Monday, May 5, 2008

സുമതിക്കൊച്ചമ്മ (ഇന്നലെയുടെ ജാലകങ്ങള്‍ -2)


സുമതിക്കൊച്ചമ്മ


 കോട്ടപ്പുറത്തേക്കുള്ള വഴിയെത്തും മുന്‍പേ, അഴിഞ്ഞ തൊണ്ടിന്റേയും കൂട്ടിയിട്ടിരിക്കുന്ന അറക്കപ്പൊടിയുടേയും ഗന്ധം പേറുന്ന തോടിന്റെ ഓരം ചേര്‍ന്ന്, ചെങ്കല്‍പ്പൊടി വിതറിയ പാതയോരത്ത്  കിതച്ച്‌ നില്‍ക്കും, വടക്കു നിന്നും പാലം കടന്നെത്തുന്ന മൂക്ക് മുറിയന്‍ ലേയ്ലാന്‍‌ഡ് ബസ്സുകള്‍ ‍.

ചേനയോ ചേമ്പോ, വിഷുക്കാലമെങ്കില്‍ ചക്കയൊ മാങ്ങയോ നിറച്ച കുട്ടിച്ചാക്ക്‌ തലയില്‍ നിന്നിറക്കി വടക്കേ നടയില്‍  രണ്ട്‌ നിമിഷം കൊടുങ്ങല്ലൂരമ്മയെ ധ്യാനിച്ച്‌ നില്‍ക്കും. അമ്പലക്കുളം ചുറ്റി, തെങ്ങോലകള്‍ മറച്ച വേലികള്‍ക്കിടയിലൂടെ പടിഞ്ഞാറോട്ടുള്ള കൈവഴിയിലേക്ക്‌ കയറുമ്പോള്‍ ‍, എല്‍ ജി കായത്തിന്റെ പരസ്യമുള്ള സഞ്ചിയും തൂക്കി ഒപ്പമെത്താന്‍ അമ്മ ബദ്ധപ്പെടുന്നുണ്ടാകും. സഞ്ചി ഇടതില്‍ നിന്ന് വലതിലേക്കും തിരിച്ചും കൈ മാറുമ്പോള്‍ ‘നവജീവന്‍‘ പേപ്പറിന്റെ വലയം ഭേദിച്ച്‌, നെയ്യപ്പത്തിന്റേയും പൂവന്‍ പഴത്തിന്റേയും സമ്മിശ്രഗന്ധം ചുറ്റും പരക്കും.

- അമ്മവീട്ടിലേക്കുള്ള യാത്രകള്‍ എനിക്കെന്നും ഹരമായിരുന്നു. അങ്കക്കലി കൊണ്ട ചേകവനെപ്പോലെ ഉറഞ്ഞ് തുള്ളി,  കാലന്‍കുട ആകാശത്തേക്കാഞ്ഞ് വീശി,"ലെഷ്മീ, നിന്നെ പടിയടച്ച്‌ പിണ്ഡം വച്ചിരിക്കുന്നു. നീയും കാര്യേഴുത്ത്‌ തറവാടുമായി മേലില്‍ ഒരു ബന്ധോമില്യാ" എന്ന് കുഞ്ഞമ്മാന്‍ അലറുന്നതിനും അതറിയിച്ച് കൊണ്ടുള്ള തീട്ടൂരം തപാല്‍ വഴി വീട്ടിലെത്തുന്നതിനും മുന്‍പായിരുന്നു, അത്‌.

അമ്പലക്കുളത്തിന് കാവല്‍ നില്‍ക്കുന്ന മുത്തശ്ശനാല്‍ കഴിഞ്ഞാല്‍ ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടുമുള്ള രണ്ട് തിരിവുകള്‍ കഴിഞ്ഞാല്‍ എത്തി ഞങ്ങളുടെ ഇടത്താവളം: നാരായണിപ്പാട്ടിയുടെ വീട്.

സമൃദ്ധമായ് കായ്ച്ച് നില്‍ക്കുന്ന ഇരിമ്പന്‍ പുളിയുടെ ചോട്ടിലിട്ട  വയസ്സന്‍ ബെഞ്ചിലിരുന്ന് ഇഞ്ചിയും പച്ചമുളകും നാരങ്ങയിലയും ചതച്ചിട്ട മോരുംവെള്ളം കുടിക്കുമ്പോള്‍ പാട്ടിയുടെ അമ്മയും അനിയത്തിമാരും ചുറ്റും കൂടും: കുശലം ചൊല്ലാനും പരദൂഷണം പറയാനും.

നാരായണിപ്പാട്ടിയെ കെട്ടിയിരുന്നന്നത്‌ അവിട്ടത്തൂരിലെ കളമെഴുത്തുകാരന്‍  രാമനാശാനായിരുന്നു.  നാട്ടുകാരിയെന്ന പരിഗണന മൂലമാവാം,  വെള്ളം നിറഞ്ഞ മുണ്ടോണ്‍ പാടവും പൂജയില്ലാത്ത പുല്‍ക്കുണ്ട ക്ഷേത്രവും പാമ്പുകള്‍ പാര്‍ക്കുന്ന കുണ്ടനിടവഴിയും കടന്ന്, നാരായണിപ്പാട്ടി ഇടക്കിടെ ഞങ്ങളുടെ  വീട്ടിലെത്തിയിരുന്നത്.

മുറുക്കാന്‍ ചാറൊഴുകുന്ന വായ്‌ ഇടക്കിടെ തുടച്ച്, അടക്കിയ സ്വരത്തില്‍, നീട്ടിയും കുറുകിയുമുള്ള അവരുടെ സംസാരം ഞങ്ങള്‍ക്കാസ്വാദ്യകരമായിരുന്നു.

മകരസംക്രാന്തിയടുക്കുമ്പോഴാണ്  നാരായണിപ്പാട്ടിയുടെ വില  നാട്ടുകാരറിയുന്നത്.  പാതിരാ കഴിയുമ്പോള്‍ ഓരോ വീട്ടിലുമെത്തി ഉടുക്ക് കൊട്ടി  തുയിലുണര്‍ത്തി,  “വിഷുഫലം“ പ്രവചിക്കുന്ന  നാരായണിപ്പാട്ടി ഗോവിന്ദന്‍ വെളിച്ചപ്പാടിനേകാള്‍ സ്വീകാര്യയാകുന്നത് ആ രാവുകളില്‍ മാത്രം. രാത്രിയുടെ  നിശ്ശബ്ദതയില്‍  മാക്രികളുടെ കോറസ്സിനേയും നായ്ക്കളുടെ സദിരിനേയും ഭേദിച്ച്‌ പാട്ടിയുടെ ഉടുക്കിന്റെ “ഡൂം ഡുഡുഡൂം ഡും ഡൂം’  മുഴങ്ങുമ്പോള്‍ ഞങ്ങള്‍ ഉറക്കം വിട്ടെണീക്കും. 'മക്കള്‍ ഉറങ്ങിക്കോ. നാരായണി പാടത്തിന്നിക്കരേയേ എത്തീട്ടുള്ളു. നമ്മ്ടെ വീട്ടിലെത്താന്‍ ഇനീം മൂന്നാല് ദിവസം പിടിക്കും": അമ്മ ശാസിക്കും.

സുര്യന്‍ മീനരാശിയില്‍ നിന്ന് കാലു മാറിയെന്നും സമൃദ്ധിയുടെയും സൗഭാഗ്യത്തിന്റേയും കാലം വരാന്‍ പോകുന്നുവെന്നും അറിയിച്ച്‌ കൊണ്ടുള്ള പാട്ടിയുടെ ഉടുക്കിന്റെ ധ്വനി ഉമ്മറത്ത്‌ നിന്നയരുമ്പോഴായിരിക്കും പിന്നെ ഞാന്‍ ഞെട്ടിയുണരുക. നിലവിളക്കും, നെല്ല് നിറച്ച ഇടങ്ങഴിയും എപ്പോഴാണാവോ അമ്മ ഒരുക്കിയത്‌? എരിയുന്ന ചന്ദനത്തിരിയുടെ സുഗന്ധം പുണരാന്‍ പുലര്‍കാല കുളിര്‍കാറ്റിനെന്ത് ഹരം!

വാക്കുകള്‍ വ്യക്തമാകാത്ത നാരായണിപ്പാട്ടിയുടെ പാണന്‍ പാട്ട്‌ അമ്മായിത്തള്ള ഏറ്റുപാടുമ്പോള്‍ ‍, ചവിട്ട്‌ പടിയില്‍, തിരി താഴ്ത്തിയ റാന്തല്‍ വിളക്കിന്റെ ചൂടും പറ്റി, ഉറക്കം തൂങ്ങിയിരിക്കുന്നുണ്ടാകും പാട്ടിയുടെ മകനും ചേച്ചിയുടെ ക്ലാസ്‌ മേറ്റുമായ മുകുന്ദന്‍ ‍.

അവിലും ശര്‍ക്കരക്കാപ്പിയും കഴിച്ച  ശേഷമാണ് പാട്ടിയുടെ വിഷുഫല പ്രവചനം. അടുത്ത ഒരു   കൊല്ലത്തെ  കാലാവസ്ഥ, വര്‍ഷം, വിളവ്‌, രോഗപീഢ, യുദ്ധം, മരണം എന്നിവ ആദ്യം. പിന്നെ  ജന്മനാളനുസരിച്ച് ഓരോരുത്തരുടേയും ഭാവി .....

എല്ലാവരേയും സന്തോഷിപ്പിച്ച്‌ വെറ്റിലയടക്കയും നെല്ലും  ദക്ഷിണയും വാങ്ങിയിട്ടേ  പാട്ടിയും പരിവാരങ്ങളും മടങ്ങൂ.

പാട്ടികുടുംബത്തോട്‌ യാത്ര പറഞ്ഞ്‌ പിന്നേയും ഒന്നൊന്നര ‘മൈലീസ്’‍ നടന്ന് വേണം ഞങ്ങള്‍ക്ക്‌ മാടവനയില്‍ വാഴും നേരമ്മാവന്റെ വാസസ്ഥലത്തെത്താന്‍ ‍.തലങ്ങും വിലങ്ങും ഒഴുകുന്ന കൈത്തോടുകള്‍ക്ക്‌ കുറുകെ വച്ച തെങ്ങിന്‍ തടിപ്പാലങ്ങളിലൂടെ ബാലന്‍സ്‌ ചെയ്ത്‌, മീന്‍ മണക്കുന്ന അടുക്കളകള്‍ക്കും മറച്ചിട്ടും മറയാത്ത  മറപ്പുരകള്‍ക്കുമിടയിലൂടെയുള്ള ആ ‘വഴിയില്ലാ വഴി യാത്രകള്‍ ‍ ഏറെ കുതൂഹലം നിറഞ്ഞതായിരുന്നു. വേലിയില്ല, അതിര്‍ത്തിരേഖകളില്ല, കുളങ്ങള്‍ക്ക് ചുറ്റും പടര്‍ന്ന് കിടക്കുന്ന കൈതക്കാടുകല്ലാതെ. പരിഭവങ്ങളൊ പരിദേവനങ്ങളൊ ദ്യോദിപ്പിക്കുന്ന ഒരു നോട്ടം പോലും ആരില്‍ നിന്നുമുണ്ടാവില്ല.

അമ്മവീടെത്തും മുന്‍പാണ് സുമതിക്കൊച്ചമ്മയുടെ വീട്‌. ദേശത്തെ ഏക വാര്‍ക്ക കെട്ടിടമെന്ന ബഹുമതി കൂടിയുണ്ടതിന്. അടുക്കളത്തിണ്ണയുടെ തൂണും ചാരി, ശോകച്ഛവിയാര്‍ന്ന കണ്ണുകളെ ആകാശനീലിമയില്‍ അലയാന്‍ വിട്ട്‌, താടിക്ക്‌ കൈയും കൊടുത്തിരിക്കുന്ന കൊച്ചമ്മ "സുമേ" എന്ന അമ്മയുടെ വിളി കേള്‍ക്കുമ്പോള്‍ ചാടിയെണീക്കും.

ഇരുണ്ട നിറം,
കുറഞ്ഞ ഉയരം,
ഒതുങ്ങിയ ശരീരം,
-കാഴ്ചയില്‍ ഒരു സ്കൂള്‍കുട്ടി.

പക്ഷേ നക്ഷത്രങ്ങള്‍ ഒളിപ്പിച്ച് വച്ച വലിയ കണ്ണുകളും വട്ടമുഖവും ചുരുചുരുണ്ട നീണ്ട മുടിയും കൊച്ചമ്മയെ തികച്ചും വ്യത്യസ്ഥയാക്കിയിരുന്നു.

കുട്ടിച്ചാക്ക് വാങ്ങി താഴെ വച്ച്‌, കെട്ടിപ്പിടിച്ച്‌ ഇരു കവിളുകളിലും മാറി മാറി ചുംബിക്കും, കൊച്ചമ്മ. സംസാരിക്കാന്‍ തുടങ്ങും മുമ്പേ കണ്ണുകള്‍ സജലമാകും. പിന്നെ വായല്‍പം തുറന്നു പിടിച്ചുള്ള തേങ്ങലുകള്‍ ‍.
'കൊച്ചമ്മയെന്ത വീട്ടീ വരാത്തേ?'
അനവസരത്തിലുള്ള എന്റെ ചോദ്യം ആ തേങ്ങലിന് പാഴ്മുള പൊളിയും പോലുള്ള താള ഗതിയേകും. ഉമ്മറത്ത് നിന്ന് കാരണവരുടെ നീണ്ട മൂളല്‍ മുഴങ്ങുമ്പോള്‍ ഇരു കൈ കൊണ്ടും വായ്‌ പൊത്തി അവര്‍ തേങ്ങലടക്കും‍.

"പോട്ടെ മോളെ, ഊണിനു മുന്‍പെത്തണം. ഇന്ന് തന്നെ തിരിച്ച്‌ പോകാനുള്ളതാ": അമ്മ എണീക്കും.
മുണ്ടിന്റെ കോന്തല കൊണ്ട്‌ മുഖം തുത്തുടച്ച്‌ കുട്ടിച്ചാക്കും തൂക്കി പറമ്പിന്റെ അതിരുവരെ  അനുഗമിക്കെ അവര്‍ പരിതപിക്കും: മോനൊരു ചായ ഇട്ട് തരാന്‍ മറന്നല്ലോ കൊച്ചമ്മ‌"
ഒന്ന് കൂടി കെട്ടിപ്പിടിച്ച്‌ യാത്ര പറയുമ്പോള്‍‍ പായല്‍  കുളത്തിലെ കുമിള  പോലൊരു തെളിമ ആ മുഖത്ത്‌ മിന്നും.

"എന്താ അമ്മേ, കൊച്ചമ്മ വരാത്തേ?" അമ്മയോട്‌ ഞാന്‍ ചോദ്യമാവര്‍ത്തിക്കും‍.
"കൊച്ചച്ഛനുമായി വഴക്കിട്ട്‌ വന്നതല്ലേ? കൊച്ചച്ഛനോട്‌ മോന്‍ പറയണം വിളിച്ചോണ്ട്  വരാന്‍ ‍"

പ്രതീക്ഷകള്‍ തകിടം മറിഞ്ഞ ആ ദിനം:
തറവാട്ടിലെ നടപ്പുര.
വീട്ടിലെ തലമൂത്തവരും പ്രമാണിമാരും ഒരു വശത്ത്.
കൊച്ചമ്മയുടെ അച്ഛനും ബന്ധുക്കളും മറുവശത്ത്.
നടപ്പുരയുടെ തെക്ക്‌ പടിഞ്ഞാറെ കോണില്‍ തലയും താഴ്ത്തി കൊച്ചച്ഛന്‍ ‍.
ഇറയത്തും കയ്യാലയിലുമായി മറ്റുള്ളവര്‍ ‍.

പൂരപ്പാട്ടും ഉറഞ്ഞ്‌ തുള്ളലും ചില കൈക്രിയകളും കഴിഞ്ഞപ്പോള്‍ ‍, നനുത്ത ചീനപ്പേപ്പറിന്റെ പൊതിയഴിച്ച്‌ ഒരു താലിമാല കൊച്ചമ്മയുടെ അച്ഛന്‍ മേശപ്പുറത്ത്‌ വച്ചു. ജാതകക്കെട്ടും മോതിരവും ഏതാനും സ്വര്‍ണാഭരണങ്ങളും തിരിച്ച്‌ വച്ചു, വെല്ലിശന്‍ .

എല്ലാരും എണീറ്റു.
"അല്‍പം വെള്ളമെങ്കിലും കുടിച്ചിട്ട് ..." : നാട്ടുപ്രമാണിമാരിലാരുടെയോ  തണുപ്പിക്കാനുള്ള ശ്രമത്തിന് കാര്‍ക്കിച്ച്‌ ഒരു തുപ്പ് കൊണ്ട് മറുപടി പറഞ്ഞ് ജാതകവും ആഭരണങ്ങളും പൊതിഞ്ഞെടുത്ത്‌ കാരണവര്‍ പടിയിറങ്ങി.
തട്ടകക്കാര്‍‍ പിന്നാലെയും.

അല്‍പനേരം കൂടി നിന്ന് പരസ്പരം നോക്കി  നാട്ടുകാരും പിരിഞ്ഞു.
"രാമന്‍കുട്ടീ, നാളെ എടക്കാരന്‍ കുഞ്ഞിച്ചെക്കന്‍ വരും. അവന്റെ കൂടെ നീ ചെന്ത്രാപ്പിന്നി വരെ പോണം. ‘
അപ്പൂപ്പന്റെ സ്ഥാനം സ്വയം ഏറ്റെടുത്ത വെല്ലിശന്റെ കല്പന!

കൊച്ചച്ഛന്‍ പുതിയ കൊച്ചമ്മയെ കൊണ്ടുവരാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല.
"അപ്പൊ സുമതിക്കൊച്ചമ്മയോ?"
“സുമതിക്കൊച്ചമ്മ ഇനി വരില്ല"
"അതെന്താ?"
ചേച്ചി എന്നെ പറമ്പിന്റെ വടക്ക് കിഴക്കേ മൂലയില്‍ പന്തലിച്ച്‌ കിടക്കുന്ന കൊടമ്പുളിമരത്തിന്റെ തണലിലേക്ക് കൂട്ടിക്കൊണ്ടുപോയി. താഴ്‌ന്ന ഒരു ശിഖരത്തില്‍‍ എന്നെയിരുത്തി, സ്വയം നിലത്ത്‌ ചമ്രം പടിഞ്ഞിരുന്ന്, സംഭവങ്ങള്‍ സവിസ്തരം എന്നിലേക്ക്‌ പകരാന്‍ ശ്രമിച്ചു.

-കൊരട്ടിയിലെ നൂല്‍ക്കമ്പനിയില്‍ ജോലിക്ക്‌ ചേര്‍ന്നയുടനെയാണ് കൊച്ചച്ഛന് കല്യാണാലോചന വന്നത്‌. "കാണാനത്ര പോരാ എന്നാലും നല്ല ഐശ്വര്യം. ഏഴാം ക്ലാസിലാ പഠിക്കുന്നത്. നമ്മളെ വച്ച്‌ നോക്കിയാ അവര്‍ കുബേരന്മാരാ‍‍. പിന്നെ ലെക്ഷ്മീടെ തറവാട്ടുകാരും."

അപ്പൂപ്പന് സുമതിക്കൊച്ചമ്മയേയും വീട്ടുകാരേയും “ക്ഷ” പിടിച്ചു. അപ്പൂപ്പന്റെ ഇഷ്ടത്തിനെതിരെ ചിന്തിക്കാന്‍ പോലും ആരും ധൈര്യപ്പെടില്ലല്ലോ.

ആദ്യ കാര്‍ യാത്ര എനിക്കോര്‍മ്മയുണ്ട്. കൊച്ചച്ചന്റെ കല്യാണ ദിനത്തില്‍ .കരുവന്നൂര്‍ പുഴ, പുല്ലൂറ്റ്‌ പാലം, കൊടുങ്ങല്ലൂരമ്പലം, കാട്ടാകുളം, പടാകുളം ഒക്കെ കടന്ന് ഒരു ചായക്കടയുടെ മുന്‍പില്‍ ‍കാര്‍ നിന്നു. ആരുടെയൊക്കേയൊ മുറ്റത്തു കൂടെ നടന്നപ്പോള്‍ അലങ്കരിച്ച ഒരു പന്തല്‍ . കൊട്ട് കുരവാദികളുടെ  അകമ്പടിയോടെയുള്ള താലികെട്ട്.

സന്തോഷകരമായിരുന്നൂ അവരുടെ ദാമ്പത്യം.

ശനിയാഴ്ച ജോലി സ്ഥലത്ത്‌ നിന്നു വരുന്ന കൊച്ചച്ഛന്‍ തിങ്കളാഴ്ച തിരിച്ച്‌ പോകും വരെ തറവാടിനൊരു ഉത്സവഛായ കൈവരും. കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള ചിരിയും ഭവ്യത കലര്‍ന്ന പെരുമാറ്റവും അടുക്കള ജോലിയിലുള്ള സാമര്‍ത്ഥ്യവും കൊച്ചമ്മയെ അപ്പൂപ്പന്റെ അരുമയാക്കി.

വിവാഹം കഴിഞ്ഞ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ‘കുഞ്ഞിക്കാ‍ലൊന്ന്’ കാണാത്തതെന്ത് എന്ന് മുറുമുറുപ്പുകള്‍ ചുറ്റും.  പക്ഷേ സംഗതികള്‍ വഷളാക്കിയത് കാര്യേഴുത്ത്  ക്ഷേത്രത്തിലെ ഉത്സവത്തിന്  കുഞ്ഞമ്മാനും കൊച്ചമ്മയുടെ അച്ഛനും തമ്മില്‍ നടന്ന അടിപിടിയാണ്.

പതിവില്ലാതെ ‘വിസിറ്റി‘നെത്തിയ കുഞ്ഞമ്മാനും കൊച്ചമ്മായിയും കൂടി  ‘കുടുംബശ്രീ‘ യോഗം വിളിച്ച്‌  ഞെട്ടിപ്പിക്കുന്ന ഒരു പ്രഖ്യാപനം നടത്തി:

വിവാഹത്തിനു മുന്‍പ്‌ സുമതിക്കൊച്ചമ്മക്കൊരു രഹസ്യബന്ധമുണ്ടായിരുന്നു,അവിടത്തെ ‘കറവുകാരന്‍ ‍‘ നാണപ്പനുമായി. ഒന്നിച്ച്  ഒളിച്ചോടാന്‍ പ്ലാനിട്ടപ്പോഴാണ് പഠിത്തം നിര്‍ത്തി‌ച്ച്, കാരണവര്‍ ‘പിടീ’ന്നവളുടെ വിവാഹം നടത്തിയത്. മാത്രോല്ല, അവള്‍ മച്ചിയാ. അല്ലെങ്കില്‍ ഇതിനിടെ എത്ര പെറേണ്ടതാ”

ഉരസിയിട്ട ആ തീപ്പെട്ടിക്കമ്പ്‌ അസൂയയുടെ ഊഷരതയില്‍ വിളഞ്ഞ്‌ കിടന്നിരുന്ന പെണ്മനസ്സുകളില്‍ പെട്ടെന്ന് കത്തിപ്പടര്‍ന്നു. ഒടുവില്‍ വാര്‍ത്ത അപ്പൂപ്പന്റെ ചെവിയിലുമെത്തി.
"ശവം, കണ്‍വെട്ടത്ത്‌ കണ്ട്‌ പോകരുത് അവളെയിനി!‘  വെട്ടൊന്ന്, മുറി രണ്ട്‌ എന്ന മട്ടുകാരനായ അപ്പൂപ്പന്‍ പൊട്ടിത്തെറിച്ചു: "രാമന്‍കുട്ടീ, അവളെ  അവള്‍ടെ വീട്ടീ കൊണ്ടാക്ക്‌."

അനുസരണയുള്ള മകനായത്‌ കൊണ്ടോ കൊച്ചമ്മായിയുടെ ‘കുനിഷ്ട്’ ഫലിച്ചത് കൊണ്ടോ എന്നറിയില്ല, വലിയ മനസ്സാക്ഷിക്കുത്തില്ലാതെ കൊച്ചച്ഛന്‍ ആ കൃത്യം നിര്‍വഹിച്ചു.

"വീട്ടില്‍ കൊണ്ടാക്കിയപ്പോ പാവം കൊച്ചമ്മ വിചാരിച്ച്‌ കാണില്ല തന്നെ എന്നെന്നേക്കുമായി ഉപേക്ഷിക്കയാണെന്ന്." വല്യേച്ചിയുടെ സ്വരത്തില്‍ നനവ്‌ പടര്‍ന്നു. "ഒരു പക്ഷേ അപ്പൂപ്പന്‍ മരിച്ചില്ലായിരുന്നെങ്കി, സത്യം മനസ്സിലാക്കി എല്ലാം നേരെയായേനെ.‘

ചെന്ത്രാപ്പിന്നിക്കാരി കൊച്ചമ്മ, ഒത്ത ഉയരവും നല്ല തടിയും വെളുത്ത നിറവുവുമൊക്കെ ഉള്ള ഒരു ‘മേനക’യായിരുന്നുവെങ്കിലും അവരെ സുമതിക്കൊച്ചമ്മക്ക് പകരമായി കാണാന്‍ ഞങ്ങളാരും തയ്യാറായില്ല.

പിന്നെ അമ്മവീട്ടില്‍ പോയപ്പോള്‍ കൊച്ചമ്മയുടെ വീടൊഴിവാക്കി ഏതോ  വളഞ്ഞ വഴിയില്‍ കൂടിയാണമ്മ എന്നെ കൊണ്ട് പോയത്‌. അടുക്കളയില്‍ വച്ച്‌ കൊച്ചമ്മായി അമ്മയോട്‌ വിസ്തരിക്കുന്നത്‌ കേട്ടു:" നാത്തൂനറിയോ, രാമന്‍കുട്ടീടെ കല്യാണത്തിന്റെ അന്ന് തന്നെ ആ മുഷ്കന്‍ കാരണോര് അവള്‍ടേം കല്യാണം നടത്തീ. ചെക്കനാരാന്നറിയോ: കറവക്കാരന്‍ നാണപ്പന്‍ ‍! ഇപ്പഴെങ്കിലും മനസ്സിലായൊ കുശുമ്പും കുന്നായ്‌മേം ഒന്നുമല്ല സത്യാ ഞാന്‍ പറഞ്ഞേന്ന്"

തിരിച്ചുള്ള യാത്രയില്‍ ‌അതേപ്പറ്റി ചോദിക്കണമെന്ന് തോന്നിയെങ്കിലും അമ്മയുടെ മൂടിക്കെട്ടിയ മുഖവും കലങ്ങിയ കണ്ണുകളും എന്നെ വിലക്കി.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം വളരെ ആകസ്മികമായാണ് ഞാന്‍ സുമതിക്കൊച്ചമ്മയെ ‍ വീണ്ടും കാണുന്നത്‌.

ക്ലാസ്‌ കട്ട്‌ ചെയ്ത്‌  ‘മാറ്റിനി‘ കാണാന്‍ എസ്സെന്‍ തിയേറ്ററില്‍ പോയതായിരുന്നു. അവസാന സീനില്‍ നായകന്‍ വില്ലനെ ചകിരി തല്ലുമ്പോലെ തല്ലിച്ചതക്കുമ്പോള്‍ ‍, അല്ലെങ്കില്‍  ഏറ്റുപറച്ചിലുകളുടെ കുടുംബസംഗമം  തുടങ്ങുമ്പോള്‍  ‘എക്സിറ്റ്‌‘ ഗേറ്റിലേക്കോടും, ഞാന്‍ ‍. ‘ജനഗണമന‘ക്ക് മുന്‍പേ ഇറങ്ങി ഓടിയാല്‍ കിഴക്കെ നടയില്‍ നിന്ന് ഇരിഞ്ഞാലക്കുടക്കുള്ള  ബസ് പിടിക്കാം.
രാത്രി തന്നെയിരുന്ന് എഴുതി പിറ്റേന്ന് തപാല്‍പ്പെട്ടിയില്‍ നിക്ഷേപിച്ചാലേ അടുത്ത ലക്കം വാരികയില്‍ ‘മിസ്.അംബിളി എം.എ‘. എന്ന പേരില്‍ എന്റെ “ഫിലിം റിവ്യൂ” വരൂ.

"കുട്ടാ, ഒന്ന് നിക്കൂ"
ഓട്ടം നിര്‍ത്തി തിരിഞ്ഞ് നോക്കിയപ്പോള്‍ റോഡിന്റെ മറുവശത്ത്‌ പരിചയമുള്ള ഒരു മുഖം.  കറുത്ത് മെലിഞ്ഞ്, മുള്ളമ്പന്നി മുടിയോട് കൂടിയ ഒരു ഗ്രഹണിപ്പയ്യനുണ്ട്, കൂടെ.
"സുമതിക്കൊച്ചമ്മ!”
-ഞാന്‍ ഓടി അടുത്ത് ചെന്നു.
അടി മുതല്‍ മുടി വരെ നോക്കി,  കവിളത്തൊന്ന് തലോടി, ചിരിക്കാന്‍ ശ്രമിച്ചു അവര്‍ ‍.
'വല്യ ചെക്കനായല്ലൊടാ കുട്ടാ, മീശയൊക്കെ മുളച്ച്.."
തിരിഞ്ഞ്  കൂടെയുള്ള പയ്യനോട്:  "മോനറിയോ, അമ്മ‍ പറയാ‍റുള്ള  ഏട്ടനാ ഇത്"

കൊച്ചമ്മയെ കെട്ടിപ്പിടിക്കാനും തോളില്‍ മുഖമമര്‍ത്തി ഒന്നുറക്കെ കരയാനും മനസ്സ് വെമ്പി. കൊച്ചമ്മക്ക് ഒരു മകനുണ്ടെന്നുള്ള അറിവോ അതോ താന്‍ വലിയവനായെന്ന ഈഗൊയോ;എന്താണ് അങ്ങനെ ചെയ്യുന്നതില്‍ നിന്നും എന്നെ വിലക്കിയത്?

'അച്ഛന്റെ വാശി കൊണ്ട്‌ മാത്രാ കുട്ടാ, ഞാനാ മനുഷ്യനെ കെട്ടിയത്‌.' : നിര്‍വികാരത പാര്‍പ്പുറപ്പിച്ച കണ്ണുകളുയര്‍ത്തി എന്നെ നോക്കിക്കൊണ്ടവര്‍‍ തുടര്‍ന്നു.

‘ഒരു വേലക്കാരന്‍ എന്ന നിലയിലേ ഞാനയാളെ കണ്ടിട്ടുള്ളൂ.  അല്ലാതെ നിന്റെ അമ്മായി പറഞ്ഞുണ്ടാക്കിയ പോലെ...." തൊണ്ടയിടറി, ഒന്ന് നിര്‍ത്തി നിലത്ത് ദൃഷ്ടിയുറപ്പിച്ച് അല്പനേരം നിന്നൂ അവര്‍ . "കല്യാണം കഴിഞ്ഞ് അയളുടെ വീടിന്നരികെ, മേത്തലയില്‍, വീടും വസ്തുക്കളും ഒക്കെ അച്ഛന്‍ മേടിച്ച് തന്നു. പക്ഷേ കുടുംബജീവിതമെന്തന്ന് അയാള്‍ക്കറിയില്ലായിരുന്നു.  ഇവന് ഒരു വയസ്സുള്ളപ്പോ, ഒരു ദിവസം ആരോടും പറയാതെ ഇറങ്ങിപ്പോയതാ. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല.”

അക്ഷമയോടെ വാച്ചില്‍ നോക്കുകയായിരുന്നൂ, ഞാനപ്പോള്‍ .
നേരം വൈകുന്നു.
അച്ഛനറിയാതെ പെട്ടിയില്‍ നിന്നെടുത്ത കാശ്,
ക്ലാസ്‌ കട്ട്‌ ചെയ്തുള്ള സിനിമ‍ കാണല്‍ ‍,
സ്പെഷ്യല്‍ ക്ലാസ്സെന്ന നുണ.
-കുറ്റബോധങ്ങള്‍ തലക്കകത്ത് താണു പറക്കുകയാണ്.

“കൊച്ചമ്മേ, പോട്ടെ“, ആ മുഖത്ത് ഒന്നുകൂടി നോക്കാന്‍ ധൈര്യപ്പെടാതെ, ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഞാന്‍ ഓടി.
"മോനൊരു ദിവസം വീട്ടില്‍ വാ....മേത്തല സെന്ററില്‍ വന്ന് ആരോട്‌ ചോദിച്ചാലും കാണിച്ച്‌ തരും... ‘.
പിന്നില്‍ നിന്നും അവര്‍ വിളിച്ച് പറയുന്നത് കേള്‍ക്കാമായിരുന്നു.
‘വരണേ. ഞാന്‍ കാത്തിരിക്കും..'

-ഒരിക്കലും നിറവേറ്റാന്‍ കഴിയാതിരുന്ന ആ അപേക്ഷ ചെവികളില്‍ ഇന്നും  മുഴങ്ങിക്കൊണ്ടിരിക്കുന്നു.