍ വാഴയിലയില്‍ പരത്തി തണുക്കുമ്പോള്‍ കഷണങ്ങളായി മുറിച്ചെടുക്കുന്നു. (ചിരകിയ തേങ്ങയും
ചേര്‍ക്കാം.)

ശര്‍ക്കരനീര്‍ , മാങ്ങാക്കറി, പുളിയിഞ്ചി എന്നിവ കൂട്ടി തിന്നാം.





Saturday, January 31, 2009

അമ്മായിഗുണ്ട് (ഇന്നലെയുടെ ജാലകങ്ങള്‍ -8)



അമ്മായിഗുണ്ട്


മൂക്കിന്‍ തുമ്പില്‍ ശുണ്ഠിക്കാരനും കയ്യാങ്കളിക്കാശാനുമായ കുഞ്ഞമ്മാന്‍ ‍.
കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രിയെപ്പോലെ കൊച്ചമ്മായി.
ഈ ഫാസിസ്റ്റ് സഖ്യത്തിന്നെതിരെ നിരന്തര യുദ്ധം നടത്തിക്കൊണ്ടിരുന്ന മകന്‍ ഭുവന ചന്ദ്രനെ ഒരു ‘യൂദ‘നെപ്പോലെ അവര്‍ വെറുത്തതില്‍ അത്ഭുതമുണ്ടോ?

സ്കൂളുകള്‍ പെറ്റിബൂര്‍ഷ്വാകളുടെ 'ഹാച്ചിംഗ്‌ സെന്ററുകള്‍' ആണെന്നും ആചാര്യന്‍ ചെഗുവേരയും തിരുത്തല്‍ വാദി മാവോയുമാണ് അന്തിമമായി നന്മയുടെ നൂറു പുഷ്പങ്ങള്‍ വിരിയിക്കുകയെന്നും വിശ്വസിച്ച ഭുവനേട്ടന് ‘മെക്കാളെ‘ വിദ്യാഭ്യാസ വ്യവസ്ഥിതികളോട് പരമ പുച്ഛമായിരുന്നു.

ശൃംഗപുരം സെന്ററിലെ കാദറിക്കയുടെ പെട്ടിക്കടയായിരുന്നു ഭുവനേട്ടന്റെ പാഠശാല‍, ലോഡിംഗ്  തൊഴിലാളി തലവന്‍ ദാമോദരേട്ടന്‍ :ഏഡ് മാഷും.’.

ഒറ്റിക്കൊടുപ്പുകാരെ ഭുവനേട്ടന്‍ വെറുതെ വിടാറില്ല. എന്നിട്ടും കാര്യേഴുത്ത്‌ തറവാടിന്റെ മുറ്റത്ത് ഇടക്കിടെ നാട്ടുകൂട്ടവും. വിചാരണയുമുണ്ടാവും.  തെളിവെടുപ്പ്‌, സാക്ഷിമൊഴി എന്നീ പ്രഹസനങ്ങള്‍ പതിവില്ല; ശിക്ഷ നടപ്പാക്കാന്‍ കാലതാമസവും.

സംഭവം ആദ്യം അറിയുന്നത് ഞങ്ങളായിരിക്കും. കാരണം പിറ്റേന്ന് പ്രഭാതത്തില്‍ ഞങ്ങളുടെ കണി, സ്കൂള്‍ യൂണിഫോമില്‍ തിണ്ണയില്‍ ചുരുണ്ട്‌ കിടന്നുറങ്ങുന്ന ഭുവനേട്ടനായിരിക്കും. ഭുവനേട്ടന്റെ അപ്രതീക്ഷിത സാന്നിധ്യങ്ങള്‍ പകരുന്ന ലഹരി  അമ്മായിയുടെ ‘വീക്കെന്‍ഡ്’ സന്ദര്‍ശനം വരെ നീളും.

തറവാട്ട്‌ പറമ്പില്‍ പന്തലിച്ച്‌ കിടക്കുന്ന കൊടമ്പുളി മരത്തിന്റെ ചുവട്ടിലാണ് കുട്ടിക്കുരങ്ങന്മാരുടെ 'ദാവൂസ്‌ ഉച്ചകോടി'.  വല്യേച്ചി, കൊച്ചേച്ചി, വെല്ലിശന്റെ മക്കള്‍ വിശാലേച്ചി, പദ്മിനിയേച്ചി, കൊച്ചേട്ടന്‍ ‍.....കോറം തികയ്ക്കാന്‍‍ വല്യമ്മായിയുടെ പുത്രന്‍ നരേന്ദ്രനേയും വിളിക്കും. ഇളയച്ചന്മാര്‍ രണ്ടും 'ഔട്ട്‌ ഓഫ്‌ സ്റ്റേഷന്‍ ‍' ആയതിനാല്‍ ഇളയമ്മമാരുടെ 'ബോഡിഗാര്‍ഡായി' ചാര്‍ജെടുത്തിരിക്കയാണ് നരേട്ടന്‍ .

കൊച്ചേട്ടന്റേയും ഭുവനേട്ടന്റേയും  വാള്‍പ്പയറ്റ്, വിശാലേച്ചിയുടെ മോണോ ആക്റ്റ്, പിന്നെ തുടങ്ങും  ‘അക്ഷര ശ്ലോകം‘‌.
ആണുങ്ങള്‍ ഒരു ടീം : ഭുവനേട്ടന്‍ ‍, കൊച്ചേട്ടന്‍ ‍, ഞാന്‍ ‍.
'നരനോ?": വല്യേച്ചി ചോദിക്കും.
"അതിനവന്‍ ആണല്ലല്ലോ?": ഭുവനേട്ടന്‍ ഞങ്ങളെ നോക്കി കണ്ണിറുക്കും: "അമ്മായി ഗുണ്ട്‌‘ പെണ്ണുങ്ങള്‍ടെ ടീമില്‍ "
പൊക്കം കുറഞ്ഞ്‌, വെളുത്ത്‌, സ്ത്രൈണത മുറ്റിയ ശരീരവും വിടര്‍ന്ന കണ്ണുകളുമുള്ള , ഗുണ്ട് പോലിരിക്കുന്ന അമ്മായിപുത്രന്  കൊച്ചേട്ടനിട്ട പേരാണ്: 'അമ്മായി ഗുണ്ട്‌" എന്ന്. നേരിയ വിക്കുണ്ട്‌. അത് കൊണ്ട് ശങ്കിച്ച് ശങ്കിച്ചാണ് സംസാരം.
"ഊണിനു നായര്‍ മുന്‍പില്‍, പടക്ക്‌ നായര്‍ പിന്നില്‍ ‍": കൊച്ചേട്ടന്‍ കളിയാക്കും.

ഭുവനേട്ടന്‍ എന്തെല്ലാമായിരുന്നു, അതൊന്നുമായിരുന്നില്ല നരേട്ടന്‍ ‍.

ഹിന്ദി ഗാനങ്ങളാണു ഭുവനേട്ടന്റെ സ്പെഷ്യാലിറ്റി.
"ഓ ഹോ ഹോ ഹോ....
ഖോയാ ഖോയാ ചാന്ദ്‌, ഖുലാ ആസ്മാന്‍ ‍,
ആങ്ഖോം മേം സാരീ രാത്‌ ജായേഗീ.....‘
ഇടത്‌ കൈ ചെവിയില്‍ വച്ച്‌, വലത്‌ കൈ ആകാശത്തേക്കുയര്‍ത്തി ഭുവനേട്ടന്‍ നീട്ടിപ്പാടും.

വല്യേച്ചിയുടെ മറുപടി:
"തലക്ക്‌ മീതെ ശൂന്യാകാശം,
താഴെ മരുഭൂമീ..“

"സുന്‍ സുന്‍ സുന്‍,
അരേ പ്യാരേ സുന്‍..."
ഭുവനേട്ടന്‍ തുടരും.

ചേച്ചിക്കും ചില സ്ഥിരം നമ്പരുകളുണ്ട്‌.
"കടലാസ്‌ വഞ്ചിയേറി,
കടലും കടന്ന് കേറി..."

മത്സരം വല്യേച്ചിയും ഭുവനേട്ടനും കൂടി ഹൈജാക്ക്‌ ചെയ്യുമ്പോള്‍ കുശുമ്പ്‌ കേറുന്ന കൊച്ചേട്ടന്‍ എംജീയാറായി മാറും:
"നാന്‍ ആണയിട്ടാല്‍
‍അത്‌ നടന്ത്‌ വിട്ടാല്‍....'

കാര്യേഴുത്ത്‌ കിഴക്കേതില്‍ താമസത്തിനെത്തിയ ബറോഡ റിട്ടേണ്‍ പങ്കജാക്ഷന്‍ നായരുടെ ഗ്രാമഫോണിന്റെ ഊര്‍ജ്ജം  ഗാനങ്ങളായി ഭുവനേട്ടന്റെ സ്വരത്തില്‍ ഒഴുകിപ്പരക്കുമ്പോള്‍  ‍, ആ‍കാശവാണിയിലെ ഗാനങ്ങള്‍ മാത്രം കേട്ട് തഴക്കമുള്ള ചേച്ചിമാര്‍ പ്രാണവായുവിനായി പിടയും.

"സൈഗളിനെ അറിയോ? ഷംസാദ്‌ ബീഗം, മുകേഷ്‌...റാഫി...?
-ഭുവനേട്ടന്‍ തന്റെ അറിവുകള്‍ വിളമ്പും.

"സോജാ രാജകുമാരി കേട്ടിട്ടുണ്ടോ?
മേരാ പിയാ ഗയാ റംഗൂണ്‍ ‍.....,
ഓ ദുനിയാ കെ രഖ്‌വാലേ..."

"ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ബലരാമന്റെ കൂടെ കൂടാതെ....."
ഭുവനേട്ടന്റെ ഭാഷണത്തിനന്ത്യമില്ലാതാകുമ്പോള്‍ വിശാലേച്ചി ഇടപെടും.
"അയ്യേ..അത്‌ പദ്യമല്ലേ?‘: കൊച്ചേട്ടന്‍ കളിയാക്കും.

"നീയെന്‍ ചന്ദ്രനേ,
ഞാന്‍ നിന്‍ ചന്ദ്രികാ......
ഓ..ഓ....."
ചേച്ചി കച്ചേരി തുടരാന്‍ ശ്രമിക്കും.

"തു മേരീ ചാന്ദ്‌,
മേം തേരീ ചാന്ദ്‌നീ...‘
ചേച്ചിയെ പാടാനനുവദിക്കാതെ അതേ ഈണത്തില്‍ ഗാനം പൂര്‍ത്തിയാക്കി ചേട്ടന്മാര്‍ കൂകിയാര്‍ക്കും.
"തോറ്റേ....പെണ്‍പട തോറ്റ്‌ തൊപ്പിയിട്ടേ..."

അപ്പോഴായിരിക്കും വിളിച്ചിട്ടും കേള്‍ക്കാത്ത ഞങ്ങളെത്തേടിയുള്ള അമ്മയുടെ വരവ്‌: "ചെവി കേക്‌ക്‍ണില്യേ ഒന്നിനും? എത്ര നേരായി വിളിക്‌ക്‍ണൂ...?"

കുഞ്ഞാങ്ങളയുടെ മോനോടുള്ള 'സോഫ്റ്റ്‌ കോര്‍ണര്‍ ' മൂലമാകണം ശകാരം നീട്ടാതെ, അമ്മ ചേച്ചിയുടെ നേരെ തിരിയും:  "ചെല്ല്..ചെന്ന് വെളക്ക്‌ വയ്ക്ക്‌..എല്ലാരും കൈയും മുഖോം കഴുകി നാമം ജപിക്ക്"

കാലത്ത്‌ ഞങ്ങളോടൊപ്പം ഭുവനേട്ടനും വരും സ്കൂളിലേക്ക്‌.
ചേട്ടന്മാരുടെ കളിയാക്കലും തോണ്ടലും സഹിക്ക വയ്യാതെ പുസ്തകക്കെട്ടും ചോറ്റ്‌ പാത്രവും തൂക്കി നരേട്ടന്‍ ഓടും‍.
"അമ്മായിഗുണ്ട്‌ ഉരുണ്ട് വരണേയ്‌...ജീവന്‍ വേണേ മാറിക്കോ.."
എന്നാര്‍ത്തുകോണ്ട്‌ ചേട്ടന്മാര്‍ പിന്നാലെ.

നാലടി പൊക്കവും സ്ഥൂലിച്ച ശരീരവുമുള്ള വല്യമ്മായിക്ക്‌, ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണു രണ്ടാം കെട്ടുകാരന്‍ വല്യമ്മാനെ കിട്ടിയത്.‌ കുടുംബം, സ്വത്ത്‌, പ്രായം, രണ്ടാം കെട്ട്‌....ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി മുതലെടുത്ത് പാവം അമ്മാവനെ അമ്മായി  തന്റെ
സാമന്തനാക്കി.

മൂത്ത മോന്‍ നാലാം ക്ലാസ്‌ പാസ്സായപ്പോള്‍ അവനേയും കൊണ്ട്‌ അമ്മായി തറവാട്ടിലെത്തി.
"അവടട്‌ത്ത്‌ ഹൈസ്കൂളില്ല. പിന്നെ ഇവടെ കാര്യങ്ങള്‍ നോക്കാന്‍ ഒരാള് വേണ്ടേ?"
ആര്‍ക്കും ശല്യമാകാതെ തെക്കിനിയില്‍ ഒതുങ്ങിക്കൂടി നരേട്ടന്‍ ‍. ശമ്പളമില്ലാതെ ഒരു വേലക്കാരനെ കിട്ടിയതില്‍ ഇളയമ്മമാര്‍ക്കും സന്തോഷം.

പത്ത്‌ പാസ്സായപ്പോള്‍ ബോംബെയിലുള്ള അനിയന്റെ അടുത്തയക്കാനായിരുന്നു അമ്മായിയുടെ പ്ലാന്‍ ‍. 'കൊട്ടും പാട്ടും' പഠിച്ചാല്‍ എളുപ്പം ജോലി കിട്ടും എന്ന അനിയന്റെ അഭിപ്രായത്തെ മാനിച്ച്‌ നരേട്ടന്‍ ഇരിഞ്ഞാലക്കുട മിനര്‍വ ഇന്‍സ്റ്റിട്യൂട്ടില്‍ ഷോര്‍ട്ട്‌ ഹാന്‍ഡും ടൈപ്‌ റൈറ്റിംഗും പഠിക്കാന്‍ ചേര്‍ന്നു.

ജോലി കിട്ടി വര്‍ഷങ്ങള്‍ക്ക് ശേഷവും നാടോ വീടോ സന്ദര്‍ശിക്കാതെ,  ഈവനിംഗ്‌ ക്ലാസുകളില്‍ പോയി പഠിച്ച്  ഡിഗ്രി എടുത്ത്, നരേട്ടന്‍ ബോംബേ എ ജിസ് ഓഫീസില്‍ ഉദ്യോഗസ്ഥനായി.

കാരുമാത്ര, വല്യമ്മായിയുടെ വീട്ടിനടുത്ത്‌ തന്നെയാണു കൊച്ചമ്മായിയുടേയും വീട്‌. പക്ഷെ അവര്‍ക്കിടയിലെന്നും തകര്‍ക്കപ്പെടാനാവാത്ത  ഒരു 'ബെര്‍ലിന്‍ വാള്‍ ‍' നില കൊണ്ടിരുന്നു. കാണുമ്പോഴെക്കും ഓടി വരും, കൊച്ചമ്മായി. കെട്ടിപ്പിടിക്കും, നാട്ടിലേയും വീട്ടിലേയും വിശേഷങ്ങള്‍ തിരക്കും, പിന്നെ പാല്‍ക്കാപ്പിയും പൂവടയും തന്ന് സത്കരിക്കും.

കൂടെ വന്ന് വല്യമ്മായിയുടെ വീട്‌ ദൂരെ നിന്ന് കാട്ടിത്തന്ന് കൊച്ചമ്മായി തിരിച്ച് പോകും. പുല്ലാനിക്കാടുകളും തൊട്ടാവാടിക്കൂട്ടങ്ങളും കല്ലുവെട്ട്‌ മടയുമൊക്കെ നിറഞ്ഞ കുന്നിന്‍പുറത്ത്‌ കൂടെയുള്ള ആ നാട്ടുവഴി ഇന്നും എനിക്കപരിചിതമാണ്.

കോലായിലെ ചാരുകസാലയില്‍ കണ്ണുകളടച്ച്‌ കിടപ്പുണ്ടാകും, പഞ്ഞി പോലെ നരച്ച മുടിയും നീണ്ട താടിരോമങ്ങളുമുള്ള വല്യമ്മാവന്‍.
പാളവിശറി, വെറ്റിലച്ചെല്ലം, വെള്ളം നിറച്ച കിണ്ടി എന്നിവ കാണും കൈയെത്തും ദൂരത്ത്‌.
"ആരാ?"
വെയിലില്‍ നിന്നും ചാവടിയിലേക്ക്‌ കയറുന്ന രൂപവുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ ആ കണ്ണുകളൊന്ന് തിളങ്ങും.
"വേലായീടെ മോനല്ലേ?"
ഞാന്‍ തലയാട്ടും.
വല്യമ്മായിയുടെ ഭാരിച്ച ശരീരമപ്പോള്‍ വാതില്‍ക്കലനങ്ങും.
"എന്താടാ വിശേഷം‌?"
കോമളഭാവങ്ങള്‍ വിരുന്ന് വരാത്ത മുഖത്ത്‌, പരിചിതത്വത്തിന്റെ ഒരു നിഴലാട്ടമെങ്കിലും പ്രതീക്ഷിച്ചുകൊണ്ട്‌, ഞാന്‍ വന്ന കാര്യം അവതരിപ്പിക്കും.
"നീ കാലത്തേ അവള്‍ടട്‌ത്ത് എത്തി‌, അല്ലേ?"
ഞളുങ്ങിയ ഒരു ചിരിയുമായി ഞാന്‍ നിന്ന് പരുങ്ങും‍.
'പാലില്ല, കട്ടനെടുക്കട്ടേ?"
"വേണ്ടാ, വേഗം പോണം‍."
"എന്നാ ശരി."
അവര്‍ തിരിഞ്ഞ്‌ നടക്കും‍.
യാത്ര പറയാന്‍ നോക്കുമ്പോള്‍ അമ്മാവന്റെ കസാല ശൂന്യമായിരിക്കും.പെണ്മക്കളാരെങ്കിലും അടുക്കളയില്‍ നിന്നെത്തി നോക്കി പിശുക്കി ഒരു പുഞ്ചിരി സമ്മാനിച്ചാലായി. തനയന്മാര്‍ പശുപാലകരായി പാടത്തോ പറമ്പിലോ കറങ്ങുന്നുണ്ടാവും.

ഉദ്യോഗം തേടി ബോംബെയിലെത്തിയപ്പോള്‍ പരിചയക്കാരെയൊക്കെ ഒരു വട്ടമെങ്കിലും കാണാന്‍ ശ്രമിച്ചിരുന്നൂ, ഞാന്‍ ‍. പക്ഷേ എന്റെ മനസ്സിന്റെ ഡയറക്റ്ററിയില്‍ എവിടേയും നരേട്ടന്റെ പേര്‍ ലിസ്റ്റ്‌ ചെയ്യപ്പെട്ടിരുന്നില്ലല്ലോ!

നരേട്ടന്‍ നാട്ടില്‍ പോയെന്നും വിവാഹിതനായെന്നുമുള്ള വാര്‍ത്തകള്‍ ‍,ചേച്ചിയുടെ കത്തുകളിലെ പഴുതാര പോലുള്ള വരികളില്‍ വികാരരഹിതമായി മരവിച്ച് കിടന്നു. ദുബായിലെത്തിയപ്പോള്‍ കത്തുകളുടെ എണ്ണം കുറഞ്ഞു, നാട്ട് വിശേഷങ്ങളും.

അക്കാലത്ത്‌ ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള യാത്രകള്‍ വൃതാനുഷ്ടാനങ്ങളോടെ നടത്തുന്ന ശബരിമല തീര്‍ത്ഥാടനം പോലെ ദുഷ്കരവും പരിപാവനവുമായിരുന്നു..
വ്രതശുദ്ധി ബോധ്യപ്പെടുത്തി, 'അര്‍ബാബെന്ന പെരിയസ്വാമിയുടെ അനുഗ്രഹം ലീവാക്കി മാറ്റണം ആദ്യം.
തലേന്ന് കൂട്ടുകാരുടെ വക ഗംഭീരമായ 'കെട്ടുമുറുക്കല്‍ ‍' ചടങ്ങ്,  'വിളക്കും പാട്ടും" അടക്കം.
വ്രതമെടുക്കാത്ത അയ്യപ്പന്മാരുടെ 'നേര്‍ച്ചകള്‍ ‍'കൊണ്ട്‌ സമ്പന്നമായിരിക്കും 'ഇരുമുടിക്കെട്ട്‌".
എക്സെസ്‌ ബാഗേജെന്ന പമ്പയില്‍ മുങ്ങി, എയര്‍ ഇന്ത്യയുടെ കരിമല കയറി, കസ്റ്റംസ്  മാളികപ്പുറത്തമ്മയുടെ മുന്നില്‍ തേങ്ങ“യടിക്കുമ്പോഴേക്കും മനസ്സ് പല പല 'ദിവ്യ ദര്‍ശനങ്ങള്‍ ‍' നടത്തിയിരിക്കും.

'ഓള്‍ഡ്‌ ഗഡീസിനെ' സത്ക്കരിക്കണം, ബോംബേ തൊഴില്‍ ദാതാവ് പാലക്കാട് ദൊരൈസ്വാമി അയ്യരുടെ സുഖമില്ലാതെ കിടക്കുന്ന അമ്മ്യാരെ സന്ദര്‍ശിക്കണം എന്നീ ലക്ഷ്യങ്ങളോടെയാണു രണ്ട്‌ ദിവസത്തെ 'ബോംബെ ബ്രേക്‌' പ്ലാന്‍ ചെയ്തത്‌.

ഹോട്ടലില്‍ നിന്നും മലബാര്‍ ഹില്ലിലെ പഴയ താവളത്തിലെത്തിയപ്പോള്‍  കാത്തിരിക്കുന്നു, ഒരു വിശിഷ്ടാതിഥി: നരേട്ടന്‍ ‍.
"നീ വരുന്നെന്ന് ഞാനാ പറഞ്ഞേ": പഴയ സഹമുറിയന്‍ രാജേട്ടന്‍ അറിയിച്ചു.
"ഹലൊ"
ഒരു തണുത്ത ഷേയ്ക് ഹാന്‍ഡ്!
അല്‍പം കൂടി തടിച്ചിട്ടുണ്ട്‌. വെളുത്ത മുഖത്തെ കരയന്‍ മീശ ആകര്‍ഷകമായി തോന്നി. ഔപചാരികത കലര്‍ന്ന, നിസ്സംഗമായ ചിരി.

പിന്നെ നിശ്ശബ്ദത.
പരസ്പരം നേരിടാതെ‌, മൂന്ന് ജോഡി കണ്ണുകള്‍ ‘ഗാരേജ്’ മുറിയിലങ്ങോളമിങ്ങോളം ഉഴറി.
ഘനീഭവിച്ച അന്തരീക്ഷത്തെ ഒരു ചുടുനിശ്വാസത്താലലോസരപ്പെടുത്തി, നരേട്ടന്റെ ലോല സ്വരം:"നീ എഴുത്തൊക്കെ നിര്‍ത്തിയോ? പണ്ട്‌  ബോംബെ നാദത്തില്‍ എഴുതിയതൊക്കെ വായിച്ചിട്ടുണ്ട്‌."
ഞാന്‍ ഹൃദയപൂര്‍വം ഒരു ചിരി സമ്മാനിച്ചു.

ബാബുല്‍നാഥ്‌ കവലയില്‍ ‍, റോഡിലേക്ക്‌ വൃത്താകൃതിയിലിറങ്ങി നില്‍ക്കുന്ന റെസ്റ്റാറന്റില്‍ ‍, രാജേട്ടന്‍ മൂന്ന് ബോംബെ ബീറുകള്‍ക്ക്‌ ഓര്‍ഡര്‍ നല്‍കി‍.
"ഞാന്‍ കഴിക്കാറില്യാ": നരേട്ടന്‍ വിമ്മിഷ്ടത്തോടെ തല ഒരു വശത്തേക്ക്‌ ചരിച്ചു.
"സാരല്യടാ.." രാജേട്ടന്‍ പറഞ്ഞു: " നീലക്കുറിഞ്ഞി പൂക്കും പോലെ ഒരപൂര്‍വ സംഭവമല്ലേ നിങ്ങടെ ഒത്തുചേരല്‍?"
"അതല്ല രാജാ, അവള്‍ തനിച്ചാ റൂമില്‍ ; മാത്രല്ലാ...", ഒരു കള്ളച്ചിരി മുഖത്ത്‌ പടര്‍ത്തി, നരേട്ടന്‍ പൂരിപ്പിച്ചു:" പറയാന്‍ മറന്നു, അവള്‍ പ്രെഗ്നന്റാ...."
"കള്ള ഗുണ്ടപ്പാ, അപ്പോ ഒപ്പിച്ചു, അല്ലേ?" രാജേട്ടന്‍ ചാടിയെണീട്ട്‌ നരേട്ടനെ കെട്ടിപ്പിടിച്ചു. "കണ്‍ഗ്രാജുലേഷന്‍സ്‌"
എന്നിട്ട്‌ കൗണ്ടറിലിരുന്ന പാര്‍സി ബാബയോട്‌ വിളിച്ച്‌ പറഞ്ഞൂ:" ഭയ്യാ, തീന്‍ ബൈദാ ആമ്ലേറ്റ്‌ ഭീ,..... ഡബിള്‍ ‍"
"അഭിനന്ദനങ്ങള്‍ ‍":വീണ്ടുമൊരു ഷേക് ഹാന്‍ഡ്‍.
കളവ്‌ മുതലോടെ പിടിക്കപ്പെട്ട കുട്ടിയുടെ പരുങ്ങലോടെ നരേട്ടന്‍ മൊഴിഞ്ഞൂ:"താങ്ക്സ്‌"

പിന്നെ ചൗപ്പാട്ടിയില്‍ ചാഞ്ഞു കിടക്കുന്ന മരങ്ങങ്ങളുടെ നിഴലിലേക്ക്‌..

ബീറിന്റെ ലാഘവത്വം തലയില്‍ മാത്രമല്ല അന്തരീക്ഷത്തിലും പടര്‍ന്നതായി തോന്നി.
കടലിന്റെ മണമുള്ള തണുത്ത കാറ്റ്‌ കുളിര് വിതച്ച്, കുസൃതിയോടെ ഞങ്ങല്‍ക്ക് ചുറ്റും ഓടിക്കളിച്ചു.

നരിമാന്‍ പോയിന്റിലെ കൂറ്റന്‍ സൗധങ്ങളില്‍ അന്തി വിളക്ക്‌ തെളിഞ്ഞ്‌ തുടങ്ങി. മറുവശത്ത്‌ മലബാര്‍ ഹില്ലിന്റെ പാര്‍ശ്വത്തില്‍ "സെഞ്ച്വറി' പരസ്യത്തിലെ ഹെര്‍ക്കുലീസ്‌, ഭൂഗോളം ചുമലുകളിലുയര്‍ത്തി നിന്ന് കിതച്ചു.
"എന്റെ അനിയനല്ലേടാ നീ? എന്നിട്ടെന്താ ഒരന്യനേപ്പോലെ..?"
അരികിലേക്ക്‌ നീങ്ങിയിരുന്ന് തോളില്‍ കൈയിട്ടൂ, നരേട്ടന്‍ ‍.
"അടുത്തിരുന്നിട്ടെന്താ കാര്യം, അല്ലേ? ഞങ്ങള്‍ക്കിടയില്‍ ഒരു ജനറേഷന്‍ ഗാപ്‌ തന്നെയുണ്ട്, രാജാ. കുഞ്ഞായിരുന്നപ്പോള്‍ എത്ര എടുത്ത്‌ നടന്നിട്ടുണ്ട്, ഞാനിവനെ. എന്നിട്ടും ഒരിക്കല്‍ പോലും നരേട്ടാ എന്ന് വിളിച്ചിട്ടുണ്ടോ? ഇല്ലാ, വിളിച്ചിരുന്നത് അമ്മായി ഗുണ്ട്‌ എന്നല്ലേ?"
പൊള്ളയായ ഒരു ചിരിയോടെ, നരേട്ടന്‍ ഇരു കൈകളും മണലിലൂന്നി പിന്നിലേക്ക്‌ ചാഞ്ഞിരുന്നു‍.
ആകാശത്തിന്റെ വടക്ക് കിഴക്കേ കോണില്‍ ഇനിയും ഉദിച്ചുയരാത്ത ഏതോ നക്ഷത്രത്തെ തേടുകയായിരുന്നു, ആ  കണ്ണുകള്‍ ‍.

വീണ്ടും:
"ദാദ്രിദ്ര്യകുക്ഷികളാ ഞങ്ങള്‍ .അമ്മവീട്ടിലെ എച്ചില്‍ തിന്നു വളര്‍ന്ന പിച്ചക്കാര്‍ ‍! തറവാട്ടീന്ന് നെല്ല് വന്നില്ലെങ്കി അടുപ്പ്‌ പുകയില്ല.കൊച്ചമ്മാന്റെ മണിയോര്‍ഡര്‍ വൈകിയാ ഫീസും യൂണിഫോറവും മുടങ്ങും. ഓണവും വിഷുവുമൊക്കെ ഉണ്ടെന്ന് ഞാനറിഞ്ഞത്‌ തറവാട്ടില്‍ വന്നതിന് ശേഷമാണ്“
നനുത്ത ആ സ്വരം മുറിഞ്ഞു.
"പോട്ടെ നരേട്ടാ, അതൊക്കെ കഴിഞ്ഞ കാലം:" ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
"ഇല്ലെടാ, നിനക്കറിയില്ലാ... ഒന്നും! തറവാടിന്റെ തെക്കിനിയില്‍ ‍, വക്കുകള്‍ കീറിയ തഴപ്പായും മുഷിഞ്ഞ് കൂറയായ തലയിണയും കുടിച്ച എന്റെ കണ്ണീരിന്റെ അളവ്‌....ഇടിയും മഴയുമുള്ള രാത്രികളില്‍ ‍, പേടിച്ച്‌, കണ്ണുകള്‍ ഇറുക്കിയടച്ച്‌ കിടക്കുമ്പോള്‍ ‍, പാളികളില്ലാത്ത ജനലിലൂടെ, പല്ലിളിച്ചെത്തുന്ന പ്രേതാത്മക്കളുടെ അട്ടഹാസങ്ങള്‍ ‍....
അമ്മായിമാര്‍ക്ക്‌ ഞാനൊരു വേലക്കാരനായിരുന്നു.  സ്കൂളില്‍ പോകും മുന്‍പും വന്ന ശേഷവും ചെയ്യേണ്ട പണികളുടെ നീണ്ട ഒരു ലിസ്റ്റുണ്ട്.... പശു, മൂരികള്‍ ‍, തൊഴുത്ത്‌,  വെള്ളം കോരല്‍ ‍,  ഇസ്തിരിയിടല്‍ ‍, വിറക്‌ കീറല്‍ ‍, കടയില്‍ പോക്ക്‌....എന്തിന്, അമ്മായിമാര്‍ക്ക്‌ കുളിക്കാന്‍
വെള്ളം ചൂടാക്കിക്കൊടുക്കുന്നത്‌ വരെ...അല്പമൊന്നമാന്തിച്ചാ  അടി ഉറപ്പ്‌. ദാ, നോക്ക്‌; ഈ ചെവികള്‍ക്കിത്ര നീളം കൂടിയത്‌ അമ്മായിമാരുടെ കൈമിടുക്ക്‌ കൊണ്ടാണെന്ന് പറഞ്ഞാല്‍ നീ വിശ്വസിക്വോ?"
ചിരിക്കാനുള്ള ശ്രമത്തില്‍ നരേട്ടന്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു.
"ഇഷ്ടമില്ലാക്കുട്ടി തൊട്ടതൊക്കെം കുറ്റം എന്നല്ലേ? സ്നേഹത്തോടെ 'നരാ' എന്നൊരു വിളി കേള്‍ക്കാന്‍ അന്നൊക്കെ ഞാന്‍ എത്ര കൊതിച്ചിട്ടുണ്ട്‌. പിന്നെ സഹിക്കാന്‍ പരിശീലിപ്പിച്ചൂ, മനസ്സിനെ. പരിഹാസത്തിന്റേയും അപഹാസത്തിന്റേയും ഓരോ ചാട്ടുളിയും പെറുക്കിയെടുത്ത്, അടിച്ച്‌ പരത്തി, വാശിയുടേയും ദൃഢനിശ്ചയത്തിന്റേയും പാളികളാക്കി നെഞ്ചിലൊളിപ്പിച്ചു വച്ചു."

അറിഞ്ഞിട്ടും അറിയാത്ത, കണ്ടിട്ടും കാണാത്ത ആ പുതിയ നരേട്ടനെ ഞാന്‍ അത്ഭുതത്തോടെ നോക്കി.
"വല്ലപ്പോഴുമൊന്ന് വീട്ടില്‍ പോയാലോ: ഇഹലോകബന്ധങ്ങളില്‍ നിന്ന് മുക്തി നേടിയ അച്ഛന്‍ ‍, കലിയുടെ ഉടവാളുമായി അമ്മ, ഇടയില്‍ അണയാനിടമില്ലാത്ത അഭയാര്‍ത്ഥികളായി കുറെ സഹജന്മങ്ങള്‍ ‍....."
നിവര്‍ന്നിരുന്ന്, കൈകളിലും ഷര്‍ട്ടിലും പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ , കാലപുസ്തകത്തിലെ ദ്രവിച്ച  ഏടുകളെന്നോണം കുടഞ്ഞു കളഞ്ഞ് നരേട്ടന്‍ ചിരിച്ചു:
"ഇതാ ഇന്ന് ഞാന്‍ സ്വന്തം കാലില്‍ . നല്ല ജോലി, നല്ല ശമ്പളം, സ്വന്തം ഫ്ലാറ്റ്‌, സ്നേഹം പങ്ക്‌ വയ്ക്കാന്‍ ഭാര്യ. ഒരച്ഛന്‍ കൂടിയായി ജീവിതചക്രം പൂര്‍ത്തിയാക്കാനിനി മാസങ്ങള്‍ മാത്രം ": അഭിമാനത്തിന്റേയും ആത്മവിശ്വാസത്തിന്റേയും മധുരം പുരണ്ട വാക്കുകള്‍ പ്രതികാരസാഫല്യത്തിന്റെ മൂര്‍ച്ചയില്‍ ജ്വലിച്ചു..

ഇരുട്ടിന്റെ ആവരണമെടുത്തണിഞ്ഞ ചൗപ്പാട്ടി ബീച്ച്, തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ നോക്കി  കണ്ണിറുക്കി,  കാമാട്ടിപുരയിലെ വേശ്യയെപ്പോലെ വശ്യമായി ചിരിച്ചു.  അങ്ങിങ്ങ്‌ മാത്രം മിന്നുന്ന വൈദ്യുത വിളക്കുകള്‍ ഇരുട്ടിനെ പ്രതിരോധിക്കാനാവാതെ ലജ്ജിച്ച് തലതാഴ്ത്തി. ചന, ഐസ്‌ ക്രീം ബലൂണ്‍ വാലകളും ‘തേല്‍ മാലീഷ്‌‘കാരും ശബ്ദമലിനീകരണം നടത്തി ചുറ്റും ഓടി നടന്നു.

."നരാ, പോണ്ടേ നമുക്ക്?", രാജേട്ടന്‍ ചോദിച്ചു.
"പോവാം. അതിനു മുന്‍പ്‌ എനിക്കിവനോടൊരു കാര്യം പറയാനുണ്ട്‌."
വീണ്ടും പൊള്ളച്ചിരി.
"മനുഷ്യനെത്ര സ്വാര്‍ത്ഥന്‍ ‍, അല്ലേ രാജാ? വര്‍ഷങ്ങള്‍ക്ക്‌ ശേഷം കൂടിക്കാഴ്ചക്കെത്തുന്നത്  സ്വന്തം  കാണാന്‍.  "
എനിക്ക് നേരെ തിരിഞ്ഞ്‌, എന്നാല്‍ ദൃഷ്ടികള്‍ മുഖത്തുറപ്പിക്കാതെ നരേട്ടന്‍ തുടര്‍ന്നു:
"നിനക്കറിയാല്ലോ നിന്റമ്മായീടെ സ്വഭാവം. അമ്മ നിശ്ചയിച്ചുറപ്പിച്ച പെണ്ണിനെ തഴഞ്ഞ്‌, സ്ത്രീധനം വാങ്ങാതേയാണ് ഞാന്‍ കല്യാണം കഴിച്ചത്‌. അതിന്റെ ശിക്ഷ എറ്റു വാങ്ങേണ്ടി വന്നത് എന്റെ പാവം പെണ്ണാണ്. സഹികെട്ടപ്പഴാ ഞാനവളെ ബോംബേക്ക്‌ കൊണ്ട്‌ വന്നത്‌. ആദ്യ  പ്രസവം  വീട്ടില്‍ ‍, സ്വന്തം അമ്മയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാഗ്രഹിക്കാത്ത സ്ത്രീകളുണ്ടോ? പക്ഷെ അമ്മക്ക്‌ ഒരേ നിര്‍ബന്ധം, മൂത്ത മോന്റെ ആദ്യ കുഞ്ഞ് അമ്മയുടെ മടിയില്‍ വേണം പെറ്റ് വീഴാനെന്ന്. അടുത്ത മാസം നാട്ടില്‍ പോകാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. ഇയര്‍ എന്‍ഡ്‌, ക്ലോസിംഗ്‌ ഒക്കെക്കാരണം അധികം ലീവെടുക്കാനാവില്ലെനിക്ക്‌.
ഇവിടെയാണു നിന്റെ സഹായം വേണ്ടത്: എന്റമ്മക്ക്‌ ലോകത്ത്‌ ആരേയെങ്കിലും ബഹുമാനമുണ്ടെങ്കില്‍ അത്‌ നിന്റെ അച്ഛനെയാണെന്ന രഹസ്യം നിനക്കും അറിയാമല്ലോ? അതിനാല്‍ നാട്ടില്‍ ചെന്നാലുടന്‍ ‍,നിര്‍ബന്ധിച്ചാണെങ്കിലും, നീ അമ്മാവനേയും കൂട്ടി എന്റെ വീട്ടില്‍ പോകണം. നരന്റെ ഭാര്യേടെ ആദ്യ പ്രസവം അവള്‍ടെ വീട്ടില്‍ വച്ചായിക്കോട്ടെ എന്ന് അമ്മയെക്കൊണ്ട്‌ സമ്മതിപ്പിക്കണം."
ചെയ്യാമെന്നേറ്റു, ഞാന്‍ ‍.

റെയില്‍വേ സ്റ്റേഷനിലേക്ക്‌ നടക്കുമ്പോള്‍ നരേട്ടനെന്നെ ചേര്‍ത്തു പിടിച്ചൂ‍. പളപളാ തുളുമ്പുന്ന ആ ശരീരത്തില്‍ നിന്നും ചൂടുള്ള ഒര്‍ര്‍ജ്ജം എന്നിലേക്ക് പടരും പോലെ.

മാസങ്ങള്‍ക്ക്‌ ശേഷം, ദുബായിലെ എന്റെ ഓഫീസിലേക്ക്‌ രാജേട്ടന്റെ കോള്‍..
"എന്താ രാജേട്ടാ, വിസ കിട്ടിയോ?“
രാജേട്ടനപ്പോള്‍ സൗദി വിസക്ക്‌ വേണ്ടി ശ്രമിച്ച്‌ കൊണ്ടിരിക്കയായിരുന്നു.‍
"ഒരു സാഡ്‌ ന്യൂസുണ്ടെടാ“: രാജേട്ടന്റെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു: ‘നരേന്ദ്രന്‍ മരിച്ചു."
"നരേട്ടന്‍ ‍‍?": ഉള്‍ക്കൊള്ളാനായില്ലെനിക്ക്‌.
"അതെ, നരേട്ടന്‍ . ആത്മഹത്യയാ. തീവണ്ടിക്ക് മുന്‍പില്‍ ചാടി...."
അത്രയേ രാജേട്ടനറിയുമായിരുന്നുള്ളൂ. കുവൈറ്റിലുള്ള ഇളയച്ഛനും കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായില്ല.

നരേട്ടന്റെ ഭൗതികവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാന്‍ നിയുക്തനാ‍യത് ഭുവനേട്ടനായിരുന്നു. ബോംബേക്ക്‌ തിരിക്കും മുന്‍പ്‌ വീട്ടിലെത്തിയ ഭുവനേട്ടന്‍ കളിക്കൂട്ടുകാരിയായ ചേച്ചിക്ക് മുന്‍പില്‍ മനസ്സ്‌ തുറന്നു.

ഓഫീസ് സംബന്ധമായി  അഹമ്മദാബാദിലേക്ക് പോയതായിരുന്നു‍, നരേട്ടന്‍. ദിവസങ്ങള്‍ക്ക്‌ ശേഷവും അവിടെ റിപ്പോര്‍ട്ട്‌ ചെയ്യാതിരുന്നപ്പോള്‍ ഏജീസ് ഓഫീസുകാര്‍ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. നരേട്ടന്റെ വിവരണങ്ങളുമായി സാമ്യമുള്ള ഒരു 'ബോഡി' മോര്‍ഗിലുണ്ടെന്ന് ‘ലോണവാല‘ പോലീസാണറിയിച്ച്ത്‌.

ഭുവനേട്ടനും സഹപ്രവര്‍ത്തകരും മൃതദേഹം തിരിച്ചറിഞ്ഞു. ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നതിനാല്‍ ശവസംസ്കാരം അവിടെ തന്നെ നടത്തി.

ലോണവാലക്കടുത്ത ഖണ്ടാല സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായ ടിക്കറ്റ്‌ ക്ലെര്‍ക്കിന്റെ മൊഴിയനുസരിച്ച്  "ഡെക്കാന്‍ ക്വിന്‍ 2123 ഡൗണ്‍ ‍" സ്റ്റേഷനിലേക്കടുത്തപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന ഒരു 'പാഗല്‍ ‍' ട്രെയിനു മുന്നിലേക്ക്‌ എടുത്ത് ചാടുകയായിരുന്നുവത്രേ.

‘ബോഡി'യോടൊപ്പം 'ഹാന്‍ഡ്‌ ഓവര്‍ ‍" ചെയ്ത സ്യൂട്ട്‌ കേയ്സില്‍ നിന്ന്, ആരേയും കാട്ടാതെ, ഭുവനേട്ടന്‍  എടുത്ത്‌ വച്ചിരുന്ന ചില കത്തുകള്‍ ചേച്ചിക്ക് വായിക്കാന്‍ കൊടുത്തു:.

ഭാര്യയുടെ പരിദേവനങ്ങള്‍ ‍: ( 3 കത്തുകള്‍ ‍)
ഭര്‍തൃഗൃഹത്തിലെ പീഡനാനുഭവങ്ങള്‍. അവസാന കത്തില്‍ ആത്മഹത്യാഭീഷണി!

അമ്മയുടെ വീക്ഷണങ്ങള്‍ ‍: (2 ഇന്‍ലാന്‍ഡ്‌ ലറ്ററുകള്‍ ‍)
ഭാര്യയുടെ ചാരിത്ര്യശുദ്ധിയെപ്പറ്റിയുള്ള സംശയങ്ങള്‍ . വിവാഹബന്ധം വേര്‍പേടുത്തണമെന്ന അന്ത്യശാസന!

ഒരഭ്യദയകാംക്ഷിയുടെ സംശയങ്ങള്‍ ‍: (പോസ്റ്റ്‌ കാര്‍ഡ്‌)
കുട്ടിയുടെ പൂച്ചക്കണ്ണ് കിട്ടിയത് ആരില്‍ നിന്നാണ്? സ്വന്തം അനിയന്‍ തന്നെയാണ് ഭാര്യയുടെ  ജാരനെന്നറിയാമോ?