Friday, December 28, 2007

ജ്വാലയായ് പടര്‍ന്ന ശ്രീ

‘ഞാന്‍ ശ്രീദേവി’


തലയുയര്‍ത്തിയപ്പോള്‍, തുറന്നു വച്ച ക്യാബിന്‍ ഡോര്‍ നിറഞ്ഞു നില്‍ക്കുന്നൂ, പൂര്‍ണോദയത്തിന്റെ നവജ്യോതിസ്! പൂത്തിരുവാതിര കുളിക്കുന്ന മാദകത്തിടമ്പിന്റെ പൂമേനിയില്‍ കൌമാരത്തിന്റെ കുസൃതി ചാലിച്ചെടുത്ത ചന്ദനക്കൂട്ടിന്റെ പ്രതിഫലനം.

‘വരൂ’ ഞാന്‍ ക്ഷണിച്ചു: ‘വിനോദ് വിളിച്ചിരുന്നു.’

വെള്ള നിറത്തില്‍ മുക്കൂറ്റിപ്പൂക്കളുടെ ഡിസൈനുകളോട് കൂടിയ‍, സല്‍‌വാറും കമ്മീസും ധരിച്ച, നെയ്യാമ്പല്‍ പോലെ തുടുത്ത, ഒരു പെണ്‍‌കൊടി‍!

ചന്ദനപ്പൊട്ട്,
പീലിക്കണ്ണുകള്‍,
തുടുത്ത ചുണ്ടുകള്‍.
-നീണ്ട് ചുരുണ്ട് ഇടതൂര്‍ന്ന കൂന്തല്‍ ഒരു ക്ലിപ്പിന്റെ ബന്ധനത്തില്‍.

കൈയിലെ ഫയല്‍ തുറന്ന് ബയോഡാറ്റ തിരയുകയായിരുന്നു, അവള്‍.
‘എടുക്കേണ്ടാ, മാനേജര്‍ക്ക് നേരിട്ട് കൊടുത്താല്‍ മതി “
ഞാന്‍ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ മാനേജര്‍ മന്‍സൂര്‍ ഹക്കീക്കിയുടെ നമ്പര്‍ കറക്കി.
‘നോ പ്രോബ്ലം; സെന്‍ഡ് ഹേര്‍‍’ : അയാള്‍ പറഞ്ഞു.

ഓഫീസ് ബോയ് മമ്മൂട്ടിയുടെ കൂടെ അവളെ സ്റ്റോറിലേക്ക് പറഞ്ഞയക്കുമ്പോള്‍ കണ്ണിനും മനസ്സിനും നിര്‍മാല്യം തൊഴുത കുളിര്‍മ്മ!

************

കസിന്‍ ബ്രദര്‍ വിനോദാണ് ദിയാഫാ സ്ട്രീറ്റിലെ കാ‍സ്പിയന്‍ റെസ്റ്റോറന്റ്റില്‍
കാഷ്യറായി ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ കദനകഥ പറഞ്ഞത്. വൈകീട്ട് 6 മുതല്‍ അര്‍ദ്ധരാത്രി വരെയാണ് ജോലി സമയമെങ്കിലും വീട്ടിലെത്തുമ്പോള്‍ പുലര്‍ച്ചെ 2 മണിയെങ്കിലുമാകും. ശംബളം വെരും 900 ദിര്‍ഹം മാത്രം.

അറബിപ്പിള്ളേരുടെ വികൃതികള്‍ ഏറിവരികയാണെന്നും മറ്റൊരു ജോലി ശരിയാക്കിത്തന്ന് തന്നെ രക്ഷിക്കണമെന്നും അവള്‍ വിനോദിനോടഭ്യര്‍ത്ഥിച്ചു.

‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് കേട്ടിട്ടില്ലേ? അത് പോലാ; ആരും ഇഷ്ടപ്പെട്ടുപോകും, അവളെ’ : അവന്‍ വര്‍ണ്ണിച്ചു.
‘ഫാമിലി?’‘
“ഓര്‍മ്മയില്ലേ, ദുബായിലാദ്യമായി ലോട്ടറിക്കമ്പനി നടത്തിയ ചാലക്കുടിക്കാന്‍ അച്ചായനെ? ഓ, ചേട്ടന്റെ സ്റ്റാര്‍ നൈറ്റിന്റെ സ്പോന്‍സര്‍ കൂടിയായിരുന്നല്ലോ, അയാള്‍? ആ ദേഹത്തിന്റെ വലം കൈയായിരുന്നു ഈ ദേഹത്തിന്റെ അച്ഛന്‍. കോടികളുമായി അയാള്‍ മുങ്ങിയപ്പോള്‍ തെരുവിലായത് അയാളുടെ കൂടെ ജോലിചെയ്തിരുന്ന ഇവര്‍ കുറച്ച് പേരാണ്. കേസിപ്പോഴും തീര്‍ന്നിട്ടില്ലത്രേ! വീട് പട്ടിണിയായപ്പോള്‍ പഠിത്തം നിര്‍ത്തി ജോലിക്കിറങ്ങിയതാ, പാവം കുട്ടി!”

’*****************
ലിസ് എന്നും സബാ എന്നും ബെത് എന്നും വിളിക്കുന്ന ഫിലിപ്പിനോ കാഷ്യര്‍ എലിസബെത് ലീവില്‍ പോകുന്ന ഒഴിവില്‍ ഡിപാര്‍ട്മെന്റ് സ്റ്റോറിലെ കാഷ്യര്‍ തസ്തികയില്‍ ‍ ജോലി തുടങ്ങി, ശ്രീദേവി.
‘മിടുക്കിയാ, പെട്ടെന്ന് പഠിച്ചെടുത്തു‍” :‍ ഹക്കീക്കി പറഞ്ഞു.

ക്യാഷും കളക്‍ഷന്‍ റിപ്പോര്‍ട്ടുമായി എക്കൌണ്ട്സില്‍ വരുമ്പോഴെല്ലാം എന്നെ സന്ദര്‍ശിക്കാനവള്‍ മറന്നില്ല. ’സാര്‍’ വിളി ‘ഏട്ടാ’ എന്നാക്കി മാറ്റിയപ്പോള്‍ കുറച്ച് കടുപ്പിച്ച് തന്നെ പറയേണ്ടി വന്നു:“ ശ്രീദേവി, സ്നേഹവും ബന്ധവും ഒക്കെ ഓഫീസിന് പുറത്ത്......’

“പുണ്യം കിട്ടും, ഒരു കുടുംബമാ മോന്‍ രക്ഷിച്ചേ..‍.’ :മാധവിക്കുട്ടിയെന്ന അവളുടെ അമ്മ ഫോണിലൂടെ എന്നെ ആശീര്‍വദിച്ചു.

രണ്ട് മാസങ്ങള്‍ക്ക് ശേഷം എലിസബെത്ത് തിരിച്ചുവന്നപ്പോള്‍ ശ്രീദേവിക്ക് പരിഭ്രമമായി.
‘സാര്‍, ഇനി ഞാന്‍..?’
‘’പേടിക്കണ്ടാ, നിന്റെ ജോലിക്ക് കുഴപ്പമൊന്നും വരില്ല’:ഞാന്‍ ആശ്വസിപ്പിച്ചു.

വൈകീട്ട് വീട്ടിലേക്ക് വിളിച്ചു, മാധവിയമ്മ.
“ മോനേ, എന്തെങ്കിലും ചെയ്യണേ...അവള്‍ക്ക് കിട്ടുന്ന ശംബളം കൊണ്ടാ ഞങ്ങള്‍ ജീവിച്ച് പോകുന്നത്...“
‘ശരിയാക്കാം, അമ്മേ’: ഞാനുറപ്പ് കൊടുത്തു.
‘പക്ഷേ മോനേ, ഓഫീസിനകത്ത് ഒരു ജോലി കൊടുക്കാന്‍ മോന്‍ വിചാരിച്ചാ പറ്റില്ലേ? കല്യാണാലോചനകള്‍ വരുന്ന സമയാ. തറവാട്ടില്‍ പിറന്ന കൊച്ച് , ക്യാഷ് കൌണ്ടറില്‍, എല്ലാര്‍ക്കുമൊരു കാഴ്ചവസ്തുവായി.....മോനറിയോ, പറഞ്ഞു വന്നാ എഴുത്തുകാരന്‍‍‍‍ കേശവദേവിന്റെ തറവാട്ടുകാരാ ഞങ്ങള്‍.’

ആ തറവാട്ട് പുരാണം, ഞാന്‍ ഒരിക്കല്‍ കൂടി കണ്ണടച്ചിരുന്ന് വിഴുങ്ങീ‍.

ഹക്കീക്കിയുമാലോചിച്ച്, ‘കോ ഓര്‍ഡിനേറ്റര്‍’ എന്ന പുതിയ ഒരു തസ്തികയുണ്ടാക്കി, ശ്രീദേവിയെ ഓഫീസില്‍ പ്രതിഷ്ഠിച്ചു‍. ക്യാഷും റിപ്പോര്‍ട്ടുകളും ടാലി ചെയ്യുക, ടില്ലുകളില്‍ ചില്ലറ ഉറപ്പാക്കുക, റീ ഓര്‍ഡര്‍ ലവല്‍ സൂപ്പര്‍വൈസ് ചെയ്യുക എന്നിവയായിരുന്നു പ്രധാന ജോലികള്‍.

*******************

വിരസമായ ഒരു പ്രവൃത്തി ദിവസം:
ഒരു കോലാഹലം കേട്ട് ഞാന്‍ ക്യാബിന് വെളിയിലിറങ്ങി.
‘ഒരു കള്ളുകുടിയനാ...‍. സാറിനെ കാണണമെന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നു’ : മമ്മൂട്ടി കൈയില്‍ ട്രേയുമായി ഓടിയെത്തി.

സന്ദര്‍ശകന്‍ കള്ളുകുടിയനാണെങ്കില്‍‍ ഓഫീസിന് പുറത്ത് വച്ച് കാണുന്നതായിരിക്കും ഭദ്രമെന്ന് ചിന്തിച്ചു, ഞാന്‍.

കോറിഡോറില്‍ ലിഫ്റ്റിന്നരികെ ഉലഞ്ഞ വസ്ത്രങ്ങളും കുറ്റിത്താടിയുമായി നില്‍ക്കുന്നൂ, മെലിഞ്ഞ ഒരു മധ്യവയസ്കന്‍.

‘നീയാണോടാ എന്റെ മോള്‍ടെ രഹസ്യക്കാരന്‍?’: ഇഴഞ്ഞ ശബ്ദത്തിലയാള്‍ ചോദിച്ചപ്പോള്‍ മമ്മൂട്ടിക്ക് പെട്ടെന്ന് കാര്യം പിടി കിട്ടി:
‘നമ്മുടെ ശ്രീദേവീടെ അച്ഛനാ...“
‘സുന്ദരേശന്‍ നായരാണോ.... എന്താ കാര്യം?” : ഞാനല്പം ഗൌരവം നടിച്ചു.
‘ദാ, ഇത് കണ്ടോ?”: പോക്കറ്റില്‍ നിന്ന് അയാ‍ള്‍ എതാനും കടലാസ് കഷണങ്ങള്‍ പുറത്തെടുത്തു.
‘എന്റെ മോള്‍‍ക്ക് കിട്ടിയ പ്രേമലേഖനങ്ങളാ......നീയിതിന് സമാധാനം പറയണം‍.’
ഞാന്‍ നോക്കി: ഇംഗ്ലീഷിലാണ്, നല്ല വൃത്തിയുള്ള കൈപ്പട.
‘ഞാനെന്ത് വേണമെന്നാ?’ : കോപത്തേക്കാള്‍ തമാശയാണെനിക്ക് തോന്നിയത്.
‘എന്റെ മോളെ ജോലിക്ക് വച്ചത് നീയല്ലേ, അതോണ്ട് ഇതിന് സമാധാനവും നീ തന്നെയുണ്ടാക്കണം‘: കൈചൂണ്ടിക്കൊണ്ടടുത്തൂ, അയാള്‍.

വളരെ പണിപ്പെട്ടാണ് മമ്മൂട്ടിയും വാച്ച്‌മേനും കൂടി അയാ‍ളെ പിടിച്ച് പുറത്താക്കിയത്.
‘സാറെ, ഇത് പണ്ടാരോ പറഞ്ഞ പോലെ....പാമ്പിനെയെടുത്ത് വേണ്ടാത്ത എവിടെയോ‍ വച്ചു എന്ന് പറഞ്ഞത് പോലായല്ലോ?’ : മമ്മൂട്ടി സഹതപിച്ചു.

ജാള്യതയോടെ ഒരു ചിരി പാസ്സാക്കി തിരിച്ച് നടക്കവെ ഞാന്‍ ചുറ്റും നോക്കി: ശ്രീദേവിയുടെ നിഴല്‍ പോലുമില്ല, എങ്ങും.

ഡിപ്പാര്‍ട്മെന്റ് സ്റ്റോറിലെ ‘ഗസ്റ്റപോ’കള്‍ താമസിയാതെ തന്നെ കാമുകനെ കണ്ടുപിടിച്ചു: സ്റ്റേഷനറി സപ്ലൈ ചെയ്യുന്ന കണ്ണൂര്‍ക്കാരന്‍ നൌഷാദ്. ഉച്ചക്കുള്ള ബ്രേക്കിന് അവന്റെ വാനില്‍ കയറി ശ്രീദേവി പോകുന്നതും വൈകീട്ട് തിരിച്ച് വന്നിറങ്ങുന്നതുമൊക്കെ പലരും കണ്ടിരിക്കുന്നു.

‘അവനെപ്പിടിച്ച് രണ്ട് പൊട്ടിച്ച് വിട്ടാലോ സാറെ?’: മമ്മൂട്ടി ചോദിച്ചു.
‘എന്തിന്? അവളെ പറഞ്ഞു വിട്ടാല്‍ തീരില്ലേ പ്രശ്നം?‘ :ഞാന്‍ പ്രതിവചിച്ചു.

********************
ആഴ്ചകള്‍ക്ക് ശേഷം ഒരു മെട്രിക് ടണ്‍ പ്രസരിപ്പും ഊര്‍ജ്ജവും 55 കിലോയിലൊതുക്കി ശ്രീദേവി ‍എന്റെ ഓഫീസിലെത്തി. സാരിയും ബ്ലൌസുമണിഞ്ഞപ്പോള്‍ അവളൊരു ഒത്ത പെണ്ണായി മാറി.

‘എന്തായാലും ഏട്ടനെ മറക്കാന്‍ പറ്റ്വോ, എനിക്ക്?’ : അവള്‍ കൊഞ്ചി.
‘ജോലി കിട്ടി അല്ലേ?‘: ഞാന്‍ ഒരു മഞ്ഞച്ചിരി ചിരിച്ചു.
‘ഇവിടെ അടുത്താ... സെക്രട്ടറിയായി’ : അഭിമാനത്തോടെ അവള്‍ പുതിയ കമ്പനിയുടെ കാര്‍ഡെടുത്ത് നീട്ടി.
‘വെരി ഗുഡ്! അമ്മക്ക് സുഖമല്ലേ?’
‘അതെ, ഇന്നലെ അനിയത്തി വന്നിട്ടുണ്ട്, മദ്രാസീന്ന്”
ഗാനഗന്ധര്‍വനില്‍ നിന്ന് നേരിട്ട് സംഗീതം ‘കത്താന്‍’ വേണ്ടി മദിരാശിയിലേക്ക് ‘വാസം’മാറ്റിയ ‘ശെല്‍‌വി’യെപ്പറ്റി അമ്മയും മകളും വാചാലരാകാറുള്ളതോര്‍ത്തൂ, ഞാന്‍.
‘അവള്‍ടെ പഠിത്തം കഴിഞ്ഞോ?’ : ഞാന്‍ ചോദിച്ചു.
‘ഇല്ല, മലയാളിസമാജത്തിന്റെ പ്രോഗ്രാമിന് പാടാന്‍ വന്നതാ. ഏട്ടന്‍‍ തീര്‍ച്ചയായും വരണം, ‍ ഞാന്‍ VIP പാസ്സ് കൊടുത്ത് വിടാം’

*****************

അമ്മയും മകളും കൂടി വീട്ടിലെത്തിയപ്പോള്‍‍ ഇനിയെന്ത് പുലിവാലാണോ എന്നത്ഭുതപ്പെട്ടു, ഞാന്‍.
‘ഏട്ടന്റെ കൂട്ടുകാരനല്ലേ മോഹന്‍‌ദാസ്?’ :അവള്‍ ചോദിച്ചു.
‘ഏത് മോഹന്‍‌ദാസ്?’
‘ഫിലിം ഡയരക്റ്റര്‍ മോഹന്‍‌ദാസ്. ദേരയില്‍ അഡ്‌വെര്‍ടൈസിംഗ് കമ്പനിയുള്ള....”
‘അതെ’ : ഞാന്‍ സമ്മതിച്ചു.

അനേക ചിത്രങ്ങളില്‍ പി.ജി.വിശ്വംഭരന്റെ അസിസ്റ്റന്റായിരുന്നു, മോഹന്‍ദാസ്. സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ചിരകാലാഭിലാഷം സഫലമാക്കാന്‍ സ്ഥാവരജംഗമ സ്വത്തുക്കളെല്ലാം വിറ്റ് തുലക്കേണ്ടി വന്ന ഹതഭാഗ്യന്‍. അവശേഷിച്ച ചില സ്നേഹിതരുടെ സഹായത്തോടെ ‍ ഒരു അഡ്‌വെര്‍ടൈസിംഗ് കമ്പനിയുമായിദുബായില്‍ കൂടിയിരിക്കയാണിപ്പോള്‍.

‘അവര്‍ ഒരു മോഡലിനെ തേടുകയാണെന്നറിഞ്ഞു. വിനോദാ പറഞ്ഞത് ഏട്ടന് മോഹന്‍ ദാസിനെ അറിയാമെന്ന്.‘
‘അതിനെന്താ? ചോദിക്കാമല്ലോ?”

ഒരു സ്വര്‍ണക്കടയുടെ പരസ്യത്തിന് വേണ്ടിയായിരുന്നൂ, മോഡല്‍.
“മലയാളിത്തമുള്ള മുഖമാണോ?’ : മോഹന്‍ ദാസ് ചോദിച്ചു.
‘അതെ’
‘എന്നാ നാളെ വൈകീട്ട് വരാന്‍ പറയൂ. ഒരു സ്ക്രീന്‍ ടെസ്റ്റ് നടത്തി നോക്കാം”

***************

പിറ്റേന്ന് 5 മണിക്ക് തന്നെയെത്തി ശ്രീദേവി.
‘നീ തനിയെ പോയാ മതി’ : ഞാന്‍ പറഞ്ഞു.
‘ഇല്ല, ഏട്ടന്‍ വരണം’ :അവള്‍ വാശി പിടിച്ചു.”അല്ലെങ്കി പോവില്ല, ഞാന്‍”

അല്‍ നാസര്‍ സ്ക്വയറില്‍ ബ്രിട്ടീഷ് ബാങ്കിന്റെ മുകളിലുള്ള മോഹന്‍ ദാസിന്റെ സ്റ്റുഡിയോക്ക് താഴെ കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ അവള്‍ വീണ്ടും ചിണുങ്ങി:
‘ എന്റെ ഒപ്പം നില്‍ക്കണം, ഏട്ടന്‍. ആദ്യമായാ ഞാന്‍ ക്യാമറക്ക് മുന്‍പില്‍...’

മോഹന്‍ ദാസ് പരസ്യത്തെപ്പറ്റി ഒരു ലഘുവിവരണം നല്‍കി.
ആദ്യം ഭരതനാട്യം പോസില്‍ ചില സ്റ്റില്ലുകള്‍,
പിന്നെ മുലക്കച്ച കെട്ടിയ മലയാളിമങ്കയായി,
അവസാനം ആഭരണങ്ങളണിഞ്ഞ് കടല്‍ത്തീരത്ത് കൂടെ സ്ലോ മോഷനില്‍...

മേക്കപ്പ് തുടങ്ങിയപ്പോള്‍ പുറത്ത് കടക്കാനൊരുങ്ങീ, ഞാന്‍. പക്ഷേ അവളെന്നെ പിടിച്ച് നിര്‍ത്തി.
‘നാലു വര്‍ഷം ഡാന്‍സ് പഠിച്ചതാ’ : ഭരതനാട്യം പോസില്‍ നില്‍ക്കാനാവശ്യപ്പെട്ടപ്പോള്‍‍ അവള്‍ അവകാശപ്പെട്ടു.

‘ശരീരഭാഗങ്ങള്‍... വിവിധ ആംഗിളുകളില്‍”
-സാരിയഴിച്ച്, ബ്ലൌസുയര്‍ത്തിയും താഴ്ത്തിയും അതിര്‍ത്തിരേഖകളെക്കുറിച്ച് ആശങ്കയുളവാക്കുന്ന ഷോട്ടുകള്‍,
-പാവാടയുടെ ചരടഴിച്ച്, എത്ര ഊളിയിട്ടാളും അടി കാണാത്ത കയങ്ങളുടെ അമ്പരിപ്പിക്കുന്ന ദൃശ്യങ്ങള്‍,
-നനുത്ത ചെമ്പന്‍ രോമങ്ങള്‍ എഴുന്ന് നില്‍ക്കുന്ന കണങ്കാലുകളുടേയും മിനുപ്പും കൊഴുപ്പും തുടിക്കുന്ന തുടയുടേയും സ്നാപ്പുകള്‍....

സ്റ്റുഡിയോയുടെ മൂലയിലെ‍ ചുമരില്‍ ചാരി, യോഗനിദ്രയില്‍ അഭയം തേടി ഞാന്‍.

‘ഇനി കടല്‍ക്കരയിലൂടെ സ്ലോമോഷനില്‍ ഓടുന്നത്. ബ്രാ‍ വേണ്ടാ ട്ടോ. നല്ല മൂവ്മെന്റ് കിട്ടണം; സ്കിപ് ചെയ്യുന്ന പോലെ...”

മോഹന്‍ ദാസിന്റെ ശബ്ദം വിദൂരതയില്‍ നിന്നെന്ന പോലെ കര്‍ണപുടങ്ങളില്‍ ...പിന്നെ നുരയുന്ന അലയൊലി‍ പോലെ കരയെ പുണര്‍ന്ന് അകന്ന് പോയി.

******************
“മോനേ, ഇന്ന് ഫ്ലാറ്റിന്റെ വാടക കൊടുക്കേണ്ട ദിവസാ... ദേവി മോന്റടുത്ത് വരുന്നെന്ന് പറഞ്ഞു. പക്ഷെ എനിക്കറിയാം, അവള്‍ മോനോട് ചോദിക്കില്ലെന്ന്. ഒരയ്യായിരം ദിര്‍ഹം കൊടുത്ത് വിടണം. കുറേശ്ശെയായി തന്ന് തീര്‍ത്തോളാം‍‍.’

മാധവിയമ്മ ഫോണിലൂടെ ആവശ്യപ്പെട്ടപ്പോള്‍ എന്ത് പറയണമെന്നറിയാതെ പരുങ്ങീ, ഞാന്‍.
‘അതിനമ്മേ, എന്റെ കൈയില്‍ പൈസയൊന്നുമില്ലല്ലോ. കൂടി വന്നാ ഒരായിരം..”
“മോന്‍ എങ്ങനെയെങ്കിലും അറേഞ്ച് ചെയ്തേ പറ്റൂ. അല്ലെങ്കി പെരുവഴിയിലാ ഇന്ന് രാത്രി ഞങ്ങളുറങ്ങുക.“
അവര്‍ ഫോണ്‍ കട്ട് ചെയ്തു.

കുറച്ച് കഴിഞ്ഞപ്പോള്‍ ശ്രീദേവി വന്നു.
‘മോഹനേട്ടന്‍ വിളിച്ചിരുന്നു. ജ്വല്ലറിയുടെ കൊണ്ട്രാക്റ്റ് ഉറപ്പായെന്ന്. ഏട്ടനെ നേരിട്ടറിയിക്കാന്‍ വന്നതാ’
അവളുടെ കവിളുകളില്‍ അഭിമാനത്തിന്റേയും ആഹ്ലാദത്തിന്റേയും റോസാദലങ്ങള്‍! ‘കണ്‍ഗ്രാജുലേഷന്‍സ്‘: ഞാന്‍ കൈ നീട്ടി.
‘ഏട്ടനാ ഇതിന്റെ ക്രെഡിറ്റ്...’ : ആരാധന നിറഞ്ഞ മിഴികള്‍ കൊണ്ടവളെന്നെ തഴുകി:“ഇനി പോകാം’
‘എവിടെ?”
‘എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമല്ലേ? അതോണ്ട് ഏട്ടന്‍ വേണം ഇന്നെന്നെ വീട്ടീ‍ല്‍ വിടാന്‍. വഴി നീളെ സംസാരിക്കേം ചെയ്യാല്ലോ. “
‘പക്ഷെ ജോലി...?’
‘ഒരു ജോലിക്കാരന്‍! നാളെ ചെയ്താ പോരേ? .....പ്ലീസ്, എനിക്കു വേണ്ടി”
അവള്‍ കൈയില്‍ പിടിച്ചൂ.
“ശരി, പോകും വഴി‍ ATM ല്‍ നിന്ന് ക്യാഷെടുക്കാം. വാടക കൊടുക്കേണ്ട ദിവസമല്ലേ?’ ഞാന്‍ ചോദിച്ഛു.
“ഓ, ഈയമ്മ....ഞാന്‍ പറഞ്ഞതാ ഏട്ടനെ ബുദ്ധിമുട്ടിക്കരുതെന്ന്.’ : കപടരോഷത്തോടെ ചുണ്ട് കോട്ടി, അവള്‍.

’അമ്പതും നൂറുമായി ഏട്ടന്റെ കൈയീന്ന് വാങ്ങീത് തന്നെ ഇപ്പോ ഒരു തുകയായിട്ടുണ്ടാവും.‍”

****************

“മോനെ ശല്യപ്പെടുത്തുകയാണെന്നറിയാം”: പൈസ വാങ്ങുമ്പോള്‍ മാധവിയമ്മയുടെ കണ്ണുകള്‍ നിറയുകയും കണ്ഠമിടറുകയും ചെയ്തു. “ഞങ്ങള്‍ക്ക് ചോദിക്കാന്‍ വേറെ ആരാ ഉള്ളത്? അങ്ങേര്‍ക്കിതെന്തെങ്കിലുമറിയണോ? കുടിച്ച് കൂത്താടി....ഇപ്പോ വല്ലപ്പോഴൊക്കെയാ വീട്ടീ വരുന്നത് തന്നെ“
എന്നിട്ട് തിരിഞ്ഞ് മോളോട് പറഞ്ഞു:‘ പെട്ടെന്ന് തന്നെ സാറിന് തിരിച്ച് കൊടുക്കണം, ട്ടാ!”
ശ്രീദേവി തന്ന ചായയും കായ വറുത്തതും ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍‍ അണിഞ്ഞൊരുങ്ങി വന്നൂ, അവര്‍.
“മോനിരിക്ക്, ട്ടാ! അമ്മ ഈ പൈസ അറബിക്ക് കൊടുത്തിട്ട് വരാം’ : എന്നിട്ട് തലയില്‍ കൈ വച്ച് പിരാകി. “കാലമാടന്‍, ഒരു ദിവസം വൈകിയാ മതി, വന്നു കേറും വീട്ടില്‍‍. പിന്നെ ആ വര്‍ത്താനോം നോട്ടവും വെടലച്ചിരീം....കുടുംബത്തീപ്പിറന്നോര്‍ക്ക് സഹിക്കാനാവ്വോ മോനേ, അതൊക്കെ?’
അമ്മ പോയപ്പോള്‍‍ ശ്രീദേവി അരികെ വന്നിരുന്നു.
‘ഞാനൊരിക്കലും മറക്കില്ലാട്ടോ’ : അവളുടെ വിടര്‍ന്ന കണ്ണുകളിലെ നീണ്ട പീലികള്‍ കൂട്ടിമുട്ടി, പലവട്ടം. നനഞ്ഞ ചുണ്ടുകള്‍ക്കും നിരയൊത്ത പല്ലുകള്‍ക്കും ഇടയില്‍ ചുവന്ന നാവിന്റെ അറ്റം ത്രസിച്ചു.
ആ കൈകള്‍ എന്റെ കൈകളെ തേടി.
“അമ്മ ...’ : ഞാന്‍ വാതിലിലേക്ക് നോക്കി.
‘അമ്മയിനി വരണമെങ്കില്‍ രണ്ട് മണിക്കൂറെങ്കിലും കഴിയും.’
എഴുന്നേറ്റ് വാതില്‍ അകത്ത് നിന്നും കുറ്റിയിട്ടൂ, അവള്‍. എന്നിട്ട് തിരിഞ്ഞ് നിന്ന്, ദഹിപ്പിക്കുന്ന ഒരു ചിരിയോടെ, എന്നെ തന്നിലേക്കാവാഹിച്ചു.

**************

വ്യാജമദ്യവില്‍പ്പന നടത്തിയതിന് സുന്ദരേശന്‍ നായരെ പോലീസ് അറസ്റ്റ് ചെയ്തു. 6 മാസം ജയിലും ഡീപോര്‍ട്ടേഷനും‍. ഫാമിലി വിസയിലായതിനാല്‍ അമ്മക്കും മകള്‍ക്കും അയാളോടൊപ്പം ഗള്‍ഫ് വിടേണ്ടി വന്നു.

ജുവല്ലറിയുടെ പരസ്യം കാണുമ്പോഴൊക്കെ മധുരിക്കുന്ന ഓര്‍‍മ്മയും പുളകം വിടര്‍‍ത്തുന്ന ഉന്മാദവുമായി ശ്രീദേവി മനസ്സില്‍ വന്ന് നിറയും.
വിനോദ് ഓര്‍മ്മിപ്പിക്കും: ‘ചേട്ടാ, നമുക്കവളെ കമ്പനി വിസയില്‍ കൊണ്ട് വന്നാലോ?’
“നോക്കാം”: ഞാനെതിരു പറയാറില്ല.

വിവാഹക്ഷണക്കത്ത് വന്നത് പിന്നേയും ഒരു കൊല്ലം കഴിഞ്ഞാണ്, കൂടെ ഒരു കത്തും.


എന്റെ നാടിന്നടുത്ത് പുല്ലൂര്‍ എന്ന സ്ഥലത്താണ്, മസ്കറ്റില്‍ ജോലിയെടുക്കുന്ന പ്രതിശ്രുത വരന്‍ സതീശന്റെ വീടെന്നവള്‍ അറിയിച്ചു.

എന്നിട്ടെഴുതി: ‘കണ്ടോ, ഏട്ടന്റെ അരികില്‍ തന്നെ ഞാന്‍ ഉണ്ടാകണമെന്നാ ദൈവത്തിനും.”

വിവരമറിഞ്ഞപ്പോള്‍ വിനോദ് പറഞ്ഞു: ‘ഓ, അപ്പോ അവളും പോയി. കാശെത്ര തിന്നതാ തള്ളേം മോളും കൂടി.”

മോഹന്‍‍ ദാസിന്റെ പ്രതികരണവും മറിച്ചായിരുന്നില്ല: ‘രണ്ട് ആഡ് കാമ്പെയിനുകള്‍ക്കുള്ള തുക അവള്‍ അഡ്വാന്‍സ് ആയി വാങ്ങിയിരുന്നൂ!‍‍.’

***************
വാല്‍ക്കഷ്ണം:

കഴിഞ്ഞ കൊല്ലം നാട്ടില്‍ പോയപ്പോള്‍ വല്യേച്ചിയുടെ വീട്ടിലേക്ക് തിരിയുന്ന വഴിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു രമ്യഹര്‍മ്മ്യം എന്റെ ശ്രദ്ധയാകര്‍ഷിച്ചു.

‘ചേച്ചി, നമ്മുടെ റപ്പായി മാപ്പിളയുടെ മകന്‍ ആന്‍ഡ്രു ഇത്ര വല്യ വീട് വച്ചോ? ബാംഗ്ലൂരല്ലേ അവനിപ്പോഴും?’ ഞാന്‍ ചോദിച്ചു.

‘ ആന്‍ഡ്രു സ്ഥലം വിറ്റ് അമ്മേനേം കൊണ്ട് ബംഗളൂരീ പോയെടാ. ഈ വീട് പതിയാരത്തെ സുഭദ്രാമ്മേടെ മോന്‍ സതീശന്റേയാ. നീയറിയോ ആവോ. മസ്ക്കറ്റില്‍‍ ബാങ്കിലോ മറ്റോ ആണ് ജോലി. സുഭദ്രാമ്മേം മരുമോളും കൂടിയാ ഇവിടെ താമസം. മരുമോള്‍ ആളല്പം പെശകാന്നാ ജനസംസാരം. പോരാത്തതിന് യേശുദാസിന്റൊപ്പം പിന്നണി പാടാന്‍ പോയ അനിയത്തീം വന്നിട്ടുണ്ടിപ്പോ. എന്ത് പറയാനാ..... നമ്മുടെ നാടന്‍ പാണന്‍‌മാര്‍ക്ക് പാടി നടക്കാന്‍ കിട്ടുന്ന ഓരോരോ പുരാണങ്ങളേയ്.......!”

Wednesday, November 21, 2007

ഉമിത്തീയിലെരിയുന്ന അഗ്നിരേഖ

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്വന്തമായി ഒരു കണ്‍സ്ട്രകഷന്‍ കമ്പനി തുടങ്ങാന്‍ മൂത്ത മകന് ചെയര്‍മാന്‍ അനുമതി നല്‍കിയത്.

രണ്ട് നിബദ്ധനകള്‍ മുന്നോട്ട് വച്ചു:
കമ്പനി നടത്തിപ്പിന്റെ മേല്‍നോട്ടം തന്റെ P.A.ക്കായിരിക്കും.
തന്റെ അനുവാദമില്ലാതെ ഒരു പ്രോജെക്റ്റും‍ ഏറ്റെടുക്കരുത്.
-അങ്ങനെയാണ് ഒരു ‘നിര്‍മ്മാണ‘ കമ്പനിക്ക് “ബേബിസിറ്ററാ“യി ഞാന്‍ മാറിയത്.

പ്രശസ്ത ലേബര്‍ സപ്ലൈ ഏജന്‍സിയുടെ മാനേജര്‍ ദേവനെ കൊണ്ട് വന്നത് എഞ്ചിനീയര്‍ മോഹനായിരുന്നു. ഓരോ റിക്രൂട്ടിനും എത്ര ശതമാനം കമ്മീഷന്‍ വേണമെന്ന് ഒരു ചെടിപ്പുമില്ലാതെ അയാള്‍ ചോദിച്ചപ്പോള്‍ വളരെ ശാന്തനായി ഞാ‍ന്‍ പറഞ്ഞു: “ദേവന്‍, ഐ തിങ്ക് ഇറ്റ്സ് ടൈം ഫോര്‍ യു ടു ലീവ്!”

വളിച്ച ഒരു ചിരിയോടെ വാതില്‍ക്കല്‍‍ തിരിഞ്ഞ് നിന്ന്, കൈകള്‍ കൂപ്പി, അയാള്‍ മൊഴിഞ്ഞു: ‘അണ്ണാ, ആളറിയാതെ പറഞ്ഞു പോയതാ; ഷെമീ! ഒരു തെറ്റൊക്കെ ഏത് പോലീസുകാരന്റെ മോനും പറ്റില്ലേ?“

എന്നിട്ട് രഹസ്യം പറയും പോലെ വായ് പൊത്തി, ‘എന്റെ അച്ഛന്‍ ഒരു പോലീസുകാരനായിരുന്നൂ, കേട്ടോ’ എന്ന് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഗൌരവത്തിന്റെ നീര്‍ക്കുമിളകള്‍ തകര്‍ന്നു വീണത് സൌഹൃദത്തിന്റെ തെളിനീര്‍ പ്രവാ‍ഹത്തിലേക്കായിരുന്നു.

"ഞങ്ങളുടെ മദ്രാസ് ഓഫീസില്‍‍ ഒരു സെക്രട്ടറിയുണ്ട്. വളരെ ഏബിളാ. അവള്‍ക്ക് ഗള്‍ഫില്‍ വന്നാല്‍ ‍കൊള്ളാമെന്നൊരാശ. നിങ്ങളുടെ കമ്പനിക്കൊരു മുതല്‍ക്കൂട്ടായിരിക്കും, അവള്‍.”

സെക്രട്ടറി പോസ്റ്റിനെത്തിയ ഉദ്യോഗാര്‍ത്ഥിനികളെ ഒന്നൊന്നായി നിരാകരിച്ച എന്നോട് ദേവന്‍ പറഞ്ഞു.


‘നിങ്ങളുടെ കമ്പനി അറിയാതെയോ?’

‘അതെ. വിസിറ്റ് വിസായില്‍ വരുത്തിയാല്‍ മതി. ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ചയക്കാമല്ലോ?”

-വളരെ ഇം‌പ്രസ്സീവ് ആയിരുന്നു, രേഖാ തോമസിന്റെ സീ.വി.യും ഫൊട്ടോയും. ഒരു കൊച്ച് സുന്ദരി. സ്വപ്നങ്ങള്‍ മയങ്ങുന്ന, പാതി വിടര്‍ന്ന അവളുടെ കണ്ണുകള്‍ എന്റെ പ്രത്യേക ശ്രദ്ധ പിടിച്ച് പറ്റി.


‘ ദേവന്‍ സാ‍ര്‍ പറഞ്ഞിട്ടുണ്ട്, എല്ലാം. വിസിറ്റ് വിസായില്‍ വരാന്‍ ഞാന്‍ തയ്യാറാണ്.’ : പതിഞ്ഞ, എന്നാല്‍ സ്ഫുടമായ സ്വരം ഫോണിലൂടെ ഒഴുകി വന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് ഹിന്ദി നടി റാണി മുഖര്‍ജിയുടെ മുഖമായിരുന്നു.


*********

‘വിസ എന്റെ കൈയില്‍ തന്നാല്‍ മതി.’ : രേഖയെ സ്വീകരിക്കാന്‍ തയ്യാറായി ദേവന്‍ മുന്നോട്ട് വന്നു.

“താമസസൌകര്യം?”

“അതൊക്കെ ഞാനേറ്റെന്നേ..നാളെ കാലത്ത് അവള്‍ ഓഫീസിലുണ്ടായാല്‍ പോരേ?”: അവന്റെ അര്‍പ്പണബോധത്തില്‍ മതിപ്പ് തോന്നാതിരുന്നില്ല, എനിക്ക്.


ഉച്ചയൂണ് കഴിഞ്ഞ് ഓഫീസിലെത്തിയപ്പോള്‍ റിസപ്ഷനിസ്റ്റ് പറഞ്ഞു: ‘‍ വിസിറ്റേഴ്സ് ഉണ്ട്, സാറിന്റെ ഓഫീസില്‍.’
അപ്പോയിന്റ്മെന്റില്ലാതെ ആരാ‍ണെന്നത്ഭുതപ്പെട്ടു, ഞാന്‍.


വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് കസേരയില്‍ നിന്നെണീറ്റൂ, ഒരു എണ്ണമൈലി നാടന്‍ പെണ്ണ്; കൂടെ കൊമ്പന്‍ മീശക്കാരന്‍ കഷണ്ടിയും.

ഫോട്ടൊയിലെ മുഖം ഞാന്‍ തിരിച്ചറിഞ്ഞു:‘ മിസ്സിസ് രേഖാ തോമസ്?”

“യസ് സര്‍, ഇതെന്റെ കൊച്ചപ്പന്‍..‍ യോഹന്നാന്‍’ : കൊമ്പന്‍ മീശയെ അവള്‍ എനിക്ക് പരിചയപ്പെടുത്തി.

“ എത്ര വരേയാ ജോലിസമയം? കൊണ്ട് പോകാന്‍ ഞാനെപ്പഴാ വരണ്ടേ?’ : ചിരട്ട നിലത്തുരസും പോലെ അയാളുടെ സ്വരം.

“രാവിലെ എട്ടു മുതല്‍ ഒരു മണി വരേയും, വൈകീട്ട് 4 മുതല്‍ 7 വരേയുമാ ജോലി സമയം. സ്പ്ലിറ്റ് ഷിഫ്റ്റാ” : ഞാനറിയിച്ചു.

‘എന്നാ എഴു മണിക്ക് വരാം“: അയാള്‍ നടന്നകുന്നു.


യാത്രാക്ഷീണമുണ്ടെങ്കിലും, പകുതിയടഞ്ഞതെന്ന് തോന്നിക്കുന്ന, നീണ്ട കണ്‍പോളകള്‍‍ക്കുള്ളില്‍ ഓളം വെട്ടുന്ന തീക്ഷ്ണനയനങ്ങള്‍! വലത് കണ്ണില്‍ ഒളിച്ച് കളിക്കുന്ന തവിട്ട് നിറത്തിലുള്ള ഒരു പാട് എന്റെ ശ്രദ്ധ പിടിച്ച് പറ്റി.


“കണ്ണിലെന്താ?’ : ആദ്യ ചോദ്യം.

‘ഭാഗ്യമറുക്; ജന്മനാല്‍ ഉള്ളതാ.”: ആ മിഴികള്‍ എന്റെ മുഖത്ത് തറച്ച് നിന്നു.

അറ്റം വളഞ്ഞ നാസികക്ക് താഴെ വൃത്താകൃതി തോന്നിക്കുന്ന കനം കുറഞ്ഞ അ‍ധരങ്ങള്‍, കൂര്‍ത്ത താടി, അല്പം നീണ്ട കഴുത്ത്....
പാറിപ്പറന്ന മുടി ഒതുക്കി, തോളിലെ വാനിറ്റി ബാഗ് താഴെ വച്ച്, മുന്നിലെ കസേരയില്‍ അവളിരുന്നപ്പോള്‍ ദൃഷ്ടിയില്‍ തടഞ്ഞത് അല്പം‍ ഉയര്‍ന്ന, ഞൊറികളുള്ള വയറാണ്. പിന്നെ തൂങ്ങിക്കിടക്കുന്ന നീര്‍ക്കുടങ്ങളും.


സ്ത്രീസഹജ സ്വാഭാവികതയോടെ സാരി വലത് ഭാഗത്തേക്ക് വലിച്ചിട്ട് കണ്ണുകളുയര്‍ത്തി എന്നെ നോക്കി, അവള്‍.


പിന്നെ കണ്ണുകള്‍ വിടര്‍ത്തി, ചുണ്ടുകള്‍ പിളര്‍ത്തി, പല്ലുകളുടെ ധവളിമ ചുറ്റും പര‍ത്തി.

*********

പുതിയ കമ്പനിയുടെ സ്ഥിതി, സ്വഭാവം, പ്രവര്‍ത്തനം എല്ലാം അവള്‍ വേഗത്തില്‍ ‍ ഹൃദിസ്ഥമാക്കി. കുഴഞ്ഞ് മറിഞ്ഞ് കിടന്നിരുന്ന കണക്കുകളും ഫയലുകളും ഒരു ജാലവിദ്യക്കാരിയുടെ കൈയടക്കത്തോടെ കൈപ്പിടിയിലൊതുക്കി.


‘നമ്മുടെ കമ്പനിക്ക് യോജിച്ചത് ‘ടാലി‘യാ.’: അവള്‍ നിര്‍ദ്ദേശിച്ചു.

‘ടാലി അറിയാന്മോ?‘ :ഞാന്‍ ചോദിച്ചു.

‘പാക്കേജ് എടുത്താല്‍ ഫ്രീയായി ട്രെയിനിംഗ് തരാമെന്ന് പറയുന്നു. ഉച്ചക്ക് ഞാനിവിടെ വെറുതെയിരിക്കയല്ലേ? നാളെ തുടങ്ങിയാലോ?’

************


ഒരു തിങ്കളാഴ്ച:

ഓഫീസിലെത്തിയപ്പോള്‍ കാത്തിരിക്കുന്നൂ, രേഖ.

ഉറങ്ങാത്ത മുഖം, ഒതുക്കാ‍ത്ത മുടി, കലങ്ങിയ കണ്ണുകള്‍, കണ്ണീര്‍ച്ചാലുകള്‍ വികൃതമാക്കിയ കവിള്‍ത്തടങ്ങള്‍.
‘ഗുഡ് മോണിംഗ് സര്‍” : സ്വരത്തിന് വേദനയുടെ താപം.

‘ഇരിക്കൂ, രേഖേ. എന്തു പറ്റി?‘


അവളുടെ കണ്ണുകള്‍ കാര്‍പെറ്റില്‍ ഉഴറി നടന്നു. പിണഞ്ഞും അഴിഞ്ഞും പരസ്പരം അകന്നും മനസ്സിലെ പ്രക്ഷുബ്ധത പ്രകടമാക്കിക്കൊണ്ടിരുന്നു, കൈവിരലുകള്‍.

ഓഫീസ് ബോയ് കൊണ്ട് വന്ന ചായ കുടിച്ച് തീരും വരെ അവള്‍ ശബ്ദിച്ചില്ല.


‘സര്‍, കുറച്ച് സമയം എനിക്ക് സംസാരിക്കണം. ഡു യു മൈന്‍ഡ്?”

‘നോ പ്രോബ്ലം... പറഞ്ഞോളൂ”

“സാറിനെ മാത്രം വിശ്വസിച്ചാ വിസിറ്റ് വിസയില്‍ ഞാനിവിടെ വന്നത്’: അവള്‍ തുടങ്ങി.

‘അതെങ്ങനെ? ദേവനെയല്ലേ നിനക്ക് പരിചയം?”: ഞാന്‍ ഇടയില്‍ക്കയറി.

“അല്ലാ, സര്‍. ഓഫര്‍ കിട്ടിയതിന്റെ അടുത്ത ദിവസം ഞാന്‍ വേളാങ്കണ്ണിയില്‍‍ പോയി. ധ്യാനിച്ചിരുന്നപ്പോള്‍ മാതാവെന്നോട് പറഞ്ഞു: ‘മോളേ, നീ ധൈര്യമായി പൊയ്ക്കോ. രക്ഷകനായി നിനക്കവിടെ ഒരാളുണ്ടെന്ന്. സാറിന്റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോള്‍ ‍ അതാരാണെന്ന് എനിക്ക് ഉറപ്പായി.”

‘എന്ത്?‘ എനിക്ക് ചിരി വന്നു:“മാതാവ് അറിയുമോ എന്നെ?”

“അറിയും സര്‍; എല്ലാം അറിയുന്നവളാ മാതാവ്”


അവളുടെ ദൃഷ്ടികള്‍‍ ദീപ്തമായി. ധ്യാനത്തിലെന്നോണം അവ മുകളിലേക്കുയര്‍ന്നു. കൈകള്‍ നെഞ്ചില്‍ ചേര്‍ന്നു.


കഴുത്തില്‍, മാറിടങ്ങള്‍ക്കിടയിലൂടെ താഴോട്ടിറങ്ങിക്കിടന്ന, മുത്തുമാലയില്‍ തൂങ്ങുന്ന കുരിശു രൂപം അപ്പോഴാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്.

‘സര്‍, ‘ അവള്‍ തുടര്‍ന്നു: ‍‘സാറിന്റെ കൂട്ടുകാരനാണെങ്കിലും ദേവന്‍ അത്ര നല്ലവനല്ല. വിസയുടെ കോപ്പിയും ടിക്കറ്റും അയക്കും മുന്‍പ് ചില കണ്ടീഷന്‍സ് അയാള്‍ മുന്നോട്ട് വച്ചിരുന്നു. ദുബായില്‍ വന്നാല്‍ കുറച്ച് സോഷ്യല്‍ ആകണം, ബോസിനോട് ഫ്രീ ആയി ഇടപഴകണം, ഒന്നിച്ച് പാര്‍ട്ടികള്‍ക്ക് പോണം എന്നൊക്കെ. ഇതിന്റെയൊക്കെ അര്‍ത്ഥമൂഹിക്കാനാവാത്ത കൊച്ച് കുട്ടിയാണോ ഞാന്‍?”


കസേരയിലേക്ക് ഇറങ്ങിയിരുന്ന്, കൈമുട്ടുകള്‍ മേശയുടെ വശങ്ങളിലൂന്നി, അവള്‍ എന്റെ നേരെ തിരിഞ്ഞൂ:

‘ദുബായില്‍ അയാളുടെ റൂമില്‍ കൂടെ താമസിപ്പിക്കാനായിരുന്നു പ്ലാന്‍. മാതാവ് മുന്നറിയിപ്പ് തന്നത് കൊണ്ടാ കൊച്ചപ്പനോട് എയര്‍പോര്‍ട്ടില്‍ വരാന്‍ ഞാനാവശ്യപ്പെട്ടത്.“


ഒന്ന് നിര്‍ത്തി തലതാഴ്ത്തി, അവള്‍.

മിഴികള്‍ വീണ്ടും തരളിതമായി.

“പക്ഷേ മറ്റൊരു കെണിയിലേക്കാണ് ആ യാത്രയെന്ന് ഞാനൊരിക്കലും കരുതിയിയില്ല. അമ്മച്ചിയുടെ അനിയത്തി....കൊച്ചമ്മ, അവരുടെ ഭര്‍ത്താവ് എനിക്ക് അപ്പച്ചനേപ്പോലല്ലേ?‘ ചോദ്യരൂപത്തില്‍ അവളെന്നെ നോക്കി.


ഞാന്‍ തലയാട്ടി.

‘ഇന്നലെ അന്നമ്മച്ചിയും മോനും പള്ളിയില്‍ പോയിരിക്കുവാരുന്നു. ഞാന്‍ ഓഫീസില്‍ നിന്നെത്തി കുളിക്കാന്‍ കയറിയതാ. ഒന്ന് തള്ളിയാല്‍ ഊരി പോരുന്ന കൊളുത്താ ബാത് റൂമിന്റേത്.“


ആ നിമിഷങ്ങളിലേക്ക് മനസ്സിനെ നയിച്ചപ്പോഴവളുടെ കണ്ണുകള്‍‍ താനെ അടഞ്ഞു.

“കുളിക്കാന്‍ തുടങ്ങിയതും വാതിലില്‍ ശക്തമാ‍യ ഒരു തള്ളല്‍. ഉടുത്ത ഒറ്റമുണ്ടും വിശന്ന ചെന്നായുടെ കണ്ണുകളുമായി കൊച്ചപ്പന്‍ അകത്ത്. ശബ്ദിക്കാന്‍ കഴിയും മുന്‍പേ എന്റെ ബാത് ടവല്‍ അയാള്‍‍ പറിച്ചെറിഞ്ഞൂ.”: അവള്‍ കിതച്ചൂ.“മാതാവിന്റെ കൃപകൊണ്ട് എങ്ങനേയോ അയാളെ തള്ളി മാറ്റി, നൂല്‍ബന്ധം പോലുമില്ലാതെ, ഓടി ഞാന്‍ അന്നമ്മച്ചീടെ മുറിയില്‍ക്കയറി കതകടച്ചു. രാത്രി അന്നമ്മച്ചി പള്ളീന്ന് വന്ന ശേഷമാ കതക് തുറന്നേ..’


ഒരു കാടന്‍ പൂച്ചയെപ്പോലെ മുരളുകയായിരുന്നൂ, അവള്‍.





‘തനിക്ക് സ്വന്തമായി റൂമില്ലേ, അവിടെ?’ : ഞാന്‍ ചോദിച്ചു.






‘ഇല്ലാ സര്‍; പഴയ ഒരു വില്ലയിലെ ഒറ്റ മുറിയിലാ അവര്‍ താമസിക്കുന്നത്. എന്റെ ഇരിപ്പും കിടപ്പുമെല്ലാം കോറിഡോറിലെ സോഫായിലാ‍യിരുന്നു. 300 ദിരംസിന് അതിലും നല്ല സ്ഥലം ദുബാ‍യില്‍ കിട്ടുമോ, സര്‍?’






കരുണയുടേയും സ്നേഹത്തിന്റേയും മഞ്ഞുമലകള്‍ ഒന്നിച്ചുരുകീ, എന്റെ മനസ്സില്‍.






“എനിക്ക് താമസിക്കാനൊരു സ്ഥലം ശരിയാക്കിത്തരണം, ഇന്ന് തന്നെ. ഞാനിനി അവിടെ കാല്‍ കുത്തുന്ന പ്രശ്നമില്ല’.






‘ നിന്റെ സാധനങ്ങളെടുക്കാനെങ്കിലും കാല്‍ കുത്തേണ്ടി വരില്ലേ, അവിടെ?’ : പിരിമുറുക്കം കുറയ്ക്കാന്‍ അല്പം തമാശ കലര്‍ത്തി ചോദിച്ചു, ഞാന്‍.



“ബാഗും എടുത്തോണ്ടാ ഇറങ്ങിയേ. ഓഫീസില്‍‍‍ വച്ചിട്ടുണ്ട്.”

*************
ഗള്‍ഫ് ന്യൂസിന്റേയും ഖലീജ് റ്റൈംസിന്റേയും ക്ലാസ്സിഫൈഡുകള്‍ പരതലായിരുന്നു, പിന്നെ ഞങ്ങളുടെ പണി. വിവരമറിഞ്ഞ മറ്റ് സ്റ്റാഫംഗങ്ങളും കൂടെ കൂടി. അവസാനം കരാമയില്‍ ഷെയ്ക്ക് കോളനിയില്‍ ഒരു ഷയറിംഗ് അക്കൊമൊഡേഷന്‍‍ ഒത്ത് കിട്ടി.

‘കണ്ടോ, മാതാവെന്നെ കൈവിട്ടില്ല”: അഡ്വാന്‍സ് കൊടുത്ത്, ഫ്ലാറ്റുടമയായ ഗോവാക്കാരിയോട് യാത്ര പറഞ്ഞിറങ്ങവേ, രണ്ട് കൈകളും കൂട്ടിപ്പിടിച്ച്, കാതര ‍മിഴികള്‍ എന്റേതിലൂന്നി‍ തേങ്ങി, അവള്‍.
“സാറിന്റെ കടമൊക്കെ ഞാന്‍ എങ്ങനേയാ‍ വീട്ടുക?”
അവളുടെ കണ്ണുകള്‍ വന്യമായി തിളങ്ങുന്നതും വലത് കണ്ണിലെ ചാരനിറമുള്ള മറുക് മേല്‍കീഴ് ചാഞ്ചാടുന്നതും നോക്കി നിന്നു ഞാന്‍.അവളുടെ നിശ്വാസങ്ങള്‍ക്കപ്പോള്‍ പ്രചണ്ഢമായ ഒരു മണ‍ല്‍ക്കാറ്റിന്റെ ചൂരും ചൂടും ചടുലതയും!

*************

ജോലികള്‍ പെട്ടെന്ന് തീര്‍ത്ത് ഇടക്കിടെ അവളെന്റെ ക്യാബിനിലെത്തും.
‘ദിവസവും കുറച്ച് നേരം എനിക്ക് വേണ്ടി മാറ്റി വയ്ക്കണം, സര്‍: ’ അവള്‍ പറയും.” ഈ ഒറ്റപ്പെട്ട ജീവിതമല്ലെങ്കിലെന്നെ ഭ്രാന്തിയാക്കി മാറ്റും.’

ഓഫീസ് കഴിഞ്ഞ് അവളെ റൂമില്‍ കൊണ്ട് വിടുക എന്നതു കൂടി എന്റെ ദിനചര്യയുടെ ഭാഗമാക്കിത്തീര്‍ത്തു, അവള്‍.

‘രാത്രി ഒറ്റക്ക് പോകാനെനിക്ക് പേടിയാ. പിന്നെ അത്രേം സമയം കൂടി സാറിനോട് സംസാരിക്കാല്ലോ?”

ദാരിദ്ര്യത്തിന്റെ പാരമ്യത്തില്‍‍, കാഞ്ഞിരപ്പള്ളിയില്‍ നിന്നും കണ്ണൂരിലെ പെരളശ്ശേരിയില്‍ കുടിയേറിപ്പാര്‍ത്ത അവളുടെ പ്രപിതാക്കന്മാരെപ്പറ്റിയും മദ്രാസില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റിവായി ജോലി നോക്കുന്ന ഭര്‍ത്താവ് തോമസ് ഇടിക്കുളയെന്ന ടോമിച്ചനെപ്പറ്റിയുമൊക്കെ ഞാന്‍ അടുത്തറിയുന്നത് ആ യാത്രകളിലാ‍ണ്.

“ടോമിച്ചന്‍ സ്നേഹമുള്ളോനാ‘: ഭര്‍ത്താവിനെപ്പറ്റി പറയുമ്പോള്‍ അവളുടെ സ്വരം‍ അനുരാഗത്തിന്റെ തേനുറവകളുതിര്‍ന്ന് കുതിരും.
“ഒരു ജോലി ശരിയാക്കി അച്ചായനേം ഇങ്ങോട്ട് കൊണ്ട് വരണം. സാറെന്നെ സഹായിക്കില്ലേ?’
ആ കണ്ണുകള്‍ തുറന്നടഞ്ഞു.
വലത് കണ്ണിലെ മറുക് ഒളിച്ചുകളി തുടര്‍ന്നു.

കണ്ണില്‍ മറുകുകളൊ പ്രകടമായ ചിഹ്നങ്ങളോ ഉള്ളവര്‍ അമാനുഷശക്തിയും അതീന്ദ്രീയജ്ഞാനവും ഒക്കെ ഉള്ളവരാ‍യിരിത്തീരുമെന്ന് എവിടെയാണ് വായിച്ചത് എന്നോര്‍ക്കാന്‍ ശ്രമിക്കയായിരുന്നൂ, ഞാനപ്പോള്‍.
**************

‘ഇന്നെന്റെ വെഡ്ഡിംഗ് ആന്നിവേഴ്സറിയാ’..
കൈയില്‍ ഒരു ടിന്‍ ചോക്കളേറ്റുമായിട്ടായിരുന്നു രേഖയുടെ വരവ്.കൈയില്‍ ഭര്‍ത്താവയച്ച ‘ഹാപ്പി ആനിവേഴ്സറി‘ കാര്‍ഡുമുണ്ടായിരുന്നു. ’മിസ് യു, മിസ് യു’ എന്ന് ചുവന്ന മഷിയില്‍ എഴുതിയിരിക്കുന്നൂ, ‍ കാര്‍ഡിന്റെ നാലു മൂലകളിലും.

“പ്രസവത്തിലേ കുഞ്ഞ് മരിച്ചില്ലായിരുന്നുവെങ്കില്‍ നാട് വിടുകയോ ടോമിച്ചനെ പിരിയുകയോ ചെയ്യേണ്ടി വരില്ലായിരുന്നു.“
ആഹ്ലാദം ജ്വലിച്ച് നിന്ന ആ മുഖത്ത് വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ പടര്‍ന്നത് പെട്ടെന്നാണ്.
“അതോടെ ജീവിതം മടുത്തു, സര്‍! ഒളിച്ചോടണമെന്നും സന്യാസിനിയാകണമെന്നും ഒക്കെ തോന്നി. അപ്പോഴാണ് സാറിന്റെ ഓഫര്‍ വന്നത്.’
‘എത്ര കാലമായി‍?’ : ഞാന്‍ ചോദിച്ചു.
“ആറു മാസം. കുഞ്ഞ് വയറ്റില്‍ വച്ചേ മരിക്കയായിരുന്നൂ.”

സാരി അല്പം മാറ്റി, ഞൊറികളുള്ള വലിയ തന്റെ വയര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടവള്‍ പറഞ്ഞു: ‘ഇത് കണ്ടോ..... മരുന്നുകളേറെ കഴിച്ചിട്ടും ചുരുങ്ങിയിട്ടില്ലിത് വരെ.“




പിന്നെ ഒരു ചെറുചിരിയോടെ ഒളികണ്ണിട്ടെന്നെ നോക്കി, കൈ മാറിടത്തിലേക്കുയര്‍ത്തി ബാക്കി സംശയവും ദൂരീകരിച്ചു: “ ദാ, ഇതിന്റെ സ്ഥിതിയും അങ്ങനെ തന്നെ. ഇപ്പഴും ‍ പാല്‍ ചുരത്തും‍.”



***************

ഒരു വെള്ളിയാഴ്ച വൈകുന്നേരം:
കൂട്ടുകാരന്റെ വീട്ടില്‍ സൊറപറച്ചിലും സുരപാനവും റമ്മികളിയുമൊക്കെയായി ഒത്ത് കൂടിയിരിക്കയായിരുന്നു, ഞങ്ങള്‍.

മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അവഗണിച്ചു. പക്ഷേ നിര്‍ത്താതെ അത് ചിലച്ചപ്പോള്‍ പ്രിയതമ തന്നെ അതെടുത്ത് തന്നു: “ നോക്ക്, വല്ല അത്യാവശ്യകാര്യവുമാണെങ്കിലോ?”

ഗോവക്കാരി ആന്റിയായിരുന്നു, ലൈനില്‍. രേഖ കാലത്തേമുതല്‍ മുറിക്കുള്ളിലാണത്രേ. ആദ്യം മൌനവൃതത്തിലായിരുന്നെങ്കില്‍‍ ഇപ്പോള്‍ വയലന്റ് ആയിരിക്കുന്നു. മുറിയിലെ സാധനങ്ങള്‍ ഒന്നൊന്നായി എറിഞ്ഞുടക്കയാണവള്‍. ‘സര്‍‘ വന്നാലേ കതക് തുറക്കൂ എന്നാണ് നിലപാട്.

‘ഓഫീസ് കാര്യമാ‍, ഇപ്പോ വരാം’: എന്ന് പറഞ്ഞ് ഞാന്‍ പെട്ടെന്നിറങ്ങി.

ഞാന്‍ വിളിച്ചതും വാതില്‍ തുറന്നു, അവള്‍. എന്നിട്ട് ഒരു കുഞ്ഞിന്റെ നിഷ്കപടതയോടെ ഓടി വന്നെന്റെ തോളില്‍ ചാരി, തേങ്ങി.

‘സാറിനോട് സംസാരിക്കാതിരുന്നിട്ട് വട്ട് പിടിക്കുന്ന പോലെ... എന്നെ ഈ ഗുഹയില്‍ നിന്നെങ്ങോട്ടെങ്കിലും കൊണ്ട് പോകാമോ?‘

ദുബായ് ക്രീക്കില്‍, വളരെ വൈകും വരെ, കപ്പലണ്ടി കൊറിച്ചും തമാശകള്‍‍ പറഞ്ഞും നടന്നൂ, ഞങ്ങള്‍.
******************
രേഖയുടെ എമ്പ്ലോയ്മെന്റ് വിസ അപ്ലിക്കേഷന്‍ ലേബര്‍ ഡിപാര്‍ട്ട്‌മെന്റ് റിജെക്റ്റ് ചെയ്തു.
ക്വാളിഫൈഡ് ആയ ധാരാളം പേര്‍ ദുബായില്‍ തന്നെ‍ ‍ ഉള്ളപ്പോള്‍‍ എന്തിന് പുറത്ത് നിന്ന് കൊണ്ട് വരുന്നൂ എന്നായിരുന്നു അവരുടെ ചോദ്യം.

‘സാരമില്ല, റീസബ്മിറ്റ് ചെയ്താല്‍ മതി. ഇതൊക്കെ പതിവാ”: പി ആര്‍ ഒ ആശ്വസിപ്പിച്ചു.
പക്ഷെ അതൊരനുഗ്രഹമായിട്ടാണ് എനിക്ക് തോന്നിയത്. രേഖയുടെ സ്വഭാവത്തിലെ പെട്ടെന്നുള്ള നിറം മാറ്റങ്ങള്‍ അപ്പോഴേക്കും ആശങ്കയുടെയും ഭീതിയുടെയും മുള്ളുവേലികള്‍ പടര്‍ത്തിയിരുന്നു, എന്റെ മനസ്സില്‍.

‘ഒരു മാസത്തിന് ശേഷം റീ അപ്ലൈ ചെയ്യാം, രേഖാ; കിട്ടാതിരിക്കില്ല. PRO പറഞ്ഞത് നീയും കേട്ടതാണല്ലോ?’ : അവളെ എയര്‍പോര്‍ട്ടില്‍ വിടുമ്പോള്‍ ഞാനുറപ്പ് നല്‍കി.

മദ്രാസില്‍ എത്തിയ ശേഷം രേഖയുടെ ഫോണ്‍ കോളുകള്‍ തുരുതുരാ വന്നു കൊണ്ടിരുന്നു. അപ്ലിക്കേഷന്‍ വീണ്ടും റിജെക്റ്റ് ആയി എന്ന നുണ എനിക്ക് പലവട്ടം ആവര്‍ത്തിക്കേണ്ടി വന്നൂ.
‘വിസ കിട്ടും വരെ ഇവിടെ മറ്റൊരു ജോലി നോക്കിയാ‍ലോ?’: അവള്‍ ചോദിച്ചു.
‘അതെ, വീട്ടില്‍ വെറുതെയിരിക്കേണ്ടല്ലോ?” ഞാന്‍ പിന്താങ്ങി.

********
"സര്‍, ടോമിച്ചന്‍ അബുദാബിയിലുണ്ട്, ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനീടെ വിസയിലാ“ : ഒരു രാത്രിയില്‍, രേഖയുടെ ഫോണ്‍ കോള്‍.
“ഓ, അഭിനന്ദനങ്ങള്‍’: ഞാന്‍ പ്രതിവചിച്ചു.
“പക്ഷെ ടോമിച്ചന്‍ അത്ര ഹാപ്പിയല്ലെന്ന് തോന്നുന്നു. സാര്‍ ഈ നമ്പറിലൊന്ന് വിളിച്ച് സംസാരിക്കാമോ?”
75000 രൂപാ കൊടുത്ത് ഒരു മലയാളിയുടെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലാണ് തോമസ് എത്തിയിരിക്കുന്നത്. പക്ഷേ തന്റേത് ‍ വിസിറ്റ് വിസയാണെന്ന് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത ശേഷമാണയാള്‍ മനസ്സിലാക്കുന്നത്.

ദിവസം 16 മണിക്കൂര്‍ ജോലി. വര്‍ക്ക് ഷോപ്പിന്നകത്താണ് ഓഫീസ്. അതും വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത, ടാക്സി പോലും ചെന്നെത്താത്ത ‘മുസഫ‘യിലെ ഒരു റിമോട്ട് ഏരിയായില്‍.

തിരിച്ച് പോകണമെന്ന് വാശി പിടിച്ചപ്പോള്‍‍ മുതലാളി‍ പറഞ്ഞത്രേ: ‘തന്ന പണം തിരിയെ പ്രതീക്ഷിക്കണ്ടാ. മാത്രമല്ല വിസക്കും ടിക്കറ്റിനുമായി ചിലവാക്കിയ 5000 ദിര്‍ഹം നഷ്ടപരിഹാരമായി തരികയും വേണം!‘

മുതലാളിയോട് സംസാരിച്ചപ്പോല്‍ നഷ്ടപരിഹാ‍രം 3000 ദിര്‍ഹമില്‍ ഒതുക്കാന്‍ അയാള്‍ തയ്യാറായി. ദുബായില്‍ വന്ന് പൈസ വാങ്ങിപ്പോകാന്‍‍‍ തോമസിന് ഒരു ദിവസത്തെ ലീവും അനുവദിച്ചു.

സന്ധ്യയാകാറായിരുന്നു തോമസ് ദുബായിലെത്തിയപ്പോള്‍. മിടുക്കനും മിതഭാഷിയുമായ ഒരു ചെറുപ്പക്കാരന്‍. ടാക്സി സ്റ്റാന്‍ഡില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഞാന്‍ പറഞ്ഞു: ‘രാത്രിയായല്ലോ തോമസ്, ഇനി നാളെയേ പോകാനൊക്കൂ”
‘സാറിനെ ബുദ്ധിമുട്ടിക്കരുതെന്ന് രേഖ പ്രത്യേകം പറഞ്ഞിട്ടുണ്ട്’: അയാളുടെ ശബ്ദത്തില്‍ കുറ്റബോധം.
‘അബുദാബിയിലെത്തിയാല്‍ പോരല്ലോ? ആ മണല്‍ക്കാട്ടിലെത്തിപ്പെടണ്ടേ?”: എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചൂ, അയാള്‍.

രാ‍ത്രി:

രണ്ട് പെഗ്ഗ് മദ്യം അകത്ത് ചെന്നപ്പോഴേക്കും തോമസ് ഇടിക്കുള ഫ്ലാറ്റായി. കുഴഞ്ഞ ശബ്ദത്തില്‍ അയാള്‍ സംസാരിച്ച് ‍ തുടങ്ങി.

“നല്ലൊരു കുടുംബത്തില്‍ പിറന്നോനാ സാറെ ഞാന്‍. MSc പാസ്സാ, അതും ഫസ്റ്റ് ക്ലാസ്സില്‍. പ്രേമിച്ച് , വീട്ടുകാരെയൊക്കെ പിണക്കിയാ, ഞാന്‍ രേഖയെ കല്യാണം കഴിച്ചത്. അന്നൊക്കെ ഞങ്ങടെ വീടൊരു സ്വര്‍ഗമായിരുന്നു. ഭക്തിയുടേയും പ്രാര്‍ത്ഥനയുടേയും ആധിക്യമൊഴിച്ചാല്‍ ഒരു പച്ചപ്പാവമായിരുന്നൂ, അവള്‍.’

നിശ്ശബ്ദനായി കേട്ടുകൊണ്ടിരുന്നൂ, ഞാന്‍.

“പക്ഷെ നാളുകള്‍ ചെല്ലുന്തോറും ഞങ്ങടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴാന്‍ തുടങ്ങി. എന്നും അവള്‍ക്ക് പള്ളിയില്‍ പോണം. മാസത്തിലൊരിക്കല്‍ വേളാങ്കണ്ണീലും. പല രാത്രികളിലും ഉറങ്ങുകയേ ഇല്ല. എണീറ്റിരുന്ന് പ്രാര്‍ത്ഥിക്കും, ബൈബിള്‍ വായിക്കും, ഗീതങ്ങള്‍ ആലപിക്കും. മാതാവ് ശരീരത്തില്‍ അവേശിച്ചെന്നോണം കല്പനകള്‍ പുറപ്പെടുവിക്കും. എല്ലാം ഞാന്‍ അനുസരിക്കണം; അല്ലേലവള്‍ അക്രമാസക്തയാകും‍.”
ഒരു പെഗ്ഗ് കൂടി വിഴുങ്ങി, തല കുടഞ്ഞു കൊണ്ടയാള്‍ തുടര്‍ന്നു:

‘മദ്രാസില്‍ ജോലിയുള്ള എന്റെ അനിയത്തി, ഞങ്ങളോടൊപ്പമാണ് താമസിച്ചിരുന്നത്. ‍ ഒരു ദിവസം രാത്രി, രേഖ അവളെ വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കി. കാരണമറിയോ: എനിക്ക് പെങ്ങളുമായി ലൈംഗിക ബന്ധമുണ്ടത്രേ!

അപ്പോഴേക്കും സഹനശക്തിയുടെ നെല്ലിപ്പലകയും കണ്ടിരുന്ന ഞാന്‍, നിര്‍ബന്ധിച്ച് അവളെ ഒരു മനഃശ്ശാസ്ത്രജ്ഞനെ കാണിച്ചു. ഡോക്ടര്‍ പറഞ്ഞപ്പോഴാണറിഞ്ഞത്, ‍ ഏറെക്കാലമായി അവള്‍ സ്കിസോഫ്രീനിയ എന്ന മനോരോഗത്തിനുള്ള മരുന്നുകള്‍ കഴിച്ച് കൊണ്ടിരിക്കയായിരുന്നെന്ന്. ‘




മദ്യക്കുപ്പിയേയും ഗ്ലാസ്സിനേയും മാറി മാറി നോക്കി കുറച്ച് നേരം മിണ്ടാതിരുന്നു, അയാള്‍. ഒരു പെഗ് കൂടിയായാലോ എന്നാലോചിക്കയാ‍യിരുന്നിരിക്കാം.

‘മരുന്ന് കഴിച്ച് തുടങ്ങിയപ്പോള്‍ അവള്‍ നോര്‍മലായി. പിന്നെ ഗര്‍ഭധാരണം, പ്രസവം, കുട്ടിയുടെ മരണം.....വിഷാദരോഗം വീണ്ടും തലപൊക്കി. ഭക്തിജ്വരത്തില്‍ വീണ് അവളെനിക്ക് നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടു.‍ കുറച്ച് നാള്‍ മാറിനിന്നാല്‍ ശരിയായേക്കുമെന്ന പ്രതീക്ഷയിലാണ് അവളെ ദുബായ്ക്ക് അയച്ചത്. മരുന്നുകള്‍ മുടങ്ങാതിരുന്നാല്‍ പ്രശ്നമില്ലെന്ന് ഡോക്ടറും പറഞ്ഞു.

ഇതാ സര്‍, ഇപ്പോത്തന്നെ നോക്കൂ. റിക്രൂട്ട്‌മെന്റില്‍ എക്സ്പെര്‍ട്ട് ആയ രേഖയാണ് എന്നെ ഇങ്ങോട്ടയച്ചത്. കൈയിലുള്ള പണമെല്ലാം കൊടുത്ത്, ജോലിയെന്തെന്നറിയാതെ, വിസിറ്റ് വിസയാണെന്നറിയാതെ.....

അവള്‍ ചെയ്യുന്നത്, അതെന്തായാലും, അതാണ് ശരി... ആരും ചോദ്യം ചെയ്യാന്‍ പാടില്ല“: അയാള്‍ മുറുമുറുത്തു.

***************
രേഖയെ അവസാനമായി കണ്ടത് കഴിഞ്ഞ ജനുവരിയിലായിരുന്നു. ഒരു പ്രോപെര്‍ട്ടിയുടെ സെയിത്സ് ഡീഡില്‍ ഒപ്പ് വയ്ക്കാന്‍ ചെന്നൈയിലെത്തിയപ്പോള്‍.

ഫോണ്‍ ചെയ്തപ്പോഴവള്‍ വാചാലയായി:
“എന്നെ കാണാതെ പൊയ്ക്കളയരുത്. പിന്നെ ടോമിച്ചന് സാറന്ന് കൊടുത്ത പൈസയും തിരിച്ച് തരണ്ടേ?’
അവള്‍ തുടര്‍ന്നു:
“ഹോട്ടല്‍ സവേരയില്‍ തന്നെ മുറി കിട്ടിയത് നന്നായി. അതിനടുത്താ എന്റെ ഓഫീസ്. ഓഫീസിലേക്ക് പോകും വഴി ഞാന്‍ ഹോട്ടലില്‍ വരാം, കാലത്ത് 8 മണിക്ക്. ഒരു കണ്ടീഷന്‍: ‘മാല്‍‍ഗുഡി‘യില്‍ നിന്ന് എനിക്ക് മസാലദോശ വാങ്ങി തരണം.”

8 മണിക്കവള്‍‍ വന്നപ്പോള്‍ റെസ്റ്റോറന്റില്‍ പോകാന്‍ തയ്യാറായിരിക്കയായിരുന്നു, ഞാന്‍.
പക്ഷെ എന്തോ ഒരു പന്തികേടു പോലെ.....
ഉച്ചിയില്‍ കെട്ടിയ മുടി, ഉടഞ്ഞ വസ്ത്രങ്ങള്‍, ഉറപ്പില്ലാത്ത നോട്ടം,
-ഉറക്കത്തില്‍ നിന്നെണിറ്റ് വരും പോലെ.

“എന്താ രേഖേ, സുഖമില്ലേ? “: ഞാന്‍ ഉത്കണ്ഠാകുലനായി.
“ഒന്നുമില്ല“: വാ തുറന്നപ്പോള്‍ അസഹ്യമായ ഒരു ഗന്ധം അന്തരീക്ഷത്തില്‍ കലര്‍ന്നു.
വാതിലടച്ച് അവള്‍ കട്ടിലില്‍ വന്നിരുന്നു.


എന്നെ തറച്ച് നോക്കി എന്തോ പിറുപിറുത്തു.
പിന്നെ ഒരു കവറെടുത്ത് എനിക്ക് നീട്ടി: ‘ ഇതാ പൈസ, ഇപ്പഴത്തെ എക്സ്ചേഞ്ച് റേറ്റ് പ്രകാരം.”

വികാരമറ്റ വാക്കുകള്‍!
പിന്നെ എന്തോ ഓര്‍ത്തെന്നപോലെ പെട്ടെന്നെഴുന്നെറ്റു:“പോട്ടെ, ഓഫീസിലെത്താന്‍ വൈകി’
“ഓഫീസോ..ഇത്ര നേരത്തേയോ?”: ഞാനത്ഭുതപ്പെട്ടു.
കേള്‍ക്കാത്ത മട്ടില്‍, തിരിഞ്ഞ് നോക്കാതെ നടന്നു, അവള്‍.
************
റജിസ്ട്രാഫീസിലെ ജോലി തീര്‍ത്ത് ഹോട്ടലിലെത്തി, റൂം വെക്കേറ്റ് ചെയ്യും മുന്‍പ് എനിക്ക് തോന്നി അവളെ ഒന്ന് വിളിക്കണമെന്ന്.


ഓഫീസില്‍ അവള്‍ തന്നെയാണ് ഫോണെടുത്തത്.
“രേഖേ, എന്താണ് പ്രശ്നം? : ഞാന്‍ ചോദിച്ചു.
‘പ്രശ്നമോ, എന്ത് പ്രശ്നം? സാറെപ്പോഴാ പോകുന്നേ? ‘
‘പുറപ്പെടുകയായി. രേഖേ, നിനക്കെന്ത് പറ്റി? ഏത് കോലത്തിലാ നീയിന്ന് ഹോട്ടലില്‍ വന്നത്?“
“അതോ” : വരണ്ട ഒരു ചിരിയും അതിന്റെ പ്രതിധ്വനികളും കര്‍ണ്ണങ്ങളില്‍ അലയടിച്ചു. “ഇന്നലെ രാത്രി മാതാവ്‍ എന്റെ സ്വപ്നത്തില്‍ വന്നിരുന്നു. മാതാവ് പറയുകയാ... മോളെ, ഈ ലോകത്തില്‍ ഒരു പുരുഷനെപ്പോലും വിശ്വസിക്കരുത്; നിന്റെ സാറിനെപ്പോലും. ഹോട്ടലില്‍‍ നീ ഒറ്റക്കല്ലേ പോകുന്നത്. സൂക്ഷിക്കണം... എന്ന്.

അതാ രാവിലെ എണീറ്റപടി, പല്ലുതേക്കാതെയും കുളിക്കാതെയും വന്നത്. പ്രാകൃതമായ ആ കോലത്തില്‍ ‍ എന്നെ പ്രാപിക്കാന്‍ ഒരു പുരുഷനും ശ്രമിക്കയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു!”

Monday, October 8, 2007

ദീപശിഖയുടെ മകള്‍ ഉജ്ജ്വല

ബിസിനസ്സ് ജ്വരം തലക്ക് പിടിച്ച കാലം.

മദ്രാസില്‍ നിന്ന് വന്ന ജൂലി ജോസഫ് പറഞ്ഞു:
“ഏറ്റവും ലാഭം ഫ്രോസന്‍ ഫുഡ് ബിസിനസ്സിലാണ്. സൌത്ത് ഇന്ത്യയിലെ ടോപ് ബില്‍ഡര്‍മാരില്‍ ഒരാളായ എന്റെ പപ്പ മകള്‍ക്ക് വേണ്ടി ഈ ഫീല്‍ഡ് തെരഞ്ഞെടുത്തുവെന്നത് തന്നെ അതിന് തെളിവല്ലേ?“

ദുബായിലെ രണ്ട് ലീഡിംഗ് ഫ്രോസന്‍ ഫുഡ് കമ്പനികളിലെ മാനേജര്‍മാരും ഭംഗ്യന്തരേണ ഇക്കാര്യം സ്ഥിരീകരിച്ചപ്പോള്‍ ഞാന്‍ തീരുമാനിച്ചു: ഇനി സീഫുഡിന്റെ ആഴങ്ങളിലേക്ക് കൂപ്പു കുത്തുക തന്നെ.
ബെറ്റര്‍ ലേറ്റ് താന്‍ നെവര്‍!

-സ്വന്തമായി ഒരു ബ്രാന്‍ഡ്
-അപ്പീലിംഗ് ആയ പേര്
-ആകര്‍ഷകമായ പാക്കിംഗ്!

ഇന്ത്യയിലേയും തയ്‌വാനിലേയും തിരഞ്ഞെടുത്ത സീഫുഡ് പാക്കിംഗ് കമ്പനികളുമായി സഹകരിച്ച് ‘സ്വന്തം ബ്രാന്‍ഡി‘ല്‍ വിവിധ പ്രൊഡക്റ്റുകള്‍ മാര്‍ക്കറ്റിലിറക്കുക.

സെയിത്സ് ആന്‍ഡ് മാര്‍ക്കറ്റിംഗിന്റെ തലവനായി പരിചയസമ്പന്നനായ ശിവറാം സാവന്തിനെ കിട്ടിയപ്പോള്‍ എന്റെ മോഹങ്ങള്‍ പൂവണിയുമെന്നുറപ്പായി.
-കോള്‍ഡ് സ്റ്റോര്‍ വാടകക്കെടുത്തു,
-റെഫ്രിജെറേറ്റഡ് വാനുകള്‍ ഓര്‍ഡര്‍ ചെയ്തു,
-സെയിത്സ് ടീം സജ്ജമാക്കി.

ഫ്രോസന്‍ പ്രോണ്‍സിന്റെ ആദ്യ കണ്ടയ്‌നര്‍ മദ്രാസില്‍ നിന്നെത്തിയപ്പോള്‍ ദുബായിലെ ഞങ്ങളുടെ ‘ഗ്രൌന്‍ഡ് വര്‍ക്സും‘ ഏകദേശം പൂര്‍ത്തിയായിരുന്നു.
U5 ജംബൊ പ്രോണ്‍സ് (ഒരു കിലോയില്‍ 4 അല്ലെങ്കില്‍ 5 പ്രോണ്‍സ് മാത്രം) മുതല്‍ 2 കിലോയുടെ ഷ്രിം‌പ്സ് ബ്ലോക്ക് വരെയുള്ളതായിരുന്നു ആ കണ്‍സൈന്മെന്റ്.

പിന്നെ വന്നു റെഡി ടു ഈറ്റ് പ്രൊഡക്റ്റ്സ്:
ബ്രെഡഡ് ഷ്രിം‌പ്സ്, ഹാമുര്‍, നഗ്ഗട്സ്, ബര്‍ഗര്‍ ആദിയായവ. കസ്റ്റമേര്‍സില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചപ്പോള്‍ സാവന്തിനും ആവേശമായി.
“പ്രൊമോഷനും സാമ്പ്ലിംഗും ഉടന്‍ തുടങ്ങണം“: അയാള്‍ നിര്‍ദ്ദേശിച്ചു.

പ്രൊമോഷന്‍ ഗേള്‍സിന് മണിക്കൂറൊന്നിന് 30- 40 ദിര്‍ഹമാണ് ഏജന്‍സികള്‍ ചാര്‍ജ് ചെയ്യുന്നത്. നമുക്കത് താങ്ങാനാവില്ല.
പിന്നെന്ത് വഴി?

പ്രശസ്ത സീഫുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ദിഷാ പുരോഹിത് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കയാണെന്ന് അപ്പോഴാണ് ആരോ പറഞ്ഞത്.
“അവളെ കിട്ടിയാല്‍ സാമ്പ്ലിംഗും മാര്‍ക്കറ്റിംഗും ഒന്നിച്ച് നടത്താം. മാത്രമല്ല മിക്ക സൂപ്പര്‍മാര്‍ക്കറ്റുകാര്‍ക്കും പരിചിതയാണവള്‍” : സാവന്ത് വിശദീകരിച്ചു.

പിറ്റേന്നവള്‍ വന്നു: മിസ്സിസ് ദീപ്ശിഖ പുരോഹിത്.
പല സ്ഥലങ്ങളിലും ഫുഡ് ഐറ്റംസ് മൊരിച്ചും പൊരിച്ചും വിതരണവും പ്രചരണവും നടത്തുന്ന അവളെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് നേര്‍ക്കു നേര്‍.

ഹെന്നയിട്ട് മിനുക്കിയ നീളന്‍ മുടി മുഖം പാതിയും മറയ്ക്കും വിധം വിടര്‍ത്തിയിട്ടിരുന്നു.
അല്പം കുഴിഞ്ഞ, ശോകച്ഛവി കലര്‍ന്ന കണ്ണുകള്‍
റൂഷിട്ട് മിനുക്കിയ ഉയര്‍ന്ന കവിള്‍ത്തടങ്ങള്‍
നീല ഷേഡ് പടര്‍‍ത്തിയ ലോലാധരങ്ങള്‍‍
ലോ കട്ട് ബ്ലൌസ്, ലോ വെയ്‌സ്റ്റ് സാരി.
-ആകെക്കൂടി ഒരാനച്ചന്തം!

അടഞ്ഞ് അല്പം പരുഷമായ, എന്നാല്‍ കേള്‍വിക്കാരുടെ അടിവയറ്റില്‍ വരെ അനുരണനം സൃഷ്ടിക്കുന്ന ഒരു പ്രത്യേക ശബ്ദമായിരുന്നു അവളുടെ പ്ലസ് പോയിന്റ്.

പഴയ കമ്പനിയില്‍ നിന്ന് രാജി വച്ചെന്നും ഇന്ത്യയില്‍‍ സെറ്റില്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കയാണെന്നും അവളറിയിച്ചപ്പോള്‍ നിരാശ തോന്നി.

"ഒരു മാസത്തെ സാവകാശം തരാമോ? നാട്ടില്‍ പോയി മക്കളെ ബോര്‍ഡിംഗിലാക്കി ‍ തിരിച്ചു വരാം” : കാതിനിമ്പവും കരളിന് കുളിരും പകര്‍ന്നു, നീണ്ട മൌനത്തിന് ശേഷം ഉതിര്‍ന്ന് വീണ അവളുടെ വാക്കുകള്‍.
“മക്കളോ... അതും ബോര്‍ഡിംഗിലാക്കാന്‍ പ്രായമായ‍..”: ഞാനത്ഭുതപ്പെട്ടു.
“അതെ സര്‍”, അല്പം ചമ്മലോടെ അവള്‍ പറഞ്ഞു; :“ മകള്‍ പത്തിലാണ്. റിസല്‍ട്ട് ഈയാഴ് ച വരും. മകന്‍ 4 -ല്‍”

അല്പവും ഉടവു തട്ടാത്ത സമൃദ്ധമായ ഒരു ശരീരത്തിന്നുടമയായ അവളെക്കണ്ടാല്‍ 30 വയസ്സുപോലും തോന്നിക്കില്ലായിരുന്നു.
“18 വയസ്സില്‍ കെട്ടിച്ചു വിട്ടൂ, വീട്ടുകാര്‍; അതാ ......‍” : അവള്‍ വിശദീകരിച്ചു.

************************

ദീപ ഞങ്ങളുടെ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ പോകുന്നെന്നറിഞ്ഞപ്പോള്‍ മാര്‍ക്കറ്റിംഗ് ഫീല്‍ഡിലുള്ള സ്നേഹിതര്‍ക്ക് വിശ്വസിക്കാനായില്ല.
"ദീപ പഴയ കമ്പനി വിട്ടെന്നോ? അവിടത്തെ മാനേജര്‍ ദീപക് നരൂലയുടെ ‘പെറ്റും കീപ്പു’മൊക്കെയല്ലായിരുന്നോ അവള്‍?”
അവര്‍ അത്ഭുതം കൂറി.

ദീപക് നരൂല.
ഫ്രോസന്‍ ഫുഡ് രംഗത്തെ അതികായന്‍; രൂപത്തില്‍ മാത്രമല്ല പെരുമാറ്റത്തിലും!
“സാബ് ഏക് ചായ് ബോലൊ’ എന്ന് മുഴങ്ങുന്ന സ്വരത്തില്‍ വിളമ്പരം ചെയ്തുകൊണ്ട് ഏത് തിരക്കിന്നിടയിലും, അനുവാദം ചോദിക്കാന്‍ മിനക്കെടാതെ, അകത്ത് വരും ആ പഞ്ചാബി സിംഹം. ‘മാം ...ബേന്‍ ..’എന്നീ വാക്കുകളോടെയാണ് ഹിന്ദിയിലെ എല്ലാ വാചകങ്ങളും ആരംഭിക്കുന്നത് എന്ന് തോന്നും അയാളുടെ സംസാരം കേട്ടാല്‍.

എനിക്കിങ്ങനെയുള്ള സംഭാഷണം എന്നറിയിച്ചപ്പോള്‍ അയാള്‍ ഉറക്കെ ഒന്ന് ചിരിച്ചു. പിന്നെ പറഞ്ഞു: “സാബ്, ഞങ്ങള്‍ ‍പഞ്ചാബികള്‍ ഇങ്ങനേയാ. നിങ്ങള്‍ സാലാ മദ്രാസികള്‍ വിചാരിക്കുന്ന ബേം..ചോ...അര്‍ത്ഥങ്ങളൊന്നും ഞങ്ങളുടെ മനസ്സിലില്ലാ, ആ വാക്കുകള്‍ക്ക്.”

****************
ജൂലൈ 1-ന് തന്നെ ദീപ വന്നു.

എല്ലാ പ്രോഡക്റ്റ്സും വളരെ സമര്‍ത്ഥമായിത്തന്നെ അവള്‍ മാര്‍ക്കറ്റില്‍
വിതറി. പലയിടങ്ങളിലും വച്ച് ദീപക് നെരൂല അവളുമായി ഏറ്റുമുട്ടിയെന്നും അവള്‍ അല്പം പോലും വിട്ടുകൊടുത്തില്ലെന്നും സാവന്ത് പറഞ്ഞു.

അങ്ങനെയിരിക്കെ ഒരു ദിവസം, പതിവുപോലെ, മുന്നറിയിപ്പില്ലാതെ ദീപക്ക് എന്റെ ഓഫീസിലേക്ക്‍ ഇടിച്ച് കയറി. ആ മുഖം വിവര്‍ണവും കലുഷിതവുമായിരുന്നു.

“സാബ്, ആപ് യെ അച്ചാ‍ നഹീ കര്‍ രഹേ” അയാളലറി. (നിങ്ങള്‍ ചെയ്യുന്നത് ശരിയല്ലാ)
“ഹായ് ദീപക് സാബ്... ഇരിക്കൂ’ : ഞാന്‍ തണുപ്പിക്കാന്‍ നോക്കി.
“വേണ്ടാ, എന്നെ ഇരുത്താറായിട്ടില്ല നീ.... ദേഖോ...എനിക്കെതിരെ എന്റെ ലൈനില്‍ നീ‍ ബിസിനസ് തുടങ്ങി. ഞാനെന്തെങ്കിലും പറഞ്ഞോ? ഇല്ല!...എന്നോട് ചോദിക്കാതെ നീയെന്റെ സ്റ്റാഫിനെ തട്ടിയെടുത്തു. ഞാന്‍ പ്രതികരിച്ചോ?...ഇല്ലാ!.... പക്ഷേ ഇപ്പോ നിങ്ങളുടെ ആ രണ്‍‌ഡി (പുലയാടിച്ചി) സുപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് എന്റെ പ്രൊഡക്റ്റ്സ് മാറ്റി പകരം നിങ്ങളുടേത്‍ ഡിസ്പ്ലേ ചെയ്യുന്നു. ഇത് ഞാന്‍ അനുവദിക്കില്ല”
വളരെ പണിപ്പെട്ടാണ് അയാളെ പറഞ്ഞ് വിട്ടത്.

ദീപയും അയാളും തമ്മിലുള്ള ശത്രുതയുടെ ആഴം അവളുടെ വാക്കുകളിലും പ്രതിധ്വനിച്ചു:
“ഞാനെന്റെ ജോലിയാ ചെയ്യുന്നത്. അയാള്‍ക്കെന്ത് കാര്യം സാറിനോട് കയര്‍ക്കാന്‍? എന്റടുത്ത് വരട്ടെ‍; കാണിച്ച് കൊടുക്കാം‍ ഞാന്‍!”

*********************

ഓരോ സൂപ്പര്‍മാര്‍ക്കറ്റിന്റേയും മാനേജര്‍മാരെ ഞാന്‍ തന്നെ പോയി കാണണമെന്ന് നിര്‍ബന്ധം പിടിച്ചു, അവള്‍‍. “മാനേജരെ കാണാന്‍ മാനേജര്‍ തന്നെ പോകണം, അതാണ് പ്രോട്ടോകോള്‍”

നല്ലൊരു ഗിഫ്റ്റുമായി മുഖം കാണിച്ചാലേ മിക്ക മാനേജര്‍മാരും ഒരു പുതിയ പ്രൊഡക്റ്റ് തന്റെ ഷെല്‍ഫില്‍ വയ്ക്കാനനുവദിക്കൂ.

ഡിസ്പ്ലെ അനുമതി കിട്ടിയാല്‍ പിന്നെന്ത് ചെയ്യണമെന്ന് ദീപക്കറിയാം.
ഷെല്‍ഫ് ബോയിയെ കൈയിലെടുക്കും, അവള്‍. എളുപ്പം വഴങ്ങാത്ത ചിലക്ക് വില്‍ക്കപ്പെടുന്ന ഓരോ യുണിറ്റിനും ഒരു നിശ്ചിത അനുപാതം കമ്മീഷനായി വാഗ്ദാനം ചെയ്യും.

സൂപ്പര്‍മാര്‍ക്കറ്റുകളിലെ ചില സ്റ്റാഫ് നമ്മോട് പറയാറില്ലേ:“ ചേട്ടാ, ചേച്ചീ.... ഒരു പുതിയ ഐറ്റം വന്നിട്ടുണ്ട്. നല്ലതാ...ഒരെണ്ണം എടുക്കട്ടേ?”
എത്ര സ്നേഹമുള്ളവര്‍, അല്ലേ?

***********************
ഓഫീസില്‍ സര്‍വതന്ത്രസ്വതന്ത്രയായിരുന്നു ദീപ.


“സര്‍ എട്ട് മണിക്ക് ഓഫീസില്‍ വരണം, എങ്കിലേ 9 മണിയോടെ പ്രോഗ്രാം ചാര്‍ട്ട് ചെയ്ത് എനിക്കിറങ്ങാന്‍ പറ്റൂ” എന്ന അവളുടെ നിര്‍ബന്ധം മൂലം വൈകി എത്തുന്ന ഞാന്‍, കൃത്യസമയത്തിന് തന്നെ ഓഫീസിലെത്തിത്തുടങ്ങി.


സെയിത്സ് മാനേജരുമായുള്ള ഡിസ്കഷന്‍ 10 മിനിട്ടിനുള്ളില്‍ തീര്‍ത്ത് അവളെന്റെ ക്യാബിനിലെത്തും. കസേരയോട് ചേര്‍ന്നരികില്‍ നിന്ന്, പേപ്പറുകള്‍ ഒന്നൊന്നായി മേശമേല്‍ വച്ച്, ‍ തലേന്നത്തെ പ്രവര്‍ത്തനങ്ങളുടെ ഹൃസ്വ വിവരണം നല്‍കും. ഇടക്കിടെ മേശമേല്‍ കൈമുട്ടുകളൂന്നി, PC യുടെ മോണിട്ടറിലെ ഫിഗേര്‍സുമായി കമ്പെയര്‍ ചെയ്യും.
അപ്പോള്‍ അവളുപയോഗിക്കുന്ന ‘സൈലെന്‍സ്’ പെര്‍ഫ്യൂമിന്റെ ഗന്ധം എന്റെ ശരീരത്തിലും പടരും.

- ഉടയാത്ത മാറിടത്തിന്റെ പെരുമയിലും സ്നിഗ്ധതയാര്‍ന്ന അടിവയറിന്റെ മിനുമിനുപ്പിലും ഒട്ടുന്ന ‍കണ്ണുകളെ വലിച്ചെടുക്കാന്‍ ‍ കഴിയാറില്ല, പലപ്പോഴും.

****************
രാസല്‍ ഖൈമയില്‍ രണ്ട് അപ്പൊയിന്റ്മെന്റുകള്‍ ‍ കണ്‍‍ഫേം ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞു: “ഇത്ര ദൂരം കാറോടിച്ച് പോകാനോ, ഞാനില്ല. സാവന്തിനെ കൂട്ടിക്കോ”
“അതു പോരാ, കോപറേറ്റിവ് സൊസൈറ്റിയില്‍ സര്‍ തന്നെ വരണം. ഒന്നേ രണ്ടേ എന്നു പറയുമ്പോഴേക്കും അങ്ങെത്തില്ലേ നാം?”

അഡല്‍റ്റ്സ് ഓണ്‍ലി സര്‍ദാര്‍ജി ജോക്സ് പറയാന്‍ അവള്‍ക്ക് നല്ല മിടുക്കായിരുന്നു. രാസല്‍ ഖൈമയിലേക്കുള്ള യാത്രയിക്കിടയില്‍‍‍ അടിവയര്‍ വേദനിക്കും വരെ, തല തല്ലി ചിരിച്ചു, ഞങ്ങള്‍. ഇടക്കെപ്പോഴോ മനസ്സിലായി സ്റ്റീയറിംഗ് വീല്‍ നിയന്ത്രിക്കുന്നത് രണ്ടല്ലാ, നാലു കൈകളാണെന്ന്. അവളുടെ ത്രസിക്കുന്ന ശരീരത്തിന്റെ ചൂടും ചൂരും എന്നിലേക്ക് പകരുന്നതായും.

ഒരു കുന്നിന്നരികെ വലത്തോട്ടുള്ള മണല്‍ത്താര കാട്ടി അവള്‍ പറഞ്ഞൂ:“ കാര്‍ അങ്ങോട്ട് തിരിക്കൂ, ഒരു ‘വാടി’യുണ്ട്, അവിടെ. സര്‍ മുന്‍പ് വന്നിട്ടില്ലല്ലോ?”
ഒരു പൊന്തക്കാടിന്നരികെയെത്തി, ഞങ്ങള്‍. ഏതാനും ഈന്തപ്പനകളും മുള്‍ച്ചെടികളും. താഴെയായി ഉറവയുതിരുന്ന കുഴി, ചെറിയ ഒരു തോട്....

തോട്ടിലിറങ്ങി മുഖം കഴുകി, കൈയും കാലും നനച്ച്, മരച്ചുവട്ടിലെ പച്ചപ്പിലിരുന്നൂ, ഞങ്ങള്‍. അവളൊരു പഴയ ഹിന്ദി പ്രണയ ഗാനത്തിന്റെ വരികള്‍ മൂളി.
പിന്നെ കൈയില്‍ കൈ കോര്‍ത്ത് നടന്ന് കാറില്‍ കയറി.

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍‍ അവള്‍ വിളിച്ചു: “സര്‍”
ഞാന്‍ നോക്കി, ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു വികാരം ആ മുഖത്ത്.
കവിള്‍ത്തടങ്ങള്‍ തുടുത്തിരിക്കുന്നു,
ലോലാധരങ്ങള്‍ വിടര്‍ന്നിരിക്കുന്നു,
ശ്വാസോച്ഛാസത്തിന്ന് താളവേഗം.....


-പെട്ടെന്ന് സീറ്റില്‍ നിന്ന് വഴുതി താഴേയിറങ്ങി അവള്‍. എന്നിട്ട് കാല്‍ മുട്ടുകളിലൂന്നി, ‍ എനിക്കഭിമുഖമായി കാര്‍ മാറ്റിലിരുന്നു.


‘സീറ്റല്പം പിന്നിലേക്ക് നീക്കൂ?’ : അവള്‍ മന്ത്രിച്ചു.


പരിഭ്രമിച്ച് ചുറ്റും നോക്കി ഞാന്‍.


“ഇല്ല, ആരും വരില്ല. എത്ര വട്ടം വന്നിരിക്കുന്നൂ, ഞങ്ങള്‍.”: അവള്‍ പറഞ്ഞു.


“ഞങ്ങള്‍?’


“ഓ, സാറിന്നറിയാത്ത പോലെ. ദീപക്കിനോപ്പം. തിരക്കില്‍ നിന്നൊഴിഞ്ഞ്, സ്വസ്ഥമായി, സമാധാനമായി ഞങ്ങള്‍ സംഗമിക്കുന്ന ഞങ്ങളുടെ ഏദന്‍‌തോട്ടമാണിത്.”
ഒരു മണല്‍ക്കാറ്റാഞ്ഞ് വീശി.
കണ്ണുകളില്‍ മിന്നല്‍‍‍, മനസ്സില്‍ കനല്‍, ശരീരമാകെ തരിപ്പ്........

ഇവള്‍ ദീപ...ദീപശിഖ...മിസ്സിസ് ദീപശിഖ പുരോഹിത്.


സ്ത്രീ,ഭാര്യ, അമ്മ.


പിന്നെ ഒരു കാമുകി!


അവളാണ് അല്പവും ലജ്ജയില്ലാതെ, പരസ്യമായി, അതും എനിക്കന്യമായ ഒരു...


മസ്തിഷ്കം മനസ്സിന്റെ കടിഞ്ഞാണ്‍ തപ്പിപ്പിടിച്ചു.


“ദീപാ, സീറ്റില്‍ കയറിയിരിക്ക്”:പരുഷമായിരുന്നു എന്റെ ശബ്ദം.


“എന്താ സര്‍?”


“നമുക്കു പോകാം”


അവിശ്വസനീയമായ എന്തോ കേട്ട പോലെ, കുറച്ചു നേരം അവള്‍ എന്നെത്തന്നെ നോക്കിയിരുന്നു. പിന്നെ സീറ്റില്‍ കയറിയിരുന്ന് മറുവശത്തേക്ക് മുഖം തിരിച്ചിരുന്നവള്‍ തേങ്ങി.


സ്റ്റീയറിംഗ് വീലില്‍ മുഖമമര്‍ത്തി കണ്ണുകളടച്ച് ഞാനുമിരുന്നു.
അവള്‍ പറയുന്നതൊക്കെ കേട്ടു,അനുസരിച്ചു, താളത്തിനൊത്ത് തുള്ളി.

ഇത്ര വലിയ വിഡ്ഢിയാണോ ഞാന്‍?
-സ്നേഹസമ്പന്നയായ പ്രിയതമ, മക്കള്‍, കുടുംബം....എല്ലാം പ്രകാശഗോപുരങ്ങളായി മനസ്സില്‍ ‍‍ തെളിഞ്ഞപ്പോള്‍ കണ്ണുകള്‍ ഈറനായി.

“സര്‍“: കുറച്ച് സമയത്തിന് ശേഷം അവള്‍ തോളില്‍ തട്ടി വിളിച്ചു.
‘ക്ഷമിക്കണം”: ഇടറിയ ശബ്ദത്തിലുള്ള അടഞ്ഞ സ്വരം.“ദീപക്കിനോട് പകരം വീട്ടാന്‍ സാറിനെ കരുവാക്കിയതിന്.

അയാളെ ഞാന്‍ അത്ര സ്നേഹിച്ചിരുന്നൂ. അത് കൊണ്ടാവണം മനസ്സ് എന്ന വികൃതിക്കുരങ്ങ് എന്നെക്കൊണ്ട് ഇങ്ങനെയൊരു കോലം കെട്ടിച്ചത്. ഞങ്ങള്‍ സംഗമിക്കാറുള്ള അതേ സ്ഥലത്ത്, അതേ പോലെ....അല്പസമയം ഞാന്‍ ഞാനല്ലാതായിത്തീരുകയായിരു‍ന്നു!”

“പക്ഷേ എന്തിന് ദീപാ‘:ഞാന്‍ ചോദിച്ചു; “നിനക്കൊരു ഭര്‍ത്താവില്ലേ, കുടും‌ബമില്ലേ?“
“അങ്ങേര്‍ക്ക് ഓഫ് ഷോറിലാ ‍ജോലിയെന്ന് സാറിന്നറിയമല്ലോ? മൂന്നു മാസത്തിലൊരിക്കല്‍ ലീവ്. വീട്ടിലെത്തിയാ ഷോപ്പിംഗ് നടത്താനാ ധൃതി. പിന്നെ അച്ഛനമ്മമാരെ കാണാന്‍‍ ബോംബെക്ക് പറക്കും; ലീവ് തീരാറാകുമ്പോള്‍ തിരിച്ച് വരും. എന്നേയും മക്കളേയും പറ്റി അത്ര വേവലാതിയൊന്നും ഇല്ല അങ്ങേര്‍ക്ക്”

നിറഞ്ഞ കണ്ണുകള്‍ തുടച്ച് അവള്‍ തുടര്‍ന്നു:“അപ്പോഴാണ് ഞാന്‍ ദീപക്കിനെ പരിചയപ്പെടുന്നത്. പാര്‍ട്ട് ടൈം ചെയ്തിരുന്ന എനിക്ക് സ്ഥിരം ജോലി തന്നു, അയാള്‍. പിന്നെ കൊട്ടിയടച്ച് താഴിട്ടിരുന്ന എന്റെ ലൌകിക ജീവിതത്തിന്റെ വാതായനങ്ങള്‍ ബലം പ്രയോഗിച്ച് തുറന്നതയാള്‍ അകത്ത് കടന്നു. ജീവിതത്തില്‍ സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും ഉറവകള്‍ വറ്റിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത് ദീപക്കിനെ പരിചയപ്പെട്ട ശേഷമാണ്”
“പിന്നെന്താ അയാളെ വിട്ടത്?“
“അധികമായാല്‍ അമൃതും വിഷം” : കടുപ്പിച്ച്, ഊഷരസ്വരത്തിലവള്‍ പറഞ്ഞു.
പിന്നെ വിഷയം മാറ്റി:
“സര്‍, ഈ സംഭവം, ഇതാ ഇവിടെ വച്ച്, നാം മറക്കുന്നു. വി ആര്‍ സ്റ്റില്‍ ഫ്രന്‍ഡ്സ്...ഓക്കെ?
നമുക്കിനി പുറപ്പെടാം, അപ്പൊയിന്റ്മെന്റിന്റെ സമയമാകുന്നു”

മാസങ്ങള്‍ക്ക് ശേഷം ചില പ്രത്യേക കാരണങ്ങളാല്‍ സീ ഫുഡ് ഡിവിഷന്‍ നിറുത്തലാക്കിയപ്പോള്‍ ‍ ദീപ ഞങ്ങളോട് വിട പറഞ്ഞു.

കുറച്ച് നാള്‍ കൂടി പാര്‍ട് ടൈം ജോലികളുമാ‍യി ദുബായില്‍ തങ്ങിയ ശേഷം ‍ പൂനയില്‍ സ്ഥിരതാമസമാക്കി, അവള്‍.

***************

ബാംഗളൂരിലേയും ഊട്ടിയിലേയും ബോര്‍ഡിംഗ് സ്കൂളുകളിലെ അനുഭവങ്ങള്‍ അത്ര സുഖകരമല്ലാത്തതിനാലാകണം പ്ലസ് ടു കഴിഞ്ഞപ്പോള്‍ മകന്‍ പറഞ്ഞൂ: “എന്നെയിനി പാണ്ടീസിന്റെ കൂടെ പഠിക്കാന്‍ വിടരുത്”

ഫാമിലി ഫ്രണ്ടും പൂനക്കാരിയുമായ സീമകേല്‍ക്കര്‍ പറഞ്ഞു:“ നീ പുനെയിലേക്ക് വാടാ. സിംബയോസിസില്‍‍ സീറ്റ് കിട്ടിയാ പിന്നൊന്നും നോക്കണ്ടാ. ഇന്ത്യയില്‍ ടോപ് 10 യൂണിവേഴ്‍സിറ്റികളിലൊന്നാ”

അങ്ങനെയാണ് റിസല്‍ട്ടറിഞ്ഞ അന്നു തന്നെ ഇന്റര്‍നെറ്റില്‍ നിന്നെടുത്ത മാര്‍ക്ക് ലിസ്റ്റുമായി ഞാന്‍ പൂനക്ക് തിരിച്ചത്. സീമയുടെ മകന്‍ അനീഷിന്റെ സഹായത്തോടെ സിംബയോസിസില്‍ അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തു.

പിന്നെ ഊട്ടിയിലെ ബോര്‍ഡിംഗ് സ്കൂളിലേക്ക്: ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക് ലിസ്റ്റും വാങ്ങാന്‍.
അപ്പോഴൊരു സംശയം: അഥവാ സിംബയോസിസില്‍ സീറ്റ് കിട്ടിയില്ലെങ്കിലോ?
മദ്രാസിലെ ഫ്രണ്ട് നാഗരാജന്‍ പറഞ്ഞു: “ഇങ്ങു പോരെ... ‘ലയോളയില്‍‘ എനിക്ക് പരിചയക്കാരുണ്ട്.“

ഇതിനിടെ സിംബയോസിസില്‍ അഡ്മിഷന്റെ ഫസ്റ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കട്ടൌട്ട് പോയിന്റ് 85% മാര്‍ക്സ്. മകന് 82.3% മാത്രമാണുള്ളത്. പിന്നെ മൂന്ന് ദിവസത്തിന് ശേഷം സെക്കന്റ് ലിസ്റ്റ് 83% ല്‍ റിലീസാ‍യി.ഏഴാം ദിവസം ഫൈനല്‍ ലിസ്റ്റ്- കട്ടൌട്ട്: 82.2%. അവസാനക്കാരന്റെ തൊട്ടു മുന്പിലായി മകന്റെ പേര്‍ നോട്ടീസ് ബോര്‍ഡില്‍.

സന്തോഷവാര്‍ത്ത എല്ലാരേയും വിളിച്ച് അറിയിച്ചുകൊണ്ടിരുന്നപ്പോഴാണോര്‍‍ത്തത്: ‘ദീപ പൂനയിലല്ലേ?“
വിളിച്ചപ്പോള്‍ പരിഭവങ്ങളുടെ ഭാണ്ടക്കെട്ടഴിച്ചു, അവള്‍.
“നേരെ ഇങ്ങു വാ, ഞാനിവിടെയുള്ളപ്പോള്‍ സര്‍ ഹോട്ടലില്‍ തങ്ങാന്‍‍ പാടില്ല”

ബാംഗളൂര്‍ വഴിയുള്ള ജെറ്റ് എയറില്‍ പൂനയിലെത്തുമ്പോള്‍‍ എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്നു ദീപ.
“എനിക്കറിയാം സര്‍ നേരെ ഹോട്ടലില്‍ പോകുമെന്ന്. അതുകൊണ്ടാ ഞാന്‍ കാറുമായി വന്നത്.“

BMC കോളെജ് റോഡില്‍ സമാന്യം നല്ല ഒരു ബില്‍ഡിംഗിലാണ് അവള്‍ താമസിച്ചിരുന്നത്. പ്ലസ് ടുവിനു പഠിക്കുന്ന മകള്‍: ഉജ്ജ്വല എന്ന ഉജ്വല്‍.‍ 6-ല്‍ പഠിക്കുന്ന മകന്‍: തുഷാര്‍.

-സ്വല്പം തടിച്ച ശരീരപ്രകൃതിയൊഴിച്ചാല്‍ അമ്മയുടെ തനി പകര്‍പ്പായിരുന്നു, ഉജ്ജ്വല.
അതേ ചിരി, അതേ പെരുമാറ്റം, അതേ അടഞ്ഞ ശബ്ദം.

കോളേജില്‍ അഡ്മിഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനും സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ അറ്റസ്റ്റ് ചെയ്യാനും ഫീസടക്കാനും എല്ലാം ഉജ്വലായിരുന്നു മുന്നില്‍. ആദ്യമാദ്യം അവളുടെ ബൈക്കിനു പിറകിലിരുന്ന് യാത്ര ചെയ്യാന്‍ വിമുഖത തോന്നിയെങ്കിലും പിന്നീടെനിക്കത് ഒരസാധാരണ അനുഭവമായി മാറി. പൂനയിലെ ഇടുങ്ങിയ തെരുവുകളീലൂടെ ഒരു സര്‍ക്കസുകാരിയുടെ വിരുതോടെ അവള്‍ ബൈക്ക് പായിച്ചിരുന്നത് കിടിലമുണര്‍ത്തുന്ന ഒരോര്‍മ്മയാണിന്നും.


രാത്രി:
എന്റെ ബാഗിലുണ്ടായിരുന്നു ബക്കാര്‍ഡി ബോട്ടില്‍ ചോദിച്ച് വാങ്ങുകയായിരുന്നു, ദീപ. ഡൈനിംഗ് ടേബിളില്‍ അവളുണ്ടാക്കിയ ‘രഗ്ഡാ പട്ടീസും ടൊമാറ്റോ റൈസും‘ കഴിച്ച് പാതിരാ വരെ സംസാരിച്ചിരുന്നൂ, ഞങ്ങള്‍. അമ്മയുടെ ഗ്ലാസ്സിലെ ഓറഞ്ച് ജ്യൂസ് ചേര്‍ത്ത‍ ബക്കാര്‍ഡി, മകളുടെ വയറ്റിലാണ് ചെന്നെത്തുന്നത് എന്ന് ഞാനറിഞ്ഞപ്പോള്‍ ‍ അവള്‍ ചിരിച്ചു: “കമോണ്‍ അങ്കിള്‍, ഞാനും മമ്മിയും ഫ്രന്റ്സാ‍...വി ഹവ് നത്തിംഗ് ടു ഹൈഡ്.”

ചെറിയ ആ അപാര്‍ട്മെന്റിന്റെ ഒരു മുറിയില്‍ ദീപ കിടന്നു. മറ്റേതില്‍ ഉജ്വലും തുഷാറും.
എത്ര നിര്‍ബന്ധിച്ചിട്ടും ഹാളിലെ സോഫ മതിയെനിക്കെന്ന് തീര്‍ത്ത് പറഞ്ഞൂ, ഞാ‍ന്‍.
ബക്കാര്‍ഡിയുടെ തേരിലേറിയതിനാല്‍ ഉറക്കം പെട്ടെന്ന് പറന്നെത്തി.

സോഫയില്‍ ഒരനക്കമനുഭവപ്പെട്ടപോലെ തോന്നി.

തുറക്കാന്‍ മടിക്കുന്ന കണ്ണുകള്‍.
പിന്നെ കാഴ്ച, റൂമില്‍ തങ്ങി നിന്ന അരണ്ട വെട്ടവുമായി താദാത്മ്യം പ്രാപിച്ചപ്പോള്‍, സ്ഥലജല വിഭ്രാന്തി.

എവിടെയാണ് ഞാന്‍? ആരാണ് കൂടെ?
ഓളങ്ങളായെത്തിയ ഓര്‍മ്മകള്‍ നിശ്ചലമായപ്പോള്‍ ഉജ്ജ്വല‍യെ തിരിച്ചറിഞ്ഞു.

“ നേരം വെളുത്തോ, ഉജ്വല്‍?“: ഞാന്‍ ചോദിച്ചു.
“ഇല്ലാ അങ്കിള്‍, റൂമില്‍ കിടന്നിട്ട് ഉറക്കം വരുന്നില്ലാ. ഞാനിവിടെ കിടന്നോട്ടേ?”
വൈദ്യുതാഘാതമേറ്റതുപോലെ പിടഞ്ഞെണീറ്റു, ഞാന്‍.
‘ഉജ്വല്‍, വാട്ട്? വാട്ട് ഡിഡ് യു സേ? പോ... പോയിക്കിടക്ക്”
“ദെന്‍‍ അങ്കിള്‍, ഗിവ് മി അ ഗുഡ് നൈറ്റ് കിസ്....അ വില്‍ ഗോ...”: അവള്‍ കൊഞ്ചി.

എണീറ്റ് ലൈറ്റ് ഓണ്‍ ചെയ്തൂ, ഞാന്‍.“ആ ബക്കാര്‍ഡി കുടിച്ചിട്ടാ ഇങ്ങനെ. പിന്നെ നീ എപ്പഴും കാണുന്നുവെന്ന് മമ്മി പറഞ്ഞ ആ വൃത്തികെട്ട ഫിലിമുകളും. കൊച്ചുകുട്ടിയാ നീ ഉജ്വല്‍, എന്റെ മോളെപ്പോലെ.”
“നോ.. അങ്കിള്‍, യുവാര്‍ മിസ്റ്റേക്കണ്‍. ഞാനൊരു കൊച്ച് കുട്ടിയല്ല. ദുബായില്‍ വച്ച് തന്നെ ഞാന്‍ വലുതായല്ലോ?’

അവളെഴുന്നേല്‍‍ക്കാന്‍ ശ്രമിച്ചു.

സോഫയില്‍ പിടിച്ചിരുത്തി, ഒരു കൈ കൊണ്ട് ആ മുഖം പിടിച്ചുയര്‍ത്തി, കണ്ണുകളില്‍ ഉറ്റു നോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചൂ:“ഉജ്വല്‍, എന്താ നീ പറയുന്നത്?”


മുഖത്ത് പടര്‍ന്ന മുടി പുറകിലോട്ടൊതുക്കി, കൈ കൊണ്ട് മുഖം തുടച്ച് അവള്‍ പറഞ്ഞു:“അങ്കിളിന്നറിയാത്തതല്ലല്ലോ മമ്മിയുടേയും ദീപക്കിന്റേയും കഥ. അയാള്‍ മിക്ക ദിവസവും വീട്ടില്‍ വരുമായിരുന്നു. മമ്മിയുമൊത്ത് അയാള്‍.....”

അവളൊന്ന് നിര്‍ത്തി.

“ചിലപ്പോള്‍ തീറ്റയും കുടിയും കിടപ്പുമെല്ലാം വീട്ടില്‍ തന്നെയാവും. പക്ഷെ ഒരു ദിവസം ഞാന്‍ മമ്മിയോട് തുറന്ന് പറഞ്ഞു: അയാളെ എനിക്കിഷ്ടമില്ല, അതുകൊണ്ടിനി അയാള്‍ വീട്ടില്‍ വരരുതെന്ന്. മമ്മി വാക്കു പാലിച്ചു. പിന്നെ അയാള്‍ വന്നിട്ടില്ല.”


നീണ്ട ഒരു നിശ്ശബ്ദതക്ക് ശേഷം അവള്‍ തുടര്‍ന്നു:

“ SSC പരീക്ഷ കഴിഞ്ഞ ദിവസം. മമ്മിക്കന്ന് ജോലി ഷാര്‍ജയിലെവിടേയോ ആയിരുന്നു. വാതില്‍ തുറന്ന് അയാള്‍ അകത്ത് കയറിയത് ഞാനറിഞ്ഞില്ല. ഒരു പക്ഷെ താക്കോല്‍ മമ്മിക്കയാള്‍ തിരിച്ച് കൊടുത്ത് കാണില്ല. സ്കൂള്‍ യൂണിഫോം മാറ്റുകയായിരുന്ന എന്നെ അയാള്‍ കടന്നു പിടിച്ചു. കരുത്തനായ ആ മൃഗത്തെ എത്ര നേരം എനിക്ക് ചെറുത്ത് നില്‍ക്കാനാവും, എനിക്ക്?”


- തല കുമ്പിട്ട് കുറച്ച് നേരം ഇരുന്ന ശേഷം അവള്‍ തുടര്‍ന്നു: “ അതാ അങ്കിള്‍, മമ്മി ആ കമ്പനീന്ന് രാജി വച്ചത്. എന്നെ ഇവിടെ കൊണ്ട് വന്ന് ബോര്‍ഡിംഗിലാ‍ക്കിയതും”

വിശ്വസിക്കാനാവാതെ, മരവിച്ച പ്രജ്ഞയുമായി, നിമിഷങ്ങളോളമിരുന്നൂ, ഞാന്‍. ഏറെക്കഴിഞ്ഞ് അവളെ പിടിച്ചെഴുന്നെല്‍പ്പിച്ച് കട്ടിലില്‍ കൊണ്ട് പോയിക്കിടത്തി. പുതപ്പെടുത്ത് പുതപ്പിച്ചു. കണ്ണുകളില്‍ തുളുമ്പി നിന്ന ജലകണങ്ങള്‍ തുടച്ചു മാറ്റി.

മനസ്സില്‍ കവിഞ്ഞൊഴുകിയ വാത്സല്യത്തോടെ, കുനിഞ്ഞ് നെറ്റിയില്‍‍ ഒരുമ്മ വച്ചു.
എന്നിട്ട് പറഞ്ഞു:
“ഉജ്വല്‍ ബേട്ടീ, ഗുഡ് നൈറ്റ്...സ്ലീപ് വെല്‍”

Wednesday, September 12, 2007

മനസ്സിലെരിയും മരതകജ്വാല

മനസ്സിലെരിയും മരതക ജ്വാല

ദശകങ്ങള്‍ക്ക് മുന്‍പ്:

ബോംബെയില്‍ നിന്ന് ‘ഗല്‍ഫെയറിന്റെ ട്രൈസ്റ്റാറിലേറി ദുബായിലിറങ്ങിട്ട് ദിവസങ്ങളാകുന്നതേയുള്ളു. കാലത്തെണീറ്റപ്പോള്‍ സുകുവേട്ടന്‍‍ പറഞ്ഞു:
“ഞങ്ങടെ ഹെഡാഫീസിലൊരൊഴിവുണ്ട്. മ്യൂസിയത്തിന്റെ നേരേ മുന്‍പിലുള്ള ബില്‍ഡിംഗാ. ഗ്രൌണ്ട് ഫ്ലോര്‍. മാനേജര്‍ മിസ്റ്റര്‍ നമ്പ്യാരെ കണ്ടാ മതി.”

റിട്ടയേഡ് ആര്‍മി ഓഫീസറായ നമ്പ്യാര്‍ പ്രാതലിന് അകത്താക്കിയ അരഗ്ലാസ്സ് സ്കോച്ചിന്റെ ചിറകിലേറി, പകുതി ഉണര്‍ന്നും പകുതി പറന്നും, ഏതോ സങ്കല്പ ശത്രുവിനെ പിന്തുടരുകയായിരുന്നു. റൂം എ.സി.യുടെ തണുപ്പ്, മാറി മറിയുന്ന ശരീരോഷ്മാവിനെ തുടര്‍ച്ചയായി തിരസ്കരിക്കുന്നതിനാലാകണം, സെക്രട്ടറി മാധവന്‍ കുട്ടി ഒരു ഫോള്‍ഡറിനെ ഫാനാക്കി, നമ്പ്യാര്‍ സാറിനെ ഭൂമിയുടെ പ്രതലത്തില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള‍ ബദ്ധപ്പാടില്‍.

‘ യുവാര്‍ മിസ്റ്റര്‍ സുകുമാരന്‍സ് കസിന്‍?’
ഓഫീസ്‍ കാര്യങ്ങള്‍ ഇംഗ്ലീഷിലേ സംസാരിക്കൂ എന്ന നിര്‍ബന്ധമുണ്ട് നമ്പ്യാര്‍ സാറിന്.
‘ പേപ്പേര്‍സ് പ്ലീസ്!’

സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ഫയല്‍ തുറന്ന് പോലും നോക്കാതെ മാധവന്‍ കുട്ടിക്ക് കൈമാറി, കല്‍പ്പിച്ചു:
‘ഷോ ഹിം ടു മിസ്റ്റര്‍ ഹാത്തിം നള്‍‌വാല’

നിസ്കാരത്തഴമ്പുള്ള നെറ്റിയും ഗാന്ധിക്കണ്ണടയുമുള്ള ഹാത്തിം നള്‍‌വാല തീരെ കുറിയ ഒരു മനുഷ്യനായിരുന്നു.
-രാജസ്ഥാനി ബോറി മുസ്ലിം.
-കമ്പനിയുടെ ചീഫ് എക്കൌണ്ടന്റ്.

കണ്ണട മൂക്കിന്നറ്റത്തേക്ക് നീക്കി, ഹിറ്റ്ലര്‍ മോഡല്‍ മീശ വിരലുകള്‍ കൊണ്ട് ഒന്ന് തടവി, കൈമുട്ടുകള്‍ മേശമേല്‍ ‍ഊന്നിയായിരുന്നു ആദ്യ ചോദ്യം :
“യു സ്പീക് ഹിന്ദി?’
‘അറിയാം; ബോംബെയിലായിരുന്നു.... കഴിഞ്ഞ രണ്ട് കൊല്ലം’
‘ബോംബെയിലെവിടെ?’
‘ഓപെറാ ഹൌസില്‍. എസ്‍.എസ്.പൈ & കമ്പനി, ചാര്‍ട്ടേഡ് അക്കൌണ്ടന്‍സ്.’
‘ഓ, ചാര്‍ട്ടേഡ് അക്കൌണ്ടന്റിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ടോ? എങ്കില്‍ ഒരേയൊരു ചോദ്യം: റ്റെല്‍ മി, വാട്ടീസ് അക്കൌണ്ട്സ്?’

ആദ്യമൊന്ന് പതറിയെങ്കിലും, ക്ഷിപ്രകോപിയും, അതിനാല്‍ ദുര്‍വാസാവ് എന്ന അപരനാമധാരിയുമായ, ബോംബെ ബോസ് ശ്യാം സുന്ദര്‍ പൈ, കൂടെക്കൂടേ ഉരുവിടാറുള്ള ഒരു വാചകം പെട്ടെന്നോര്‍മ്മയില്‍ തടഞ്ഞു:
‘എക്കൌണ്ട്സ് ഈസ് നതിംഗ് ബട്ട് കോമന്‍സെന്‍സ്!
ഇത്തവണ പരുങ്ങിയത് മിസ്റ്റര്‍ നള്‍‌വാലയായിരുന്നു. കസേരയിലെക്ക് നിരങ്ങി നീങ്ങിയിരുന്ന് സര്‍ട്ടിഫിക്കറ്റുകളിലൂടെ കണ്ണോടിച്ചുകൊണ്ടയാള്‍ പറഞ്ഞു:

‘നോക്കൂ, ഇവിടെ സ്റ്റാഫ് കുറവാണ്. ഓവര്‍റ്റൈം ഇരിക്കേണ്ടി വരും. ‍ 1200 ദിറംസ് ശംബളം. സമ്മതമെങ്കില്‍ നാളെ തുടങ്ങാം‘

*******************

ജോയിന്‍ ചെയ്ത് ഏറെക്കഴിയും മുന്‍പ് തന്നെ ഹാത്തിം നള്‍‌വാലയെന്ന ആ കുറിയ മനുഷ്യന്റെ ഉദാരതയും നര്‍മ്മബോധവും ആവോളം അനുഭവിച്ചറിയാനായി, എനിക്ക്. ഹാത്തിംഭായ്‌യുടെ ഭാര്യ സെബുന്നിസ എനിക്ക് ‘ഭാഭി‘യായി. മകന്‍ കുര്‍ബാന്‍ അലി ‘കുബിബേട്ട’യും.

ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം‍ അവരുടെ വീട്ടിലായിരിക്കും ഭക്ഷണം. ചിക്കന്‍ ഹരിയാലി, ബോട്ടി കബാബ്, ദാല്‍ മക്കനി, നവരതന്‍ കുര്‍മ...... പുതുമയുള്ള പേരുകളില്‍, ഭാഭിയുടെ കൈപ്പുണ്യം ആവോളം ആവാഹിച്ച, നോര്‍ത്തിന്ത്യന്‍ വിഭവങ്ങള്‍ എന്നിലുള്ള പാചകക്കാരനെ തട്ടിയുണര്‍ത്തി. സഹായിയായി ഞാനെത്തിയാല്‍ ‍പിന്നെ വിഭവങ്ങളുണ്ടാക്കാന്‍ ഭാഭിക്കും ഉത്സാഹമായിരിക്കും.

ഇടക്കിടെ ഭാഭി ഹാത്തിംഭായിയെ ശുണ്ഠി പിടിപ്പിക്കുന്നത് കേള്‍ക്കാന്‍ രസമായിരുന്നു:
‘ഭായിജാന്‍, ദേഖോ! ദാ ഇരിക്കുന്ന മനുഷ്യനെ കണ്ടോ : അനങ്ങാപ്പാറ. ഒരു കപ്പ് വെള്ളം സ്വയം എടുത്ത് കുടിച്ചിട്ടുണ്ടോ ഈ മനുഷ്യന്‍? ഒരു ചായയിടാനെങ്കിലും അറിയാമോ?’

*********************
അവിടെ വച്ചാണ് ഞാനവളെ കാണുന്നത്: രുക്സാനയെ!

ഭാഭി പരിചയപ്പെടുത്തി. ‘ഹാത്തിമിന്റെ കസിന്‍ ബാബുഭായിയെ അറിയാമല്ലോ? ബാബുഭായിയുടെ മൂത്ത മോളാ. കറാച്ചിയില്‍ നിന്ന് ഇന്നലെ ലാന്‍ഡ് ചെയ്തേയുള്ളൂ.’

വൈകുന്നേരങ്ങളില്‍ ഹാത്തിംഭായിയുമായി സുലൈമാനി കുടിച്ച് സൊറ പറയനെത്തുന്ന ബാബുഭായിയെ എനിക്കിഷ്ടമായിരുന്നു. പതിഞ്ഞ സ്വരത്തില്‍ തുടങ്ങുന്ന കുശലം പറച്ചിലുകള്‍ പിന്നീട് ഗസലുകളിലും സര്‍ദാര്‍ജിക്കഥകളിലും നീല കലര്‍ന്ന ജോക്കുകളിലുമൊക്കെ എത്തിയാണവസാനിക്കുക. വായ് പൊത്തി ചിരി അടക്കാന്‍ പാടുപെടുന്ന എന്നെ നോക്കി ബാബുഭായ് ചോദിക്കും: ‘ എന്താ ഭയ്യാ കൂടുന്നോ? കണ്ടാലറിയാല്ലോ ധാരാളം സ്റ്റോക്ക് കൈയിലുണ്ടെന്ന്’

ബാബുഭായ് പാക്കിസ്ഥാനിയാണെന്ന് ഏറെക്കാലം കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍നിന്ന് ഹരിതാഭ ‍ തേടിപ്പോയ ഹാത്തിമിന്റെ മുത്തച്ഛന്റെ കസിനാണത്രേ ബാബുഭായ്. ഒരു ജര്‍മന്‍ ‘കിച്ചന്‍ അപ്ലയിന്‍സ്’ കമ്പനിയുടെ ദുബായിലെ ജനറല്‍ മാനേജര്‍‍.

‘രുക്സാന ദുബായില്‍ ആദ്യമായി വരികയാണോ?’ : ഞാന്‍ ഭാഭിയോട് ചോദിച്ചു.
‘ഏയ്, തൂ ക്യാ ഭാഭീ സേ ബാത്ത് കര്‍ത്തേ? മുജ്സെ പൂഛോ ന!’(ഭാഭിയോടെന്താ കിന്നാരം? എന്നോട് ചോദിക്കെടാ)
‘അല്ലാ, ഞാന്‍ ഇടക്കിടെ വിസിറ്റിന് വരാറുണ്ട്. ഇപ്പോ ബി.എ. പരീക്ഷ എഴുതി വന്നിരിക്യാ. ഇനി ഇവിടെയൊക്കെത്തന്നെ കാണും, എന്താ?’
എന്റെ മുന്‍പില്‍ വന്ന് കണ്ണുകളിലേക്കുറ്റ് നോക്കിക്കൊണ്ടവള്‍ പറഞ്ഞു.

-വെളുത്ത് കൊലുന്നനെയുള്ള ശരീരം,
നല്ല ഉയരം,.
വെള്ളാരം കല്ലുകള്‍ പോലെ കൃഷ്ണമണികള്‍‍,
ഉരുണ്ട മുഖം,
നീണ്ട മൂക്ക്,
നിരയൊത്ത പല്ലുകള്‍,
ഇരട്ടത്താടി.
ഷാമ്പൂവിന്റെ പരസ്യത്തില്‍ കാണും പോലെ അലകളായൊഴുകിയെത്തുന്ന കറുത്തിടതൂര്‍ന്ന മുടി.

കണ്ണുകള്‍ താഴോട്ടിറങ്ങിയപ്പോള്‍:
‘ക്യാ ദേഖ്താ രേ?’
കുസൃതിയോടെ അവളുടെ ചോദ്യം.
പ്രകടമായ ചമ്മലോടെ മുഖം തിരിച്ചൂ, ഞാന്‍.

‘ഭായിജാന്‍, ദുബായ് മേം മുഝെ കോയി ദോസ്ത് നഹീം; ചല്‍, ഹാഥ് മിലാവോ, ആജ് സെ ഹം ദോസ്ത്.’
(ദുബായിലെനിക്ക് കൂട്ടില്ല. കൈ കൊട്; ഇന്നു തൊട്ട് നീയെന്റെ ചങ്ങായി‍‍)
മെലിഞ്ഞ് നീണ്ട വാഴപ്പിണ്ടിക്കൈകള്‍ നീട്ടി, അവള്‍.
പിന്നെ തോളില്‍ പിടിച്ചു.
‘വാ, നമുക്ക് ബാല്‍ക്കണിയിലിരിക്കാം. അല്ലെങ്കിലീ ഭാഭി വാ തുറക്കാനെന്നെ അനുവദിക്കില്ല.’
ശുദ്ധമായ ഉര്‍ദുവില്‍ ആരോഹണാവരോഹണങ്ങളോടെ, സംഗീതാത്മകമായി‍ അവള്‍ സംസാരിച്ചു തുടങ്ങി:
-കുടുംബത്തെപ്പറ്റി,
കൂട്ടുകാരെപ്പറ്റി,
കോളേജിനെപ്പറ്റി...
ഇടക്ക് കയറി ഞാന്‍ പറഞ്ഞു:
‘അരേ രുക്സാനാ, ജരാ രുക് ജാനാ...!
നീ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍ ‍ എനിക്കൊന്നും മനസ്സിലാവില്ല. നിന്റെ ഒടുക്കത്തെയൊര് ഉര്‍ദു... പിന്നെ രാജധാനി എക്സ്പ്രസ്സിന്റെ സ്പീഡും. ഇനി ഇംഗ്ലീഷില്‍ പറ”
‘ ബീയെക്കാരിയാണെങ്കിലും എന്റെ ഇംഗ്ലീഷ് വളരെ വീക്കാ, മോനേ. അതോണ്ട് വേണമെങ്കില്‍ ഞാന്‍ സ്പീഡല്പം കുറയ്ക്കാം’
**********************

ഒറ്റ ദിവസത്തെ സഹവാസം കൊണ്ട് നല്ല കൂട്ടുകാരായി ഞങ്ങള്‍.
പിറ്റേന്ന് അനിയത്തി ദില്‍ഷാദിനേയും കൂട്ടി ഓഫീസിലെത്തി‍, അവള്‍.
രുക്സാനയുടെ നേരെ വിപരീതമായിരുന്നു അവളുടെ അനിയത്തി; രൂപത്തില്‍ മാത്രമല്ല, സ്വഭാവത്തിലും.
‘‍ നിങ്ങള്‍ രണ്ട് സഹോദരികള്‍ എന്താ ഇങ്ങനെ?”
ഉടന്‍ വന്നൂ മറുപടി: ‘അവള്‍ അമ്മീടെ മോളാ, ഞാന്‍ ബാബേടേം’
ഡ്രൈവിംഗ് സ്കൂളില്‍ ചേരാന്‍ പോകുന്ന വഴിക്കാണവര്‍ ഓഫീസിലെത്തിയത്.
‘ഭായിജാന്‍ നമുക്കൊരുമിച്ച് പോകാം ഡ്രൈവിംഗിന്’: അവള്‍ പറഞ്ഞു.
‘വേണ്ടാ, രുക്കൂ. നീ പഠിക്ക്. വണ്ടി വാങ്ങുമ്പോ എനിക്ക് വേറെ ഒരു ഡ്രൈവറെ തേടേണ്ടല്ലോ?’

*******************

ഒരു മാസത്തിന്നകം ലൈസെന്‍സും പുതിയ മസ്ദാ സ്പോര്‍ട്ട്‌സ് കാറുമായി ഓഫീസിലെത്തി, അവള്‍.
“ഹാത്തിം ചാച്ചാ, അങ്ങയുടെ അനുവാദത്തോടെ ഞാനിവനെ ഹൈജാക്ക് ചെയ്തോട്ടേ? :അവള്‍ ചോദിച്ചു.
“ഞങ്ങള്‍ക്കുള്ള ട്രീറ്റെവിടേ?” :ഹാത്തിം ഭായ് ചോദിച്ചു.
“വൈകീട്ട് ബാബാജാന്‍ വരുമ്പോ കൊണ്ട് വരും”

പുതിയ കാറില്‍ ദുബായുടെ തലങ്ങും വിലങ്ങും പലവട്ടം പറന്നു, ഞങ്ങള്‍. അതിനിടെ ‘തോംസനില്‍’ നിന്ന് ഹിന്ദി കാ‍സെറ്റുകളും ‘കിംഗ്സ് ബുത്തീകില്‍‘ നിന്ന് ഒരു ഡ്രസ്സും വാങ്ങി. ‘നിനക്കുള്ള ട്രീറ്റ് അമ്മീടെ വകയാ‘
-വീടിനു താഴെ വണ്ടി നിറുത്തിക്കൊണ്ടവള്‍ പറഞ്ഞു.

തനി യാഥാസ്ഥിതിക മുസ്ലിം വേഷത്തിലായിരുന്നു തടിച്ച് പൊക്കം കുറഞ്ഞ അവളുടെ അമ്മീജാന്‍. ദില്‍‌ഷാദാകട്ടെ ചെയ്തിരുന്ന ‘ഹോംവര്‍ക്കില്‍’ നിന്ന് തലയുയര്‍ത്തി പിശുക്കോടെ ഒരു പുഞ്ചിരി സമ്മാനിച്ചു.
‘വാ ഭായിജാന്‍, ബാബാ ഇപ്പോ വരും; അത് വരെ നമുക്കെന്റെ റൂമിലിരിക്കാം’ :
സാമാന്യം ഭംഗിയായലങ്കരിച്ച മുറിയില്‍ മത്ത് പിടിപ്പിക്കുന്ന അത്തറിന്റെ ഗന്ധം നിറഞ്ഞ് നിന്നിരുന്നു.
അല്ലെങ്കിലും ഒരു പെണ്‍കുട്ടിയുടെ ‘മട’യില്‍ ആദ്യമായാണല്ലോ ഞാന്‍!

കിംഗ്സില്‍ നിന്നു വാങ്ങിയ മിറര്‍ വര്‍ക്കുകളുള്ള ‘ലാച്ചാ’യെടുത്ത്, കമ്മീസിനു മുകളില്‍ വച്ച് ചാഞ്ഞും ചരിഞ്ഞും നിന്നവള്‍ ചോദിച്ചു:
“ നോക്കൂ, എങ്ങനെയുണ്ട്?’
‘തരക്കേടില്ല, പക്ഷേ ഇട്ടു കാണാതെങ്ങാനാ പറയുക?’
‘ഒരു മിനിറ്റ്’
പെട്ടന്നവള്‍ ധരിച്ചിരുന്ന ഡ്രസ് തലവഴി വലിച്ചൂരി. ബ്രേസ്സിയേര്‍സിനു പകരം ചെറിയ ഒരു ‘സ്ലിപ്’ മാത്രമാണവള്‍ ധരിച്ചിരുന്നത്. അതിന്റെ മുകള്‍ ഭാഗത്ത്, ചെറിയ എന്നാല്‍ കൂര്‍ത്ത് നില്‍ക്കുന്ന രണ്ട് താമരമുകുളങ്ങള്‍.....


മിഴിച്ചിരുന്നു പോയി, ഞാന്‍.

അത് വരെ കാണാത്ത ഭാവത്തോടെ, തിളയ്ക്കുന്ന കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളുമായി, മുന്നില്‍ വന്ന്, കുനിഞ്ഞ് നിന്നവള്‍ എന്റെ മുഖത്തേക്കുറ്റു നോക്കി.

മിഴികളില്‍ ഒരു മഴവില്ല് വീണുടഞ്ഞു!

തൊണ്ടയിലൂടെ ലാവയൊഴുകി, ഹൃദയം പെരുമ്പറ മുഴക്കി, രോമകൂ‍പങ്ങളിലൂടെ വൈദ്യുതി പാഞ്ഞു.


പെട്ടെന്ന് പുറത്ത് നിന്നെന്തോ ശബ്ദമുയര്‍ന്നു.

വാതില്‍ തുറക്കുന്നു, അടയ്ക്കുന്നൂ. ഒപ്പം ബാബുബായ്‌യുടെ മുഴക്കമുള്ള സ്വരം.


ഒറ്റച്ചാട്ടത്തിന്ന് ചാരിയിട്ട വാതിലിലൂടെ‍ ഞാന്‍ പുറത്തേക്കൂളയിട്ടു. പിന്നെ അപ്രതീക്ഷിതാനുഭവത്തിന്റെ വികാരത്തള്ളലില്‍‍ വിരണ്ട തനുവും വ്യഥിത മനസ്സും പേറി, ആദ്യം കണ്ണില്‍ പെട്ട ബാത്‌റൂമില്‍ കയറി കതകടച്ചു.

ഏറെക്കഴിഞ്ഞ്, തൊട്ടടുത്ത കസേരയില്‍, ഭാഭിയുടെ ആലൂ പൊറോട്ടയും നര്‍ഗീസി കോഫ്തായും, കുനിഞ്ഞ ശിരസ്സുമായിരുന്നകത്താക്കുമ്പോള്‍, ചുണ്ടുകള്‍ എന്റെ ചെവിക്കരികെ കൊണ്ടുവന്ന് അവള്‍ മന്ത്രിച്ചൂ:
“അരേ ഡര്‍പോക്ക്, സീഥാ ബൈഠ്” (പേടിത്തൊണ്ടാ, നേരെയിരി)

*************************
ഞാന്‍ ഡ്രൈവിംഗ് പഠിക്കണമെന്നായി പിന്നെ അവളുടെ ശാഠ്യം. ഓഫീസില്‍ നിന്ന് നേരത്തേ വിളിച്ചിറക്കി, സത്‌വയിലെ ഒഴിഞ്ഞ ഗ്രൌണ്ടില്‍, ഡ്രൈവിംഗ് സ്കൂളുകാര്‍ നാട്ടിയ പോസ്റ്റുകള്‍ക്കുള്ളില്‍, പാര്‍ക്കിംഗും ഗാരേജും പരിശീലിപ്പിക്കാനവള്‍‍ മുന്‍‌കൈയെടുത്തു. ജീവിതത്തിലാദ്യമായി ഡ്രൈവിംഗ് സീറ്റിലിരുന്നപ്പോള്‍ ‍ തോന്നിയ വിറയല്‍ അവളുടെ ‘പേര്‍സണല്‍ കെയര്‍‘ കൂടിയായപ്പോള്‍ ഉന്മാദമുള്ള ഒരനുഭവമായി മാറി.
കുടുകുടെ ചിരിച്ചുകൊണ്ടവള്‍ അപ്പോഴും കളിയാക്കി:
ഡര്‍പോക്ക് കഹീം കാ’
********************

തലത്ത് മഹ്‌മൂദിന്റെ ഗാനങ്ങള്‍ പ്രാണനായിരുന്നു, അവള്‍ക്ക്.
“ഏ ദില്‍ മുഝെ ഐസാ ജഗാ ലേ ചല്‍.....”
‘മേരാ ജീവന്‍ സാഥി ബിഛഡ് ഗയാ....”
“ജല്‍തെ ഹെ ജിസ് കേ ലിയേ...’
-എന്നീ ഗാനങ്ങള്‍ പ്രത്യേകിച്ചും.

കാറില്‍ സദാ സമയവും തലത്ത് മഹ്‌മൂദിന്റെ ഗാനമേളയായിരിക്കും. ഒപ്പം പാടും അവള്‍.
തലത്തിനേക്കാള്‍ ‘സില്‍കി വോയ്സ്‘ തന്റേതല്ലേയെന്നാണവളുടെ ചോദ്യം.
സമ്മതിച്ച് കൊടുക്കാതെന്ത് ചെയ്യും?

********************
കളകളാരവം മുഴങ്ങുന്ന സംസാരപ്പാച്ചിലിന്നിടക്ക് ചിലപ്പോഴവള്‍ നിശ്ശബ്ദയാ‍കും. എന്തോ ആലോചിച്ചിരിക്കും. പിന്നെ നീണ്ട ഒരു നെടുവീര്‍പ്പ്.


‘രുക്കൂ, ഏറെ നാളായി നിന്റെ ഈ സൂക്കേട്..... എന്താ പ്രശ്നം?’
ഞാന്‍ ചോദിച്ചു.
“ഭായിജാന്‍, നിന്നോട് ഞാനെന്തൊളിക്കാനാ?“
എന്റെ നേരെ തിരിഞ്ഞൂ, അവള്‍:
നോക്കൂ; ഞാനെന്താ ഇങ്ങനെ? ദില്‍‌ഷാദ് എന്നേക്കാള്‍ അഞ്ച് വയസ്സിന്നിളയതാണ്. അവളുടെ മുന്‍ഭാഗോം പിന്‍ഭാഗോം ശ്രദ്ധിച്ചിട്ടുണ്ടോ....‍ എത്ര വലുതാ, എന്ത് ഷേപ്പാ,അല്ലേ?”
“എന്ത് ചെയ്യാനാ, മുളച്ച് വരുമ്പോള്‍‍ മുതല്‍ ആവശ്യത്തിന് കൈവളം കൊടുക്കാതിരുന്നാ ഇങ്ങനെയൊക്കെ സംഭവിക്കും’

ഒരു തത്വജ്ഞാനിയുടെ ഗൌരവത്തോടെയുള്ള എന്റെ മറുപടി കേട്ടപ്പോള്‍ ‍ ‍ നിസ്സഹായാവസ്ഥയില്‍ അവള്‍ തലയാട്ടി. ഏറെക്കഴിഞ്ഞ് തലയില്‍ ട്യൂബ്‌ലൈറ്റ് തെളിഞ്ഞപ്പോള്‍‍ ആര്‍ത്ത് ചിരിച്ചുകൊണ്ട്, ‍ എന്റെ കഴുത്തില്‍ പിടിത്തമിട്ടു:

‘ബദ്മാഷ്, മാര്‍ ഡാലൂംഗീ‘

*******************************
ഒരു വെള്ളിയാഴ്ച:

കുര്‍ബാന് ട്രിഗ്ണോമെട്രിയിലെ ഒരു സംശയം തീര്‍ത്ത് കൊടുക്കുകയായിരുന്നു, ഞാന്‍. ഭാഭി ഗ്രോസറിയില്‍ പോയിരിക്കുന്നു. രുക്സാനയും ദില്‍‌ഷാദും വാതില്‍ തുറന്നകത്ത് വന്നത് ഞങ്ങള്‍ അറിഞ്ഞില്ല. പിന്നിലൂടെ വന്ന് ചെവിയില്‍ ‘ഡര്‍പോക്ക്’ എന്നവള്‍ മന്ത്രിച്ചപ്പോള്‍ ഞെട്ടിപ്പോയി.

അവളെ അങ്ങനെ വിട്ടാല്‍ പറ്റില്ലെന്നെനിക്ക് തോന്നി. പിന്നിലൂടെ ചെന്ന് അരയില്‍ രണ്ട് കൈകളും ചേര്‍ത്ത് പിടിച്ച് മുകളിലേക്കുയര്‍ത്താ‍ന്‍ ശ്രമിച്ചു.
‘എന്താ, തൂക്കം നോക്കുകയാ?’‘ :അവള്‍ ചോദിച്ചു.
“അതെ, കൃത്യമായി പറയും. അറിയാമോ?’
‘എങ്കി പറ....’
അവളെ തറയില്‍ നിന്നും അല്പമുയര്‍ത്തി, സാവധാ‍നം വട്ടം കറക്കി. അതിനിടെ കൈകള്‍ മനപ്പൂര്‍വം മുകളിലേക്കുയര്‍ന്നതും വിരലുകള്‍ വികൃതി കാട്ടിത്തുടങ്ങിയതും അറിയാത്ത മട്ടില്‍ കിലുങ്ങിച്ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു:
‘പറയ്, എത്ര കിലോ.”
“48 കിലോ’ ഞാന്‍ പറഞ്ഞു.
‘അല്ല തെറ്റാ...ശരിക്കും നോക്ക്’
ഇതിനിടെ ദില്‍‌ഷാദ് ഇടയില്‍ക്കയറി:
‘ഭായിജാന്‍, കൃത്യമാ പറഞ്ഞത്. ദീദി 49 കിലോയാ..‘
അവള്‍ അനിയത്തിയെ നോക്കി കോക്രി കാട്ടി.
:‘ചല്‍, ഝൂട്ടീ”
“ഭായിജാന്‍ ഇനി എന്റെ തൂക്കം നോക്ക്’: ദിത്ഷാദ് മുന്നിലേക്ക് കയറി വന്നു.
‘വേണ്ടാ, നിന്റെ തൂക്കം ഞാന്‍ പറയാം. 55 കിലോ. ഭാഗ്, ഭാഗ് യഹാം സേ...ഒരുത്തി തൂക്കം നോക്കാന്‍ നടക്കുന്നൂ”
അവള്‍ കോപത്തോടെ ദില്‍ഷാദിനു നേരെ കൈയുയര്‍ത്തി.
എന്നിട്ടെന്നെ നോക്കി ചുണ്ടുകള്‍ വക്രിപ്പിച്ച് കപടഗൌരവത്തോടെ ചോദിച്ചൂ:
‘ഉം...എന്താ, വളം വച്ച് കൊടുക്കാന്‍ വല്ല പ്ലാനുമുണ്ടോ?’

*************************

വളരെ ‘പൊസസീവ്’ കാരക്റ്റര്‍ ആയിരുന്നു, രുക്സാനയുടേത്. എന്ത്, എപ്പോള്‍, എവിടെ എന്നൊന്നും പ്രശ്നമല്ല, കൂടെയുള്ള മുഴുവന്‍ സമയവും‍ എന്റെ ശ്രദ്ധ അവളിലായിരിക്കണം.
ബാബുഭായിയുടേയും ഭാഭിയുടേയും വിവാഹത്തിന്റെ സില്‍‌വര്‍ ജൂബിലി പാര്‍ട്ടി. ആള്‍ക്കൂട്ടത്തില്‍ നിന്നും കൈ പിടിച്ച് എന്നെ ബാല്‍ക്കണിയിലേക്ക് നയിച്ചു, അവള്‍. ‘ഭായിജാന്‍, എത്ര നാളായി കൈരേഖ നോക്കി ഫലം പറയാമെന്നേറ്റിട്ട്” :
അവള്‍ കൈ നീട്ടി.

പാര്‍ട്ടിയില്‍ നിന്നൊഴിഞ്ഞ് അവളുടെ കൂടെ ഒറ്റക്കിരിക്കാന്‍ ‍ അല്പം ജാള്യത തോന്നിയെങ്കിലും അവള്‍ വിട്ടില്ല.

“ശരി’: നീളമുള്ള അവളുടെ ഇടത് കൈപ്പത്തി എന്റെ കൈയിലൊതുക്കി, തുടച്ച് വൃത്തിയാക്കി, ചൂണ്ടുവിരല്‍ രേഖകളിലൂടെ ഓടിച്ച്, ഒരു ഹസ്തരേഖാ വിദഗ്ദ്ധന്റെ ഗാംഭീര്യത്തോടെ തുടങ്ങി.

“തള്ള വിരലിന്റെ താഴെ, ദാ, ഇതാണ് വീനസ്. ഉയര്‍ന്ന് നില്ക്കുന്നതിനാല്‍ ‘വില്‍‌പവര്‍’ ഉള്ള മനസ്സാണ് നിന്റേത്. ഇവിടന്ന് മേലോട്ട് .. ഇതാണ് ജീവന്‍ രേഖ. പിന്നെ ചെറുവിരലിന്റെ താഴെ ഈ തെളിഞ്ഞ് കാണുന്നത് ഹൃദയരേഖ....’

“അതല്ല, എന്റെ വിവാഹം.... അത് എന്ന് നടക്കും?’
അവളുടെ മുഖം എന്റെ മുഖത്തോടടുത്തു.
നിശ്വാസങ്ങള്‍ നെറ്റിത്തടത്തെ ചൂടുപിടിപ്പിച്ചു.
“ഇതാ ചെറുവിരലിന്റെ സൈഡില്‍ ഹൃദയരേഖയോട് ചേര്‍ന്ന്...ഇതാണ് വിവാഹരേഖ. 20 വയസ്സില്‍ നടക്കുമെന്നാ രേഖകള്‍ പറയുന്നത്. പക്ഷെ വളരെ നേര്‍ത്ത ഒരു രേഖ മാത്രമായതിനാല്‍ ഉറപ്പില്ല. അല്ലെങ്കില്‍ പിന്നെ 28 കഴിയണം.’‘
“20 വയസ്സ് ഉടനെ ആകുമല്ലോ. ‍ എടാ‍, നിനക്കെന്നെ കെട്ടിക്കൂടെ?’
അവളുടെ ചുണ്ടുകള്‍ എന്റേതിനോട് വളരെ അടുത്തായിരുന്നു.
ആ കണ്ണുകളുടെ തിളക്കം, നിശ്വാസത്തിന്റെ തീഷ്ണത....
അമ്പരപ്പോടെ തലയുയര്‍ത്തിയ എന്നെ നോക്കി, പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത്, കൈ കൊണ്ട് തലയിലൊന്ന് തട്ടി, പുഞ്ചിരിയോടവള്‍ മന്ത്രിച്ചു:
“ഡര്‍പോക്ക്’
എന്നിട്ട് വിഷയം മാറ്റി:
“ഇനി കുട്ടികളുടെ കാര്യം...പറ, എത്ര കുട്ടികള്‍?“
’‘വിവാഹ രേഖയുടെ താഴെ....അല്പം തടിച്ച രേഖകള്‍ ആണ്‍കുട്ടികളുടേതും നേര്‍ത്തവ പെണ്‍‌കുട്ടികളുടേതും എന്നാണു ശാസ്ത്രം. പക്ഷേ ‍ രേഖകള്‍ ഒന്നും തെളിഞ്ഞ് കാണുന്നില്ലല്ലോ?”
‘കുട്ടികളുണ്ടാവില്ലെന്നാണോ?”
ആകാംക്ഷയേക്കാള്‍ ഉദ്വേഗമായിരുന്നു ആ സ്വരത്തില്‍.
ഒന്നു ചിരിച്ചു, ഞാന്‍.
പിന്നെപ്പറഞ്ഞു:
“എടീ ബുദ്ദൂസെ, കല്യാണം കഴിഞ്ഞിട്ടല്ലേ കുട്ടികളുണ്ടാവൂ‍? അല്ലാതെ അതിനു മുന്‍പെങ്ങാ‍ന്‍ രേഖ തെളിഞ്ഞാല്‍...........ദേ, കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കാനാ നിന്റെ പരിപാടി?”

*********************
അപ്രതീക്ഷിതമായാണ് ബാബുഭായിക്ക് ഹാര്‍ട്ടറ്റാക്ക് വന്നത്.

ബൈപാസ് സര്‍ജറിക്ക് പാക്കിസ്ഥാനിലേക്ക് പോയ ബാബുഭായി രണ്ട് മാസങ്ങള്‍ക്ക് ശേഷം തിരിച്ചു വന്നു, മുഖം നിറയെ ചിരിയും കൈ നിറയെ കറാച്ചി ഹല്‍‌വായുമായി. അസുഖം മാറിയതിന്റെ മാത്രമല്ലാ മകളുടെ നിക്കാഹ് നടത്തിയതിന്റെ കൂടി സന്തോഷത്തില്‍.


ഹബീബ് ബാങ്കിന്റെ അബുദാബി ബ്രാഞ്ചില്‍ ഓഫീസറായ ഇക്ബാല്‍ ഒരു ബോളിവുഡ് താരത്തേപ്പോലെ സുന്ദരനായിരുന്നു. പക്ഷേ എത്ര നിര്‍ബന്ധിച്ചിട്ടും രുക്സാന വിവാഹത്തിന് തയ്യാറായില്ലത്രേ.
ഒടുവില്‍, ‘അബ്ബാജന്റെ അവസാന ആഗ്രഹം എന്റെ മോള്‍ സാധിച്ച് തരില്ലേ ‘ എന്ന് ബാബ ചോദിച്ചപ്പോള്‍ തനിക്കുത്തരമുണ്ടായില്ലെന്ന് രുക്കു.

ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വച്ചായിരുന്നു മാരിയേജ് റിസപ്ഷന്‍. വിലയേറിയ ആടയാഭരണങ്ങളും, മേക്കപ്പും മെഹന്ദിയുമൊക്കെയണിഞ്ഞ് വന്നപ്പോഴവള്‍ക്ക് ലോകസുന്ദരിയേക്കാള്‍ തിളക്കം.

അവളെ നേരിടാനാവാതെ, എന്തിനെന്നറിയാതെ വിതുമ്പുന്ന ഒരു കുഞ്ഞ് ഹൃദയത്തെ തലോടി ആശ്വസിപ്പിച്ചുകൊണ്ട്, ഹാളിന്റെ മൂലയില്‍ ഒതുങ്ങിക്കൂടി ഞാന്‍. ദില്‍‌ഷാദ് വന്ന് വിളിച്ചപ്പോഴാണു രുക്കു എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നുവെന്ന് മനസ്സിലായത്. ഇക്ബാലിന് എന്നെ പരിചയപ്പെടുത്തിയത് ‘തിസ് ഈസ് മൈ ബെസ്റ്റ് ഫ്രന്റ്’ എന്നു പറഞ്ഞാണ്. കൂടെ നിര്‍ത്തി ഫോട്ടൊയുമെടുത്ത് മടങ്ങാന്‍ നേരം അവളുടെ മൃദുമന്ത്രണം ചെവികളില്‍‍:
‘ഡര്‍പോക്ക്’
തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ടു: ഇളകിയാടുന്ന വെള്ളാരംകല്ലുകള്‍ക്ക് താഴെ തിളങ്ങി നില്‍ക്കുന്ന രണ്ട് വജ്രത്തുള്ളികള്‍.

**********************
അന്നു രാത്രി ബാബുബായ് മരിച്ചു.

റിസപ്ഷന്‍ കഴിഞ്ഞ് കളിയും പാട്ടുമൊക്കെയായി മനസ്സ് നിറഞ്ഞ് വന്നു കിടന്നതായിരുന്നു. പിറ്റേന്ന് കാലത്ത് ഉണര്‍ന്നില്ല.
മൃതദേഹം ദുബായില്‍ തന്നെ കബറടക്കാന്‍ തീരുമാനിച്ചു. എല്ലാ കാര്യങ്ങള്‍ക്കും ഹാത്തിം ഭായിയോടൊപ്പം ഞാനും ഓടി നടന്നു. ഡെത്ത് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കിട്ടിയപ്പോഴാണ് ബാബുഭായിയുടെ യഥാര്‍ത്ഥ പേരുപോലും ഞാന്‍ മനസ്സിലാക്കിയത്: മീര്‍ സഫറുള്ള സിദ്ദിക്കി.
ചടങ്ങുകള്‍ക്ക് ശേഷം ഇക്ബാല്‍ അബുദാബിയിലേക്ക് മടങ്ങി. രുക്സാന തത്ക്കാലം കുടുംബത്തോടൊപ്പം ദുബായില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചു. ബാബുഭായിക്ക് കമ്പനിയില്‍ നിന്നു കിട്ടാനുള്ള ആനുകൂല്യങ്ങള്‍ വാങ്ങണം, ദില്‍‌ഷാദിന് പരീക്ഷ എഴുതണം, അവരെ പാക്കിസ്ഥാനില്‍ കൊണ്ട് പോയി സെറ്റില്‍ ആക്കിക്കഴിഞ്ഞാല്‍ പിന്നെ താന്‍ ‍‍ ഫ്രീ എന്നാണവള്‍ പറഞ്ഞത്.

ബാബുബായിക്ക് പകരം അറബിയുടെ മകനാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായത്.
14 കൊല്ലങ്ങള്‍ കൊണ്ടാണു ബാബുബായി ആ ജര്‍മ്മന്‍ പ്രൊഡക്ടിനെ ദുബായിലെ ‘ടോപ് ബ്രാന്‍ഡായി’ ഉയര്‍ത്തിക്കൊണ്ട് വന്നത്. ശംബളത്തിനു പുറമെ 10% പ്രോഫിറ്റ് ഷയറും അറബി വാഗ്ദാനം ചെയ്തിരുന്നു.

പക്ഷെ മകന്റെ കണ്ണില്‍‍ ബാബുഭായി വെറുമൊരു സെയില്‍‌സ് മാനേജര്‍ മാത്രമായിരുന്നു. പുതിയ കണക്കപ്പിള്ള‍ അച്ചായന്റെ ഉപദേശപ്രകാരം കൊല്ലങ്ങളായി കമ്പനി എഴുതിത്തള്ളിയ ‘ബാഡ് ഡെബ്റ്റ്സ്‘ എല്ലാം ബാബു ഭായിയുടെ പേഴ്സണല്‍ എക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു. രേഖകളിലില്ലാത്ത പ്രോഫിറ്റ് ഷയര്‍ എന്ന അറബിയുടെ പ്രോമിസിനെ പറ്റി തനിക്കൊന്നുമറിയില്ലെന്നും അയാള്‍ തുറന്നടിച്ചു.

കാരണോര്‍ അറബിയെ നേരിട്ട് കാണാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ‍ ‘ലീഗല്‍‘ ആയിത്തന്നെ കാര്യങ്ങള്‍ നീക്കാന്‍ തീരുമാനിച്ചു, രുക്കു. വക്കീല്‍ നോട്ടീസ് കൈപ്പറ്റിയ അറബിപുത്രന്‍ സിനിമയിലെ വില്ലനെപ്പോലെയാണ് പ്രതികരിച്ചത്.


കമ്പനിയുടെ ‘ആഫ്റ്റര്‍ സെയിത്സ് സെര്‍വീസ് സെന്ററിന്റെ വാടക ശീട്ട് ബാബുഭായിയുടെ പേരിലായിരുന്നു. റിപ്പയറിനു വരുന്ന സാധനങ്ങള്‍ കൂടാതെ കുറെ ഡെഡ് സ്റ്റോക്കും സൂക്ഷിച്ചിരുന്നു, അവിടെ.

ഒരു ദിവസം രാത്രി രുക്കുവിന്റെ ഫോണ്‍.
‘ഭായിജാന്‍, ഒന്നിവിടെ വരെ വരാമോ? വീടു നിറയെ പോലീസ്...’

ഞാന്‍ ഞങ്ങളുടെ PRO സുഡാനിയേയും ഹാത്തിം ഭായിയേയും കൂട്ടി അവിടെയെത്തിയപ്പോള്‍ ഫ്ലാറ്റ് നിറയേ പോലീസും സി ഐ ഡികളും. ഭാഭിയേയും രുക്കുവിനേയും അറസ്റ്റ് ചെയ്യാന്‍‍ വന്നതാണത്രേ!

ചതി, വിശ്വാസ വഞ്ചന, കളവുമുതല്‍ സുക്ഷിക്കല്‍.....കുറ്റങ്ങള്‍ പലതാണ്.


ആ സന്നിഗ്ദ്ധ ഘട്ടത്തിലാണ് രുക്കുവിന്റെ പുതിയ ഒരവതാരം ഞാന്‍‍ ദര്‍ശിച്ചത്.

അറസ്റ്റൊഴിവാക്കി‍ അനുരഞ്ജനത്തിന് അറബിപുത്രനെ വിളിക്കാന്‍‍ എല്ലാരും നിര്‍ബന്ധിച്ചപ്പോള്‍ ഒരു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു: “വേണ്ടാ, എന്റെ ബാബാജാനോട് കാട്ടുന്ന ഏറ്റവും വലിയ അനീതിയായിരിക്കും, അത്. ഇതൊരു ധര്‍മ്മയുദ്ധമാണ്. ഞാനിതില്‍ നിന്ന് ഞാന്‍ പിന്മാറിക്കൂടാ‍.

അടുത്താഴ്ച മുതല്‍ അവളൊരുദ്യോഗസ്ഥയായി, ഒരു മാര്‍ക്കറ്റിംഗ് കമ്പനിയിലെ‍ സെയിത്സില്‍ ഡിവിഷനില്‍.

ഒന്നര കൊല്ലത്തോളം നീണ്ടുനിന്ന ‍നിയമയുദ്ധത്തിന്റെ അവസാനം ബാബുഭായി നിര്‍ദ്ദോഷിയാണെന്ന് കോടതി വിധിച്ചു. ഗ്രാറ്റുവിറ്റി വക കുറെ പൈസയും കിട്ടി. പക്ഷേ അപ്പോഴേക്കും സാമ്പത്തികമായി ക്ഷയിച്ച് കഴിഞ്ഞിരുന്നു, ആ കുടുംബം.

ഇക്ബാലും രുക്സാനയുമായി ഉയര്‍ന്ന് വന്ന കൊച്ച് കൊച്ച് അഭിപ്രായവ്യത്യാസങ്ങള്‍ അപ്പോഴേക്കും അതിന്റെ പാരമ്യത്തിലെത്തിയിരുന്നു.
രുക്കു തറപ്പിച്ചു പറഞ്ഞു: ‘ ഈ സുന്ദരവിഡ്ഡിയുടെ കൂടെ എനിക്കിനിയും ജീവിക്കാനാവില്ല. കുടുംബമാണു എനിക്ക് വലുത്”

“ഭാ‍യിജാന്‍, ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല, ഞാനയാളെ. ഹി ഈസ് അ പെര്‍ഫക്റ്റ് മെയില്‍ ഷ്യുവനിസ്റ്റ് പിഗ്‘: പിന്നീടവള്‍ വിശദീകരിച്ചു.

ആ സമ്മറില്‍ രുക്സാനയും കുടുംബവും ദുബായിയോട് യാത്ര പറഞ്ഞു.

പല കത്തുകള്‍ അയച്ചപ്പോള്‍ ‍ രണ്ടോ മൂന്നോ മറുപടികള്‍‍ വന്നു. പണത്തിന് മാത്രമല്ല വാക്കുകള്‍ക്കും പിശുക്കു കാണിച്ചു തുടങ്ങിയിരുന്നൂ അവള്‍!

****************************

ഹാത്തിംഭായ് ഇപ്പോഴുമുണ്ട് ഷാര്‍ജയില്‍; റോളയില്‍ സ്വന്തമായി ക്ലിനിക് നടത്തുന്ന മകന്‍ ഡോക്ടര്‍ കുര്‍‌ബാന്റെ കൂടെ.


ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തി തിരിച്ച് വന്ന കുര്‍ബാന്‍ എന്നെ വിളിച്ചു.
‘അങ്കിള്‍, എന്നാ ഇനി ഷാര്‍ജക്ക്?”
ഞാന്‍ പറഞ്ഞു: ‘വരാം, ഈയാഴ്ച തന്നെ”
“വരുമ്പോള്‍ അങ്കിളിന്റെ ഒരു ഫാമിലി ഫോട്ടോ കൊണ്ടുവരണം.”

കറാച്ചിയില്‍ രുക്സാനയെ വിസിറ്റ് ചെയ്ത കഥ പറയാനാണവന്‍ വിളിച്ചത്.
‘ എങ്ങിനെയുണ്ടവള്‍? കല്യാണം കഴിച്ചോ? കുട്ടികള്‍?”
ഉണര്‍ന്ന ഔത്സുക്യത്തോടെ ഞാന്‍ തിരക്കി.
‘ കല്യാണം കഴിച്ചിട്ടില്ല. അനിയത്തിയെ പഠിപ്പിച്ചു ഡോക്ടറാക്കി. അവളിപ്പോള്‍ ഭര്‍ത്താവുമൊത്ത് അമേരിക്കയിലാണ്. രുക്കുദീദി അമ്മയുമൊത്ത് കറാച്ചിയിലാണു. സ്വന്തമായി ഒരു റെസ്റ്റാറന്റ് നടത്തുന്നു. മാത്രമല്ല, അനാഥനായ ഒരു അഫ്ഘാന്‍ ബാലനെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്, ദീദി. ഷി് സെയ്സ് ഷി ഈസ് ഹാപ്പി”
അവന്‍ തുടര്‍ന്നു:“പക്ഷെ അതല്ലാ അങ്കിള്‍ എനിക്കറിയേണ്ടത്. അങ്കിളിനോട് ചോദിക്കാന്‍ പാടില്ലാത്തതാ. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം’
“നോ പ്രോബ്ലം, ഷൂട്ട്...”: ഞാന്‍ അനുമതി നല്‍കി.
“അങ്കിളും ദീദിയും പ്രേമത്തിലായിരുന്നോ? അങ്കിളിനെപ്പറ്റി പറയുമ്പോഴുള്ള അവരുടെ കണ്ണുകളുടെ പ്രകാശവും മുഖത്തെ ഭാവഭേദങ്ങളും സംസാരത്തിലെ നനുനനുപ്പും .... പിന്നെ ഫോട്ടോക്ക് വേണ്ടി വീണ്ടും വീണ്ടുമുള്ള ഓര്‍മ്മപ്പെടുത്തലുകളും....!”

എന്താ കുബീ ഞാന്‍ പറയുക?

Tuesday, July 24, 2007

കനല്‍ക്കാറ്റിലുലയാത്ത ജ്വാല

കനല്‍ക്കാറ്റിലുലയാത്ത ജ്വാല


ഉച്ചയൂണ് വീട്ടില്‍ തന്നെ വേണമെന്ന നിര്‍ബന്ധമുണ്ടെനിക്ക്. ഓഫീസ് റാഷീദിയായിലേക്ക് മാറ്റിയ ഒരു കൊല്ലമേ അതിന് മാറ്റം വന്നിട്ടുള്ളു. ഭക്ഷണക്കാര്യത്തില്‍ ഇത്ര വാശിയെന്താ എന്ന് ചോദിച്ചാല്‍: ‘ മനുഷ്യന് ഈ അല്ലറ ചില്ലറ കാര്യങ്ങളിലൊക്കെയല്ലേ വാശി പിടിക്കാനാവൂ’ ?

കഴിഞ്ഞ ശനിയാഴ്ച:

ഒരു മണിക്ക് 5 മിനിറ്റ് മുന്‍പ് ഓഫീസില്‍നിന്നിറങ്ങിയാല്‍ രണ്ടുണ്ട് കാര്യം: തിരക്കേറും മുന്‍പ് ബര്‍ജുമാന്‍ റൌണ്ടെബൌട്ട് കടക്കാം; ഒരു മണിക്കുള്ള ഏഷ്യാനെറ്റ് റേഡിയോ ന്യൂസും കേല്‍ക്കാം.

‘സാറേ, കൈതസ്സാറേ’
- കാറിന്റെ തുറന്ന ഡോര്‍ അതേപടി പിടിച്ച് ശബ്ദം വന്ന ദിക്കിലേക്ക് നോക്കി. കടുത്ത നിറങ്ങളില്‍ പൂക്കളും പുള്ളികളും കൊണ്ടലംകൃതമായ ഒരു ചൂരിദാര്‍ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന കാറുകളുടെ ഇടയിലൂടെ പാറി പറന്നു വരുന്നു.

നിറുത്താതെയുള്ള വിളി അപ്പോഴും തുടരുന്നുണ്ടായിരുന്നു. ‘സാറേ, പോകല്ലേ, ഒരു മിനിറ്റ്..സാറേ’

കാല്‍നടക്കാരും അടുത്തുള്ള കടയിലെ ജോലിക്കാരും കൌതുകത്തോടെ, എന്നാല്‍ അല്പം പരിഹാസം കലര്‍ന്ന ചിരിയോടെ ഈ സീന്‍ ആസ്വദിക്കുന്നുണ്ടായിരുന്നു.

‘ ഓ, മിഥുനയോ, എന്താ ഈ സമയത്ത്?”
“ എന്തൊരു ചൂടാ,സാര്‍.... പ്ലീസ്, ഡോര്‍ തുറക്കൂ, എന്നെ ബര്‍ദുബായില്‍ ഒന്ന് വിടണം’: ആധികാരികതയോടെയായിരുന്നു അവളുടെ ആവശ്യം.

അല്ലെങ്കിലും അവള്‍ എന്നും ഇങ്ങിനെയായിരുന്നല്ലോ. ലക്കും ലഗാനുമില്ലാത്ത കാട്ടുകുതിര. എവിടെനിന്നറിയാതെ പ്രത്യക്ഷപ്പെടും, കൂടെക്കൂടും. വിപ്രതിപത്തി വാക്കില്‍ മാത്രമല്ല, പ്രവൃത്തിയില്‍ കാട്ടിയാല്‍ പോലും വിട്ട് പോകില്ല.

‘മോന്റെ ഫീസ് ഡ്യൂ ആയി. തിങ്കളാഴ്ചയാ ലാസ്റ്റ് ഡേറ്റ്. ‘അല്‍‌റസൂക്കി‘യിലെ ഉണ്ണിയേട്ടന്‍ പറഞ്ഞു ഇപ്പോ ചെന്ന് ഡ്രാഫ്റ്റെടുത്താ വൈകീട്ടത്തെ കുരിയറില്‍‍ തന്നെ വീടാമെന്ന്.’

അവള്‍ കാറില്‍ക്കയറിയപ്പോള്‍ വിയര്‍പ്പിന്റെ മടുപ്പിക്കുന്ന മണം മൂക്കിലേക്കടിച്ച് കയറി. ‍ ഡോറിന്റെ ഗ്ലാസ്സുകളല്‍പ്പം താഴ്ത്തി, ഏസി മാക്സിമത്തിലാക്കി ഞാന്‍.

‘ സാറെ, ഞാന്‍ മായയിലെ കാഷ്യര്‍ ജോലി വിട്ടു. ഇപ്പോ അക്കൌണ്ടന്റാ; സാറിന്റെ സേയിം പ്രൊഫഷന്‍’

സെന്റ് സേവ്യേഴ്സില്‍ FBA ക്ക് പഠിക്കുമ്പോള്‍ കാമുകന്റെ കൂടെ ഒളിച്ചോടിയ, കണക്ക് പോയിട്ട് ഡെബിറ്റും ക്രെഡിറ്റും പരസ്പരം തിരിച്ചറിയാത്ത മിഥുന എക്കൌണ്ടന്റോ?
നല്ല തമാശ തന്നെ.
‘ ഏതു കമ്പനീലാ?’ : ഞാന്‍ ചോദിച്ചു.
‘സാറിനോട് പറഞഞ്ഞിട്ടില്ലേ, പദ്മനാഭ മാമയെപ്പറ്റി? സ്വാമീടെ കമ്പനീലാ.’

എനിക്കോര്‍മ്മ വന്നു അവള്‍ ഇടക്കിടെ പറയാറുള്ള, സ്വാമിയെന്ന് എല്ലാരും വിളിക്കുന്ന പദ്മനാഭ അയ്യരെപ്പറ്റി. വലിയ ഒരു ബിസിനസ്സ് ഗ്രൂപ്പിന്റെ ഫൈനാന്‍സ് കം അഡ്മിനിസ്ട്രേറ്റിവ് മാനേജര്‍. ദുബായിലെ അറിയപ്പെടുന്ന അയ്യപ്പഭക്തന്‍!

മന്ദബുദ്ധിയും ഡൈവോര്‍സിയുമായ അങ്ങേരുടെ അനുജനു വേണ്ടിയായിരുന്നല്ലോ ഒരിക്കല്‍‍ മിഥുനയെ വിവാഹമാലോചിച്ചത്?

‘ സാര്‍, ചേച്ചിയെ കണ്ടിട്ടൊരു പാട് നാളായി. ഇനി ബിരിയാണി വയ്ക്കുന്ന ദിവസം എന്നെ അറിയിക്കാന്‍‍ പറയണേ. മെസ്സിലെ ദാലും ചപ്പാത്തിയും കഴിച്ചെന്റെ ജീവന്‍ പോകാറായി. വരുമ്പോ സുമേഷിന്റേം സരികേടേം പുതിയ ഫോട്ടോകളും കൊണ്ട് വരാം’ :
‍റഫാ റോഡില്‍ കാര്‍ നിര്‍ത്തിയപ്പോഴവള്‍ ‍ പറഞ്ഞു.

സുമേഷ്: മകന്‍
സരിക: മകള്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ്:

“അഛാ, ഇത് സുമേഷ്. എന്റെ ക്ലാസ്മേറ്റ്”
ദിവസത്തില്‍ 14 മണിക്കൂറും ഓഫീസില്‍ ജീവിതം തുലയ്ക്കുന്ന അച്ഛന് കൂട്ടുകാരനെ പരിചയപ്പെടുത്താന്‍ വന്നതാണ് എന്റെ മകന്‍.
‘ഹലോ സുമേഷ്’ : ഞാന്‍ അഭിവാദ്യം ചെയ്തു.
“ഇവരും മല്ലൂസാ അച്ഛാ.. ഇവന്റെ മമ്മിയും സിസ്റ്ററും ‍ അമ്മേടടുത്തുണ്ട്. വീട് വരെ ഒന്ന്
വര്വോ? പരിചയപ്പെടുത്താനാ.’

വീട് തൊട്ടടുത്തായതിനാലും ഗസ്റ്റിന് വേണ്ടി ഭാര്യ എന്തെങ്കിലും നാടന്‍ പലഹാരം ഉണ്ടാക്കിക്കാണുമെന്നതിനാലും ‍ മടി കാണിച്ചില്ല.

‘ഞാന്‍ മിഥുന. ഇത് മോള്‍ സരിക‘ : കണ്ടയുടനെ, എണീറ്റ്, വിശാലമായി ചിരിച്ചു, അവള്‍. വാലിട്ട് മഷിയെഴുതിയ നീളന്‍ കണ്ണുകളും, ചന്ദനമണിഞ്ഞ കുറിയ നെറ്റിത്തടവും, നിഷ്കളങ്കഭാവവും, നാടന്‍ പ്രകൃതവും.... എല്ലാറ്റിലുമുപരി വിടര്‍ത്തിയിട്ട നീളന്‍ മുടിയില്‍ നിന്നുതിര്‍ന്ന കാച്ചെണ്ണയുടെ ഹൃദയഹാരിയായ ഗന്ധവും എനിക്കിഷ്ടപ്പെട്ടു.

‘ സാര്‍, സത്യത്തില്‍ ഒരപേക്ഷയുമായാ ഞാന്‍ വന്നിരിക്കുന്നേ. മക്കള്‍ സ്കൂളിലും ഭര്‍ത്താവ് ജോലിക്കും പോയാ പിന്നെ ഞാന്‍ വീട്ടിലൊറ്റക്കാ. വല്ലാത്ത ബോറഡി. സൂപ്പര്‍ മാര്‍ക്കറ്റിലെനിക്കൊരു ജോലി തര്വോ?”

ജോലിക്കായി പലരും പല വിധത്തിലും സമീപിച്ചിട്ടുണ്ട്; പക്ഷേ ഇത്ര കൌശലകരമായ ജോലി തെണ്ടലിന് ജീവിതത്തിലാദ്യമായി വിധേയനാവുകയായിരുന്നു.

‘ഭര്‍ത്താവിനെന്താ ജോലി?’: ഞാന്‍ ചോദിച്ചു.
“ബീച്ച് ഹോട്ടലിലാ സുകൂന് ജോലി, ഹൌസ് കീപ്പിംഗില്‍. ഷിഫ്റ്റ് ജോലിയായതോണ്ട് മക്കടെ കാര്യങ്ങളെല്ലാം ഞാന്‍ തന്നെ നോക്കണം’
‘അപ്പോ താന്‍ കൂടി ജോലിക്ക് പോയാലോ?”
“കാലത്ത് മക്കളെ സ്കൂളീ വിട്ടാ പിന്നെ ഞാന്‍ ഫ്രീയല്ലേ? സ്ട്രൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടി തന്നാ മതി, സാര്‍.”
ഓഹോ, കാര്യങ്ങളൊക്കെ തീരുമാനിച്ചപോലാണല്ലോ വരവ്.
‘ശരി, നോക്കാം‘ :എന്നു പറഞ്ഞ് തത്ക്കാലം തലയൂരി.

രണ്ട് ദിവസം കഴിഞ്ഞ് ഭാര്യയും ഭര്‍ത്താവും കൂടി ഓഫീസില്‍ വന്നു.

സദാ ചിരിക്കുന്ന, പ്രസന്നനായ സുകുമാരന് ആ പേര്‍ ശരിക്കും യോജിക്കുമെന്ന് തോന്നി. പതിഞ്ഞ സംഭാഷണശൈലിയും ഭവ്യതയുള്ള പെരുമാറ്റവുമുള്ള ഒരു സാദാ‍ കുന്നംകുളംകാരന്‍.

ദുബായില്‍ വന്നിട്ട് വര്‍ഷം അഞ്ച് കഴിഞ്ഞു. ഇതു വരെ നാട്ടില്‍ പോയിട്ടില്ല. മിഥുന കൊളേജില്‍ പഠിക്കുമ്പോഴായിരുന്നു കോളിളക്കമുണ്ടാക്കിയ ആ പ്രേമവിവാഹം.

‘സാറേ, ബോംബേല് ചേട്ടന്റെ വീട്ടീലായിരുന്ന ഞാന്‍ ഇയ്യാടെ കൂടെ ഒളിച്ചോടുകയായിരുന്നു. ഒന്നാം നമ്പ്ര് പാലക്കാടന്‍ അയ്യരുകുട്ടിയാ, ഞാന്‍. ഇയാള്‍ ‍ വെറും വെളക്കത്തല നായരാന്ന് പിന്നെയല്ലേ അറിയുന്നത്‘
അവളുടെ തുറന്നടിച്ച സംസാരം അയാളുടെ മുഖത്ത് വിളര്‍ച്ച കലര്‍ന്ന ചുവപ്പ് രാശി പടര്‍ത്തി.
“ഓ, അങ്ങനെയോ?‘: കൂടുതല്‍ കേള്‍ക്കാന്‍ ഉത്സുകനായി, ഞാന്‍.
‘ബാംഗ്ലൂരാ അപ്പക്ക് ജോലി. സ്കൂള്‍ കഴിഞ്ഞപ്പോ കോളേജീ ചേരാന്‍ അപ്പയാ എന്നെ ബോംബേലുള്ള ചേട്ടന്റെ അടുത്തേക്കയച്ചത്. സെന്റ് സെവ്യേറ്സില്‍ ചേരുകേം ചെയ്തു. അയ്യര് കുട്ടിയായതോണ്ട് എനിക്ക് അമ്പലത്തീ പോക്ക് നിര്‍ബന്ധമായിരുന്നു. മഹാലക്ഷ്മി ടെമ്പിളിന്റെ നടയില്‍ കാത്ത് നിന്ന് നിന്നാ ഇയാളെന്നെ വളച്ചെടുത്തത്’.
ഡ്യൂട്ടിക്ക് സമയമായെന്ന സുകുമാരന്റെ മനഃപ്പൂര്‍വമായ ഇടപെടലാണാ ആ ‘നോണ്‍ സ്റ്റോപ്’ വാചകമടിക്കൊരറുതിയിട്ടത്.

ഭാര്യയുടെയും മകന്റേയും റെക്കമെന്റേഷന്‍ കൂടിയായപ്പോല്‍‍ മിഥുനക്ക് സുപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ഉറപ്പായി. അധികം തിരക്കില്ലാത്ത ‘ഹൌസ് ‌ഹോള്‍ഡ്’ സെക്‍ഷനിലാക്കി, തത്ക്കാലം. കസ്റ്റമേര്‍സിനോട് കലപില സംസാരിച്ചും അവരുടെ ആവശ്യങ്ങള്‍ ‍നിറവേറ്റാന്‍ ഓടി നടന്നും, നീല സ്കേര്‍ട്ടും വെള്ളയില്‍ ചുവപ്പ് വരകളുള്ള ബ്ലൌസുമടങ്ങിയ യൂണിഫോമില്‍ ഒരു കൊച്ചു കുട്ടിയായി മാറിയ മിഥുന, സൂപ്പര്‍ മാര്‍ക്കറ്റിന്റെ‍ തന്നെ ‘ഫോക്കല്‍ പോയിന്റ്‘ ആയി മാറി.

ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞൊന്ന് മയങ്ങാന്‍ കിടന്ന എന്നെ നല്ലപാതി തട്ടിയുണര്‍ത്തി. “ദീപ വിളീക്കുന്നു, സുപ്പര്‍ മാര്‍ക്കറ്റിലെന്തോ പ്രശ്നം“

തലേന്നത്തെ പോലെ അന്നും മുനിസിപ്പലിറ്റി ഹെല്‍ത്ത് ഡിപാര്‍ട്മെന്റുകാര്‍ പ്രശ്നമുണ്ടാക്കിയോ എന്ന ഭയമായിരുന്നു, മനസ്സില്‍.
കാഷ്യറൊഴികെ കൌണ്ടറിലാരേയും കണ്ടില്ല. എല്ലാരും കൂടി നില്‍ക്കുന്നു ഹൌസ് ഹോള്‍ഡ് സെക്‍ഷനില്‍. അവര്‍ക്ക് നടുവില്‍ ചുവന്ന കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളും പാറിപ്പറന്ന മുടിയുമായി മിഥുന.

വിവരമറിഞ്ഞ് എനിക്ക് മുന്‍പേ എത്തിയിരുന്ന സെക്രട്ടറി ദീപ സംക്ഷിപ്ത വിവരണം നല്‍കി:

ഹൌസ് ഹോള്‍ഡ് സെക്‌ഷനിലെ അവിനാശ് നവ്‌ലേക്കര്‍ കൊച്ച് പയ്യനാണ്. കല്യാണം കഴിഞ്ഞ് വന്നിട്ട് അധിക നാളായിട്ടില്ല. ബെല്ലും ബ്രേക്കുമില്ലാത്ത മിഥുനയുടെ സംസാരവും പെരുമാറ്റവും അവനെ മത്തു പിടിപ്പിച്ചതില്‍ അത്ഭുതപ്പെടാനില്ല.

ഡയറക്റ്റ് ഷിഫ്റ്റായിരുന്നു, മിഥുനക്ക്. കാലത്ത് 9 മുതല്‍ വൈകീട്ട് 6 വരെ.

ഉച്ചക്ക് കസ്റ്റമേര്‍സ് കുറവുള്ള സമയത്താണ് സൂപ്പര്‍ മാര്‍ക്കറ്റിലെ ഒഴിഞ്ഞ ഷെല്‍ഫുകള്‍ നിറയുന്നത്. ഡെലിവറിയെടുത്ത സാധനങ്ങള്‍ അണ്‍പാക്ക് ചെയ്ത് പ്രൈസ് ടാഗടിച്ച് ഷെല്‍ഫില്‍ യഥാസ്ഥാനങ്ങളില്‍ ഡിസ്പ്ലേ ചെയ്യണം. പലപ്പോഴും നിലത്ത് ചമ്രം പടിഞ്ഞിരുന്നാണു അണ്‍‍പാക്കിംഗും പ്രൈസിം‌ഗുമൊക്കെ നടത്തുന്നത്.

ഇതിനിടയില്‍ ചെറിയ ചില വസ്തുക്കള്‍‍ മിഥുനയുടെ സ്കെര്‍ട്ടിനുള്ളിലേക്ക് ഉരുട്ടിയിട്ട് അതെടുക്കാനെന്ന വ്യാജേന അവളെ സ്പര്‍ശിക്കുക അവിനാശിന്റെ വിനോദമായിരുന്നു. അവളത് തമാശയായി എടുത്തപ്പോള്‍ ‍ പ്രോത്സാഹനമെന്നവന്‍ തെറ്റിധരിച്ചു.

രണ്ട് മുതിര്‍ന്ന കുട്ടികളുടെ അമ്മയായിട്ടും കുനിയാത്ത ശിരസ്സോടെ നില്‍ക്കുന്ന അവളുടെ മാറിടങ്ങളുടെ നിജസ്ഥിതിയില്‍ അവന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ സ്വയം‍ പരിശോധിച്ച് ബോധ്യപ്പെട്ടുകൊള്ളാന്‍ അവള്‍ വെല്ലുവിളിച്ചുവത്രേ!

പക്ഷേ അന്നു സംഭവിച്ചത് മറ്റൊന്നായിരുന്നു.
നിലത്തിരുന്ന് കട്ട്ലറി ഐറ്റംസില്‍ പ്രൈസ് ഒട്ടിക്കുന്നതിനിടെ ‍അറിയാതെയെന്ന വണ്ണം അവിനാശ് തന്റെ പുരുഷത്വം അവള്‍ക്ക് മുന്‍പില്‍ അനാവൃതമാക്കി. ചിരിച്ച് കൊണ്ടവളത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഉത്തുംഗമായ അതില്‍ തൊട്ട് സായൂജ്യമടയാന്‍ കിട്ടുന്ന ചാന്‍സ് പാഴാക്കരുതെന്ന് പറഞ്ഞവളുടെ കൈയില്‍ പിടിച്ചത്രേ!

അവന്റെ വാ‍ക്കുകളും പ്രവൃത്തികളും ‘മിമിക്‘ ചെയ്തവളവതരിപ്പിച്ചപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ കുഴങ്ങീ, ഞാന്‍‍‍.

മിഥുനയെ ഒരുവിധം ആശ്വസിപ്പിച്ച് വീട്ടിലയച്ചു, അവിനാശിനെ ഇനിയൊരറിയിപ്പു വരെ സസ്പെന്‍ഡും ചെയ്തു.

പക്ഷേ തീരെ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അന്നു രാത്രി നടന്നത്. മിഥുനയും ഭര്‍ത്താവും കൂടി വീട്ടില്‍ വന്നു, പിന്നാലെ‍ അവിനാശും. എന്റെ മുന്പില്‍ വച്ച് അവിനാശ് മിഥുനയുടെ കാലില്‍ വീണ് ക്ഷമ യാചിച്ചു.

‘ഞാന്‍ മൂലം അവന്റെ കുടുംബം വഴിയാധാരമാകരുത്. സാര്‍ അവനെ തിരിച്ചെടുക്കണം.നാളെ മുതല്‍ ഞാന്‍ ജോലിക്ക് വരാതിരുന്നാല്‍ പോരെ?’.

അവിനാശ് മുന്‍‌കൈയെടുത്ത് സംഘടിപ്പിച്ച നാടകമാണ് അതെന്ന് അറിയാമായിരുന്നെങ്കിലും, തത്ക്കാലം മിഥുനയെ ഒഴിവാക്കുന്നതാണ് ബുദ്ധിയെന്നെനിക്കും തോന്നി.

കാലമേറെ കഴിഞ്ഞു. അവിനാശിനെ കാണുമ്പോള്‍ മാത്രം കുസൃതിയോടെ നുരയിട്ടുണരുന്ന ഒരോര്‍മ്മയായി മിഥുന മാറി.

അങ്ങനെയിരിക്കെ ഒരു ദിവസം മകന്റെ ഫോണ്‍:
‘അച്ഛനൊന്ന് വേഗം വീട്ടീ വാ.. സുമേഷും സരികേം മിഥുനാന്റിയും വന്നിട്ടുണ്ട്. എന്തോ പ്രശ്നമുണ്ട്.‍’

കലങ്ങിയതെങ്കിലും നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന കണ്ണുകളും ഉറച്ച മുഖഭാവവുമായി, ‍ അകലെയുള്ള ശ്മശാനത്തിലെ സ്മാരക ശിലകളില്‍ കണ്ണും നട്ട് ബാല്‍ക്കണിയിലിരിക്കയായിരുന്നു, മിഥുന.

‘പിള്ളേര്‍ക്ക് കുടിക്കാനെന്തെങ്കിലും കൊടുക്കട്ടെ, നിങ്ങള്‍ സംസാരിക്കൂ’ : എന്ന് പറഞ്ഞ് , ധര്‍മ്മപത്നി അനുതാപത്തിന്റെ നനഞ്ഞ കണ്ണുകള്‍ എന്റെ നേരെ നീട്ടി, അടുക്കളയിലേക്ക് മുങ്ങി.

മിഥുന പറഞ്ഞ കഥ:
ഹോട്ടല്‍ വക 2brk ഫ്ലാറ്റിലെ ഒരു മുറിയിലാണ് അവര്‍ താമസിച്ചിരുന്നത്. മറ്റെ മുറിയില്‍ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ലിന്‍ഡ എന്ന കൃശഗാത്രി. ബുദ്ധിമതിയും സമര്‍ത്ഥയുമായ ലിന്‍ഡയെ സുകുവിന്നും മിഥുനക്കും വല്യ പഥ്യമായിരുന്നു. മക്കള്‍ക്ക് മമ്മിയേക്കാളിഷ്ടം ലിന്‍ഡാ ആന്റിയെ ആയിരുന്നു.

യാഥാസ്ഥിതികയുടെ നാലതിരുകള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്ന മിഥുനയെ ഒരു മോഡേണ്‍ ലേഡിയാക്കാന്‍ കഴിവതൊക്കെ ചെയ്തു, ലിന്‍ഡ.
റൂഷ്, മസ്ക്കാര, ഫൌണ്ടേഷന്‍ ക്രീം, മേക്ക് അപ്പ്, ഹെയര്‍ റിമൂവര്‍: ഇവയൊക്കെയുമായി തന്നെ പരിചയപ്പെടുത്തിയത് ലിന്‍ഡയാണെന്ന് മിഥുന.

രാത്രി, പലപ്പോഴും‍ തങ്ങളുടെ റൂമില്‍ വന്ന് മാംഗളൂര്‍ വിശേഷങ്ങളും തമാശകളും പറഞ്ഞ്, ഭര്‍ത്താവിനോടൊപ്പം ബീര്‍ നുണഞ്ഞ്, നേരം വെളുക്കും വരെ ഇരിക്കാറുണ്ടായിരുന്നു, അവള്‍. എന്തിനേയും ഏതിനേയും സംശയത്തോടെ വീക്ഷിക്കുന്ന ഒരു ‘കണ്ട്രി ഇന്ത്യാക്കാരി‘യെ വിശാലമനസ്കയായ ‘ലണ്ടന്‍ ഗേള്‍‘ ആക്കാനാണ് ലിന്‍‍ഡ ശ്രമിച്ചത്.

ഇതിനിടെ ഒരു ചെറിയ പരസ്യക്കമ്പനിയില്‍ ‍ മിഥുനക്ക് ജോലി ശരിയാക്കിക്കൊടുക്കയും ചെയ്തു, അവള്‍.

ട്യൂഷനില്ലാത്ത ദിവസങ്ങളില്‍ സ്കൂളില്‍ നിന്ന് നേരത്തേ എത്തിയാല്‍‍ ലിന്‍ഡാന്റിയുടെ റൂമില്‍ വിസിറ്റേഴ്സ് കയറിയിറങ്ങുന്നത് കാണാറുണ്ടെന്ന് മകന്‍ പറഞ്ഞപ്പോള്‍ മിഥുന അത് കാര്യമായെടുത്തില്ല. എന്നാല്‍ അപ്രതീക്ഷിതമായി ജോലി സ്ഥലത്ത് നിന്ന് ഒരു ദിവസം നേരത്തെയെത്തിയ അവളും കണ്ടു, തന്റെ ഫ്ലാറ്റില്‍ നിന്ന് പരസ്പരബോധമില്ലാതെ, കാമചേഷ്ടകളില്‍ മുഴുകി നടന്ന് പോകുന്ന സായിപ്പിനേയും മദാമ്മയേയും.

ഭര്‍ത്താവിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചു:‘ ഓ, സ്വസ്ഥമായിരുന്ന് മദ്യപിക്കാന്‍ പറ്റിയ സ്ഥലം വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അയച്ചതല്ലേ, അവരെ. ഹോട്ടലില്‍ കള്ളിനൊക്കെ ഇപ്പോ എന്താ വെല!”

ഇത്തവണ മിഥുനക്ക് ആ ഭാഷ്യം അത്ര ദഹിച്ചില്ല. പിറ്റേന്ന് എല്ലാവരും പോയ ശേഷം ലിന്‍ഡയുടെ മുറി ബലമായി തുറന്ന് അവളകത്ത് കേറി.

-അമ്പരന്ന് നിന്നു പോയി, അവള്‍:
കട്ടിലിന്നടിയിലും റൂമിന്റെ മൂലയിലും നിറയെ വിദേശമദ്യങ്ങളുടെ കാര്‍ട്ടണുകള്‍, കപ് ബോര്‍ഡിലും കിടക്കയിലും ബ്ലൂ ഫിലിം സീഡികള്‍, പുതിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍.....

ചന്തമുള്ള പുതിയ LCD ടീവി അവളോണ്‍ ചെയ്തു നോക്കി. ഇല്ല, ഒന്നുമില്ല. വിഡിയോ പ്ലേയര്‍ കൂടി ഓണ്‍ ചെയ്തപ്പോള്‍ അതാ തെളിയുന്നൂ ദൃശ്യങ്ങള്‍‍ ...നാഗങ്ങളെപ്പോലെ കെട്ടിപ്പിണയുന്ന നഗ്നമേനികള്‍!

ലിന്‍ഡയല്ലേ അത്?
പക്ഷെ കൂടെ?
സുകു..... സുകുമാരന്‍ എന്ന തന്റെ ഭര്‍ത്താവ്!

പിന്നെയൊന്നുമവള്‍ ആലോചിച്ചില്ല.
മുറി പൂട്ടി നേരെ ചെന്ന് കേറിയത് റഫാ പോലീസ് സ്റ്റേഷനില്‍. കൌണ്ടറിലിരുന്ന പോലീസുകാരനോടവള്‍ വിവരങ്ങള്‍ പറഞ്ഞു. അയാള്‍ അവളെ ഒരു സീനിയര്‍ ഓഫീസറുടെ അരികിലയച്ചു.

ഹോട്ടല്‍ സ്റ്റോര്‍ റൂമില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന വിദേശമദ്യങ്ങളും വിസിറ്റേഴ്സില്‍ നിന്ന് പലപ്പോഴായി കളെക്റ്റ് ചെയ്തതും ലോക്കലായി റെക്കോഡ് ചെയ്തതുമായ ബ്ലൂ ഫിലിമുകളും പോലീസ് കസ്റ്റഡിയിലായി. സുകുമാരനേയും ലിന്‍ഡയേയും അറസ്റ്റ് ചെയ്തു.

ഒരാഴ്ചയാകുന്നു ഈ സംഭവങ്ങള്‍ നടന്നിട്ട്. ഇപ്പോള്‍ മിഥുനക്കാവശ്യം ഒരു വക്കീലിനെയാണ്. തങ്ങളുടെ പാസ്പോര്‍ട്ട് എവിടെയാണെന്നറിയണം. അധ്യയനവര്‍ഷം കഴിയും വരെ മക്കളോടൊപ്പം ദുബായില്‍ കഴിയാന്‍ അനുമതി വാങ്ങണം.
പരിചയമുള്ള ഒരു മലയാളി വക്കീലിനെ ഏര്‍പ്പാടാക്കീ, ഞാന്‍.

കേസ് വിളംബമില്ലാതെ വിധിയായി.
-സുകുമാരനും ലിന്‍ഡക്കും മൂന്നു മാസം വീതം തടവും ഡിപോര്‍ട്ടേഷനും.

ഹോട്ടലില്‍ നിന്നും മോഷ്ടിച്ച മദ്യത്തിന്റെ കേസ് ഹോട്ടലുകാര്‍ പ്രസ്സ് ചെയ്യാതിരുന്നതാണ് ശിക്ഷ കുറയാന്‍ കാരണമെന്ന് മിഥുന പറഞ്ഞു. ഹോട്ടല്‍ വിസിറ്റേഴ്സിനെ ഉപയോഗിച്ച് ‘വേശ്യാലയം’ നടത്തിയെന്നതിനും തെളിവുകളില്ലല്ലോ?

ഏകദേശം ഒരുകൊല്ലത്തിന് ശേഷമാണ് മിഥുന വീണ്ടും പ്രത്യക്ഷപ്പെടുന്നത്. വളരെ സന്തോഷവതിയായി കാണപ്പെട്ടു അവള്‍‍. മായാഗ്രൂപ്പിന്റെ ഡിപ്പാര്‍ട്മെന്റ് സ്റ്റോറികളിലേക്ക് മുംബായില്‍ നിന്നും റിക്രൂട്ട് ചെയ്ത പെണ്‍കുട്ടികളില്‍ ഏക മദ്രാസി അവളാണത്രേ!

‘ഡിവോര്‍സ്‘ കേസ് നാട്ടില്‍ പുരോഗമിക്കയാണെന്നും സുകുമാരനും ലിന്‍ഡയും ഒന്നിച്ച് ഇപ്പോള്‍ കുന്നംകുളത്താണ് താമസമെന്നും അവള്‍ പറഞ്ഞു.

‘യു നോ, അയാം മിഥുന അയ്യര്‍ നൌ, നോട്ട് മിഥുന സുകുമാരന്‍; ഐ ഗോട്ട് എ ന്യൂ പാസ്പോര്‍ട്ട്’
മകനെ ഊട്ടിയില്‍ ഗുഡ് ഷെപ്പേഡില്‍ ചേര്‍ത്തി, മകളെ മുംബയിലെ ഒരു കോണ്‍‌വെന്റിലും.
‘അവരെ പഠിപ്പിക്കണം, വലിയവരാക്കണം.......ആരുടെയും സഹായമില്ലാതെ. അതിനാ വീണ്ടും ഞാന്‍ ദുബായ്ക്ക് വന്നേ....”
-മിഥുനയില്‍ ഒരു സ്ത്രീയെ, അമ്മയെ, കുടുംബനാഥയെ കണ്ടെത്തുകയായിരുന്നു, ഞാന്‍.

ഇടക്കിടെ അവള്‍ ഓഫീസില്‍ വരും. പണം കടം ചോദിക്കാനായിരിക്കും, അധികവും. ഒരിക്കല്‍ അവള്‍‍ പറഞ്ഞു, അച്ഛനമ്മമാര്‍ തന്നെ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്ന്!
‘എന്താ, നല്ല കാര്യമല്ലേ?’: ഞാന്‍ ചോദിച്ചു.“ജീവിതാവസാനം വരെ ഒറ്റക്ക് കഴിയാനാ പ്ലാന്‍?”
‘സാറിനോടയതിനാല്‍ സത്യം പറയാം’: ചുറ്റും നോക്കി ആരും കേള്‍ക്കുന്നില്ലെന്നുറപ്പ് വരുത്തി അവള്‍ തുടര്‍ന്നു:

“മോളെ പ്രസവിച്ചതോടെ സെക്സ് ആസ്വദിക്കാനുള്ള കഴിവെനിക്ക് നഷ്ടപ്പെട്ടു. ഡോക്ടര്‍ പറഞ്ഞത് “ഫ്രിജിഡ്“ എന്ന ഈ അവസ്ഥ ക്രമേണ മാറുമെന്നാണ്. പക്ഷെ ലൈംഗിക വികാരം ഇന്നും എനിക്കന്യമാണ്. പിന്നെ ഞാനെങ്ങനെ പുനര്‍ വിവാഹത്തിന് സമ്മതിക്കും?”

അപ്പോള്‍ പെട്ടെന്നൊരു മുഖം മനസ്സിലേക്കോടിക്കയറി വന്നു: സദാ പുഞ്ചിരിക്കുന്ന, പ്രസന്നത മുഖമുദ്രയാക്കിയ സുകുമാരന്‍ എന്ന സാദാ കുന്നംകുളംകാരന്റെ!

Wednesday, June 27, 2007

നിശാജ്വാലയും ഈയാന്‍പാറ്റയും

ജയചന്ദ്രന്‍ സുമുഖനായിരുന്നു, സുന്ദരനും.

ടൈയും കോട്ടും റാഡോ വാച്ചും സ്വര്‍ണക്കണ്ണടയുമണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്ന അവന്റെ ഓക്സ്ഫോര്‍ഡ് ഇം‌ഗ്ലീഷിലുള്ള സംഭാഷണ ചാതുരി ആരേയും വശീകരിക്കുന്നതായിരുന്നു. പുതിയ സൂപ്പര്‍മാര്‍ക്കറ്റിന്റെ പണിപ്പുരയിലായിരുന്ന എനിക്ക് വിദഗ്ധോപദേശത്തിന്റെ തൂക്കുവിളക്കുമായി ജയനെത്തിയത് ആശ്വാസത്തിന്റേയും ആത്മവിശ്വാസത്തിന്റേയും വെള്ളിവെളിച്ചം പകര്‍ന്നു കൊണ്ടായിരുന്നു.

‘വ്യത്യസ്ഥമായ ഒരു ഷോപ്പിംഗ് എക്സ്പീരിയന്‍സ്‘ : എന്ന പേര്‍ നല്‍കി പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് പ്രൊജക്റ്റ് അഭിമാനപൂര്‍വം അറബിക്ക് സമര്‍പ്പിക്കുമ്പോള്‍, ‍ അത് സഫലീകരിക്കാനുള്ള ഭാരം അദ്ദേഹം‍ എന്റെ തലയില്‍ തന്നെ കെട്ടിവയ്ക്കുമെന്നാരറിഞ്ഞൂ?

സോഫ്റ്റ് ഓപ്പനിംഗ് ജനുവരി ഒന്നിന് എന്നു നിശ്ചയിച്ച് 90 ദിവസത്തെ ‘കൌണ്ട് ഡൌണ്‍‘ ആരംഭിച്ചപ്പോഴാണ് ഏറ്റെടുത്ത ഉത്തരവാദിത്തത്തിന്റെ ഭയാനക മാനങ്ങള്‍ പേടിസ്വപ്നങ്ങളായി രൂപം മാറിയത്.

ജയന്‍ പറഞ്ഞൂ: “ നോട്ട് ടു വറി,സര്‍... ദിസീസ് അ പീസ് അഫ് കെയ്ക്”

ഒറ്റപ്പാലത്തെ പ്രശസ്ത തറവാ‍ട്ടിലെ ഇളയ സന്തതി. കലാകാരന്‍, ഗായകന്‍, സഹൃദയന്‍. മാത്രമോ: തികഞ്ഞ ഒരു റൊമാന്റിക്.
-അല്ലെങ്കില്‍ എല്ലാ എതിര്‍പ്പുകളും അവ‍‍ഗണിച്ച് ശ്രീലങ്കക്കാരിയായ സുഭാംഗിയെ പ്രേമിക്കുമോ, കെട്ടുമോ, കൂടെ പാര്‍പ്പിക്കുമോ?

സായിപ്പിന്റെ വീട്ടില്‍ ആയയായി ജോലിക്ക് വന്ന‍ മുതല്‍ സുഭാംഗിക്കറിയാം ജയനെ. കാരണം തൊട്ടടുത്താണല്ലോ വെള്ളത്തൊലിക്കാര്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന സ്പിന്നീസ് സൂപ്പര്‍ മാര്‍ക്കറ്റ്. കോട്ടും ടൈയുമണിഞ്ഞ് ചുറുചുറുക്കോടെ, ചുണ്ടിലൊരു പുഞ്ചിരിയുമായി ഓടി നടക്കുന്ന ആ സുഭഗന്‍ അവിടത്തെ സൂപ്പര്‍വൈസറായിരുന്നല്ലോ?

സുന്ദരിയായിരുന്നു, സുഭാംഗിയും.


കറുത്ത നിറമെങ്കിലും ഐശ്വര്യമുള്ള മുഖം. ഉയരം കുറഞ്ഞ് ഒതുങ്ങിയ ശരീരം, നീണ്ട മുടി, വലിയ കണ്ണുകള്‍, ആര്‍ജ്ജവത്വവും വിനയവും നിറഞ്ഞ പെരുമാറ്റം.


ജയനുമായി പരിചയപ്പെട്ടതില്‍ പിന്നെ വീട്ടില്‍ നടക്കുന്ന എല്ലാ സല്‍ക്കാരങ്ങളിലും, ക്ഷണിച്ചില്ലെങ്കിലും സ്വയം വന്ന് ചുമതലയേറ്റ്, നടത്തിത്തരുമായിരുന്നു അവള്‍. നീരജ എന്നും നിയതിയെന്നും പേരുള്ള രണ്ടു പെണ്മക്കള്‍ ഡേ കെയര്‍ സൌകര്യമുള്ള ദുബായ് മോഡേണ്‍ ഹൈ സ്കൂളില്‍.


ജയചന്ദ്രന്റെ സന്തത സഹചാരികളായിരുന്നു വര്‍ക്കല‍ കബീറും മുളൂണ്ട് ഐസക്കും. രണ്ടുപേരും സെയിത്സ് ഫീല്‍ഡിലെ താപ്പാനകള്‍. പണികളെല്ലാം നേരത്തെ അവസാനിപ്പിച്ച് മൂവര്‍ സംഘം എത്തും, എന്റെ സഹായത്തിന്.‍


-ചര്‍ച്ചകള്‍, മീറ്റിംഗുകള്‍, ഇന്റര്‍വ്യൂകള്‍, സുപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശനങ്ങള്‍.


ലഞ്ച് പലപ്പോഴും ഒരു സാന്‍ഡ്വിച്ചിലും കോളയിലും ഒതുങ്ങും; പക്ഷേ രാത്രിയില്‍ ഡിന്നറിനോപ്പം രണ്ട് പെഗ്ഗ് സ്കോച്ച് നിര്‍ബന്ധം. അങ്ങനെയാണ് ഒരു രാത്രിയില്‍ ഞങ്ങള്‍ ‍ ബര്‍ദുബായ് ഹോട്ടലിലെ ഡാന്‍സ് ബാറിലെത്തുന്നത്.


അരണ്ട വെളിച്ചത്തിലൂടെ നടന്ന് സ്റ്റേജിന്റെ ഇടത് വശത്തെ ടേബിളില്‍ സ്ഥാനം പിടിച്ചു, ഞങ്ങള്‍. മൂന്നു പേരും ഓരോ ഡബിള്‍ സ്കോച്ചിനും ഞാന്‍ ഒരു DD ക്കും(ബീര്‍) ഓര്‍ഡര്‍ കൊടുത്തു. സ്റ്റേജില്‍ അല്പവസ്ത്രധാരിണികളായ നാലഞ്ച് പെണ്‍കിടാങ്ങള്‍ “രംഭാ ഹോ ഹോ’ എന്ന പാട്ടിനനുസരിച്ച് ശരീരമനക്കിക്കൊണ്ടിരുന്നു.


‘11 മണിയായാലേ തിരക്കാകൂ“


ഐസക്ക് ഈ ഫീല്‍ഡിലും തനിക്കുള്ള ആധികാരികത വെളിപ്പെടുത്തി. “ടെക്സ്റ്റൈല്‍ മാര്‍ക്കറ്റടച്ച് കൈ നിറയെ കാശുമായി സിന്ധികളെത്തുമ്പോള്‍ രംഗം കൊഴുക്കും.‍”


ജയന്‍ എന്നെ തോണ്ടി, ചെവിയോട് ചുണ്ട് ചേര്‍ത്ത് മന്ത്രിച്ചു: “ദേ, ആ വലത്തെ സൈഡിലെ നീല ഷാളും ചെമല ഡ്രസ്സുമണിഞ്ഞ കൊച്ചിനെ ഒന്ന് നോക്കിയേ..”


ചെമ്പിച്ച് ചുരുണ്ട നിബിഢമായ മുടിക്കെട്ട്, മഷിയെഴുതിയ വലിയ കണ്ണുകള്‍, ഏറെയുയര്‍ന്ന് ആവരണത്തിന്നകത്തൊതുങ്ങാതെ മുകളിലേക്ക് കുതിക്കുന്ന അസാധാരണ വലിപ്പമുള്ള കുചകുംഭങ്ങള്‍‍...


ജയനെ മാത്രം നോക്കി വശ്യമായി ചിരിക്കയാണവള്‍. കീഴ്ചുണ്ട് കടിച്ചമര്‍ത്തി ഷാളൊരു വശത്തേക്കൊതുക്കി, കൈകൊണ്ടെന്തൊക്കേയോ കുറിയില്ലാകുറിമാനങ്ങളും.....‍.


-എവിടേയൊ കണ്ട രൂപം!


ഒരു പോലീസുകാരനെ മറ്റൊരു പോലീസുകാരനില്‍ നിന്നും തിരിച്ചറിയാനാവാത്ത നിനക്കങ്ങനെയൊക്കെ തോന്നും എന്ന് മനസ്സ് മന്ത്രിച്ചപ്പോള്‍‍ ശ്രദ്ധ ഞാന്‍ ബീര്‍ മഗ്ഗില്‍ കേന്ദ്രീകരിച്ചു.


ജയന്‍ ഒരു മാല വാങ്ങി അവള്‍ക്ക് എറിഞ്ഞ് കൊടുത്തു.


ഡാന്‍സ് ബാറുകളില്‍ ഹരം പകരുന്ന ‘ഒരൈറ്റം’ ‍ ആണ് മാല സമ്മാനിക്കല്‍. ആര്‍ക്കും തനിക്കിഷ്ടപ്പെട്ട ഡാന്‍സര്‍ക്ക് സമ്മാനം നല്‍കാം... പണമായല്ല, പൂവോ പൂമാലയോ ആയി. (ഇങ്ങിനെ കിട്ടുന്നതിന്റെ 20-30% വരെയാണ് ഡാന്‍സുകാരികളുടെ കമ്മീഷന്‍) പൂച്ചെണ്ടുക്കളും പൂമാലകളും കൈയിലേന്തി, അത്ര തന്നെ സുന്ദരികളല്ലാത്ത പെണ്‍കിടാങ്ങള്‍ മുഖത്തൊട്ടിച്ച മറ്റൊരു പ്ലാസ്റ്റിക് ചിരിയുമായി, മേശകള്‍ക്കിടയിലൂടെ നടന്ന് നീങ്ങുന്നുണ്ടാവും.


-പൂച്ചെണ്ടിന് 10 ദിര്‍ഹം. മാലയ്ക്ക് 25.



വശീകരണശക്തിയുള്ള പെണ്‍കൊടികള്‍‍‍ ആരാധകരെ മാറി മാറി പ്രോത്സാഹിപ്പിച്ച് ‍മാലകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കും. നിശാകാമുകരുടെ ഇത്തരം മത്സരങ്ങള്‍ അടികലശലില്‍ വരെ എത്തിയേ അവസാനിക്കൂ.


മാല കഴുത്തിലെത്തിയപ്പോള്‍‍ അവളുടെ ഊര്‍ജ്ജസ്വലതയും ചലനശക്തിയും കൂടി.

“ആപ് ജൈസാ കോയി മേരേ സിന്ദഗീ മേ ആയേ, തോ ബാത് ബന്‍ ജായേ...”: എന്ന ഗാനത്തിനൊപ്പവള്‍ നൃത്തമാടിയത് ജയനെ കണ്ണുകള്‍ കൊണ്ടമ്മാനമാടിക്കൊണ്ടാണ്.

തിരക്കുകൂടിയപ്പോല്‍ നിര്‍ബന്ധിച്ച് വലിച്ചിഴച്ച്, ജയനേയും കൊണ്ട്, പുറത്ത് കടന്നു ഞങ്ങള്‍. അതിന്നകം തന്നെ ജയന്റെ പേരിലുള്ള അനേകം മാലകള്‍ അവളുടെ കഴുത്തിനലങ്കാരമായി കഴിഞ്ഞിരുന്നൂ.

‘ഹോ, എന്ത് ഭംഗിയാ.., നല്ല കണ്ണുകള്‍, ഉഗ്രന്‍ ബോഡിഷേപ്പ്”: അവളെ വര്‍ണിക്കുവാന്‍ ജയന് വാക്കുകള്‍ക്ക് കിട്ടുന്നില്ല. “ടെലഫോണ്‍ നമ്പര്‍ ടിഷ്യൂ പേപ്പറിലെഴുതി കൊടുത്തിട്ടുണ്ടവള്‍ക്ക്. നാളെ വിളിക്കും, വിളിക്കാതിരിക്കില്ല”.

മറ്റൊരു ബിസിനസ്സ് ട്രിക്ക്!
എന്നും വരുന്ന, അല്പം ഇളക്കമുള്ള കസ്റ്റമേര്‍സിന്റെ ടെലഫോണ്‍ നമ്പറുകള്‍ രഹസ്യമായി വാങ്ങും. പിന്നീടവരെ ഫോണില്‍ വിളിക്കാനും ശൃംഗരിക്കാനും ദല്ലാളുകള്‍‍‍ തന്നെയാണ് നിര്‍ബന്ധിക്കുന്നത്.
“ഇന്നും വരണേ; ഞാന്‍ നോക്കിയിരിക്കും” : എന്നവള്‍ കൊഞ്ചുമ്പോള്‍‍ ഏത് കഠിനഹൃദയന്റെ മനസ്സാണ് ഇളകാത്തത്?


ഡാന്‍സ് ബാറിലേക്കുള്ള ജയന്റെ യാത്ര ഒരു പതിവായി മാറി. ഐസക്കോ കബീറോ കാണും,കൂടെ.


“മുംബായിലെ ഫോറസ് റോഡിലെ പെണ്ണുങ്ങള്‍ ഇവരേക്കാള്‍ ഭേദമാ” :എന്ന് കമെന്റിയതിനാലാകാം എന്നെ പിന്നെ വിളിച്ചില്ല.


ഒരു ദിവസം കബീറാണ് പറഞ്ഞത്: ‘സാറിന്നറിയോ, ജയന്‍ ആ ഡാന്‍സുകാരിപ്പെണ്ണുമായി പ്രേമത്തിലാണ്”.


എനിക്ക് ചിരിയാണു വന്നത്.:‘പ്രേമമോ, അതും ആ തണ്ണിമത്തനുമായോ?”


“സത്യമാ, അല്ലെങ്കി ചോദിച്ച് നോക്ക്”


“ജയാ, ഭ്രാന്തുണ്ടോ നിനക്ക്?”: അന്ന് ജയന്‍ വന്നപ്പോള്‍ പ്രശ്നമവതരിപ്പിച്ചൂ, ഞാന്‍.


ഡാന്‍സുകാരികളുടെ പരിമിതികളുടേയും പാരാധീനതകളുടെയും പരാതിപ്പെട്ടി തുറന്നുകൊണ്ടാണവന്‍ അതിനുത്തരം പറഞ്ഞത്: ‘സാറിന്നറിയോ, എന്ത് കഷ്ടാ അവരുടെയൊക്കെ ജീവിതമെന്ന്? നേരം പുലരും വരെ ജോലി ചെയ്യണം. ആറ് പേരാത്രേ ഒരു കുടുസ്സുമുറിയില്‍. ‘ചാവലും ദാലുമാ’ ഉച്ചഭക്ഷണം. വൈകീട്ട് രണ്ടുണക്ക റൊട്ടിയും പൊട്ടാ‍റ്റൊ കറിയും. വെള്ളിയാഴ്ച മാത്രം ഉച്ചക്ക് ‍ ബിരിയാണി കിട്ടും”


“അതല്ലല്ലോ ജയാ ചോദിച്ചത്?”: എനിക്ക് ദ്വേഷ്യം വന്നു. “നിനക്കാ പെണ്ണുമായി എന്താ ബന്ധം?”


“സുലേഖ നല്ല ‍കുട്ടിയാ, സാറെ....” അവന്‍ തുടരുകയാണ് : ‘അമ്മയുടെ ക്യാന്‍സര്‍ ചികിത്സക്കുള്ള പൈസക്ക് വേണ്ടിയാ കഥക് ഡാന്‍സറായ അവള്‍ പുര്‍ണിയായില്‍ നിന്ന് മുംബായില്‍ വന്നത്. പക്ഷേ ഡാന്‍സ് ട്രൂപ്പിന്റെ സേട്ടു തെറ്റിധരിപ്പിച്ച്, അവളെക്കൊണ്ട് ബോണ്ടില്‍ ഒപ്പിടുവിക്കയായിരുന്നു. ഒളിച്ചോടിയപ്പോഴൊക്കെ‍ അവര്‍ തിരിച്ചു പിടിച്ചു. അറിയോ, ആ‍ത്മഹത്യ ‍ ചെയ്യാന്‍ വരെ ശ്രമിച്ചിട്ടുണ്ടവള്‍.‍‍”


അന്ന് വീട്ടിലെത്തിയപ്പോഴാണ് സംഗതി ഗൌരവകരമാണ് എന്നെനിക്ക് ബോധ്യമായത്. കരഞ്ഞ് വീര്‍ത്ത മുഖവുമായി കാത്തിരിക്കുന്നു സുഭാംഗി; കൂടെ മക്കളും. ജയന്റെ വീട്ടിലേക്കുള്ള‍ വരവ് വല്ലപ്പോഴുമാണത്രേ. മക്കളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ജയനിപ്പോള്‍ അവരെ ശ്രദ്ധിക്കുന്നതേയില്ല. രണ്ടുമാസമായി‍ വീട്ടുചിലവിന് അഞ്ചു പൈസപോലും കൊടുത്തിട്ടില്ല.


പിറ്റേന്ന് ജയനോടിക്കാര്യം സൂചിപ്പിച്ചപ്പോള്‍ അവനത് ചിരിച്ച് തള്ളി.


“അതൊക്കെ അവളുടെ ഒരു പഴയ നമ്പറല്ലേ‍? കാശൊക്കെ ഞാന്‍ കൊടുക്കുന്നുണ്ട്, സര്‍; അല്ലെങ്കിലെങ്ങനേയാ അവര്‍ ജീവിക്കുന്നത്?”


ഉടനെ അവന്‍ വിഷയം മാറ്റി.


“സാറിനെപ്പറ്റി ഞാന്‍ സുലേഖയോടെപ്പോഴും പറയാറുണ്ട്. അപ്പോള്‍ അവള്‍ പറയുകയാ, ഒന്ന് പരിചയപ്പെടണമെന്ന്. ഇന്ന് ഞാനവള്‍ക്ക് മലബാ‍റി ബിരിയാണി വാങ്ങിക്കൊടുക്കാമെന്ന് ഏറ്റിരിക്കുന്ന ദിവസമാ. വരുന്നോ കൂടെ?”


ശരി, എന്നാല്‍ പൊയ്ക്കളയാമെന്ന് ചിന്തിച്ചു, ഞാന്‍. ‍ സംസാരിച്ച് ബോധ്യപ്പെടുത്തി അവളെ ഈ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞാലോ? ജയന് ഭാര്യയും രണ്ട് മക്കളുമുള്ള വിവരം അവള്‍ക്കറിയില്ലെങ്കിലോ?


അല്‍മക്തൂം ഹോസ്പിറ്റലിന്റെ പിന്നിലുള്ള ഒരു ബില്‍ഡിംഗിലായിരുന്നു അവള്‍‍ താമസിച്ചിരുന്നത്. ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നതിനാല്‍, അനുവാദം വാങ്ങി, അവള്‍ പുറത്ത് കാത്ത് നിന്നിരുന്നൂ. അല്ലെങ്കില്‍ ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങാന്‍‍ പോലും അനുവദിക്കില്ലത്രേ.


കൃത്രിമ പ്രകാശതരംഗങ്ങളുടെ ജാജ്വലതയിലല്ലാതെ സൂര്യപ്രകാശത്തിന്റെ ധവളിമയില്‍ കൈകള്‍ കൂപ്പി വശ്യമായ ചിരിയോടെ എന്നെ എതിരേറ്റു, സുലേഖ.


-മസ്ക്കരയിട്ട നീണ്ടിടം പെട്ട കണ്ണുകളില്‍ നിന്ന് മൂര്‍ച്ചയുള്ള കാന്തസൂചികള്‍ ഹൃദയത്തിലേക്കാഞ്ഞ് കേറുന്ന പോലെ തോന്നി.


-അനുസരണയില്ലാതെ പരന്നു കിടക്കുന്ന ചെമ്പിച്ച ചികുരഭാരം സ്വയം കുലുങ്ങി കൊഞ്ഞനം കുത്തി.


-കമ്മീസിനെ മാനിക്കാതെ പുറത്ത് ചാടി നില്ക്കുന്ന സ്തനദ്വയങ്ങള്‍‍ തലയുയര്‍ത്തി ദ്വന്ദ്വയുദ്ധത്തിനായ് ക്ഷണിച്ചു.


ബര്‍ദുബായിലെ ഹോട്ടലില്‍ വച്ച് കണ്ടപ്പോള്‍ മിന്നല്‍ പോലെ തലക്ക് മുകളിലൂടെ പാഞ്ഞ് പോയ ആ ചിന്തകള്‍ വീണ്ടും മനസ്സിലൂളയിട്ടുണര്‍ന്നു. : “ദൈവമേ, ഇവളെ ഞാനറിയുമല്ലോ, മുന്‍പ് കണ്ടിട്ടുണ്ടല്ലോ?


തോട്ടടുത്ത ടയര്‍ ഷാപ്പില്‍ നിന്ന് ട്യൂബ് വെടിതീര്‍ന്ന ശബ്ദം.


ഞെട്ടിത്തിരിഞ്ഞു നോക്കി‍:


-ടയര്‍ ഷോപ്പ്, ഇറാനിയുടെ സൈക്കിള്‍ കട, മലബാറി ഗ്രോസറി, മുന്‍പില്‍ “റ” ഷേപ്പിലുള്ള പാര്‍ക്കിംഗ് ഏരിയ. അതേ, ഈ റോഡില്‍, ഈ ബില്‍ഡിംഗില്‍ ‍ മുന്‍പ് ‍വന്നിട്ടുണ്ട്, ഞാന്‍.


-കഴിഞ്ഞ കൊല്ലം:

സൂപ്പര്‍ സ്റ്റാറിന്റെ ഗള്‍‍ഫ് പ്രോഗ്രാം.


അല്‍ നാസര്‍ ലിഷര്‍ലാന്റില്‍ രണ്ട് ദിവസങ്ങളിലായി മൂന്ന് ഷോകള്‍. പരിപാടി നടത്തുന്ന ‍ ഞങ്ങള്‍, അഞ്ചംഗ സംഘം, മാ‍സങ്ങളായി ഊണുമുറക്കവുമുപേക്ഷിച്ച് സ്പോണ്‍സേഴ്സിനെ തേടലും ബാനര്‍ പിടിത്തവും പരസ്യം തെണ്ടലുമൊക്കെയായി ദുബായ് പ്രദക്ഷിണം വച്ച് കൊണ്ടിരിക്കുന്നു.


വാള്‍പോസ്റ്ററിന്റേയും ടിക്കറ്റിന്റേയും ‘പ്രൂഫ്‘ അപ്രൂവ് ചെയ്ത് പ്രിന്റിംഗ് പ്രസ്സില്‍ നിന്നിറങ്ങുമ്പോഴാണ് രവിയുടെ ഫോണ്‍ ശബ്ദിച്ചത്. “ അതെ, ഞങ്ങള്‍ ദേരയില്‍ തന്നെയുണ്ട്. അഞ്ചുപേരും. അതിനെന്താ? എവിടെയാ സ്ഥലം?”


ഫോണ്‍ കട്ട് ചെയ്ത് ഒരു കള്ളച്ചിരിയോടെ അവന്‍ പറഞ്ഞൂ: “വാ, കാറീക്കേറ്. നമുക്കൊരു പ്രോഗ്രാമുണ്ട്“.


‘ഏതു ബാറിലാ?”: ഞാന്‍ കളിയാക്കി.


“ബാറിലല്ല, ഒരു ഡാന്‍സ് പ്രോഗ്രാമാ”


“ നമ്മളറിയാതെ ദുബായിലൊരു പ്രോഗ്രാമോ?”: എന്നായി ഞങ്ങള്‍.


രവിയുടെ പരിചയക്കാരനാണ് അനീസ് അഹമ്മദ് എന്ന പാക്കിസ്താനി. നല്ല ഒരു ഗുസ്തിക്കാരനായിരുന്നു. ഇപ്പോഴും ഹയാത്ത് റീജന്‍സിക്കു മുന്‍പില്‍ വെള്ളിയാഴ്ച തോറും നടത്തുന്ന ഗുസ്തി മത്സരങ്ങളില്‍‍ പങ്കെടുക്കും. പക്ഷേ ഹോട്ടല്‍ ഡാന്‍സേഴ്സിന്റെ ‘ബോഡി ഗാര്‍ഡ്’ ആയാണ് ജോലി.


അന്ന് പുതിയ ഒരു ഗ്രൂപ്പ് വന്നിറങ്ങിയ ദിവസമായിരുന്നു. ഞങ്ങള്‍ക്കായി അയാള്‍ ഒരു ‘എക്സ്ക്ലൂസിവ് ഷോ‘ അറേഞ്ച് ചെയ്തിരിക്കയാണ്. ‍ ആ‍ദ്യമായി എത്തുന്ന ഡാന്‍സേഴ്സിനെ അളക്കാനും വേണമെങ്കില്‍ ഒന്ന് മെരുക്കാനുമുള്ള തന്ത്രം കൂടിയത്രെ അത്.


“രാപകലില്ലാതെ ഓടിനടക്കുന്ന നമുക്കും വേണ്ടേ ഒരല്പം എന്റര്‍ടയിന്‍‌മെന്റ്?": കുറ്റബോധമകറ്റാനെന്നോണം വിനു ഉറക്കെ ചിന്തിച്ചു.


“എത്രയാ ചാര്‍ജ്ജ് ?’: എന്റെ ചിന്ത അങ്ങോട്ടാണ് സഞ്ചരിച്ചത്.


“കാശൊന്നും വേണ്ടാ... എന്തെങ്കിലും ‘ടിപ്” കൊടുത്താല്‍ മതി. ഒരു കാര്യം: ആവേശം മൂക്കുമ്പോ ആരും പേഴ്സ് പുറത്തെടുക്കരുത്. ഓരോരുത്തരും മാക്സിമം 100 രൂപ: അതും 5 ന്റെയും 10 ന്റേയും നോട്ടുകളായി......”


ഫ്ലാറ്റ് നമ്പര്‍ 404 ന്റെ മുന്‍പില്‍ അനിസ് കാത്തു നിന്നിരുന്നു. താഴെ രജായിയില്‍ ഭവ്യതയോടെ ഞങ്ങളെ ഇരുത്തി, ആതിഥ്യസത്ക്കാരത്തിന്റെ ഭാഗമായി റാണി ജൂസിന്റെ ഓരോ ടിന്നും കൈയില്‍ പിടിപ്പിച്ച് അയാള്‍ അപ്രത്യക്ഷനായി.


5 മിനിറ്റ് കഴിഞ്ഞുകാണും, ഒരു ഹിന്ദി ഗാനത്തിന്റെ വീചികള്‍ അലയടിച്ചു. ശബ്ദം കൂടിവന്നപ്പോള്‍‍ ആകാംക്ഷയോടെ തലയുയര്‍ത്തി, ഞങ്ങള്‍. വാതില്‍ കര്‍ട്ടണ്‍ വകഞ്ഞുമാറ്റി,‍ കൈയിലൊരു ടേപ് റിക്കാര്‍ഡറുമായി, സല്‍‌വാര്‍ കമ്മീസണിഞ്ഞ ഒരു തരുണി, ചുവടു വച്ച് മുന്നില്‍.


ഡാന്‍സ് തീര്‍ന്നപ്പോള്‍, തണുപ്പന്‍ സ്വീകരണം കണ്ടാവണം, അവള്‍ ചോദിച്ചു:“ എന്താ, ഇഷ്ടായില്ലെ?”


“ തുണിയില്‍ പൊതിഞ്ഞുള്ള ഈ ഉഡാന്‍സ് ആര്‍ക്ക് വേണം?“


“പര്‍ദേ മേം രഹ്‌നേ ദോ, പര്‍ദാ ന ഉഠാവോ” : എന്ന പാട്ടായിരുന്നു അതിനവളുടെ മറുപടി. കൂടെ പറന്നകന്നൂ പര്‍ദകള്‍...ഒന്നൊന്നായി!


പാട്ട് തീര്‍ന്നപ്പോള്‍ ഊരിഞ്ഞെറിഞ്ഞ വസ്ത്രങ്ങളോടൊപ്പം ചിതറിക്കിടന്ന നോട്ടുകളും പെറുക്കി അവളോടി.


പൊക്കം കൂറഞ്ഞ്, വെളുത്ത് തടിച്ച ഒരു നേപ്പാളിപ്പെണ്‍കുട്ടിയായിരുന്നു, പിന്നെ വന്നത്.


അഞ്ചിന്റേയും പത്തിന്റേയും നോട്ടുകള്‍ അവളുടെ നഗ്ന ശരീരഭാഗങ്ങളില്‍ തിരുകിക്കൊടുത്തുകൊണ്ട് ഞങ്ങള്‍ ആസ്വാദന വീര്യം വെളിപ്പെടുത്തി.


‘രവീ, മതി; ഇനി നമുക്ക് പോകാം” : ബോറടിച്ചുതുടങ്ങിയിരുന്നു, എനിക്ക്.


അപ്പോഴാണ് അനീസിന്റെ മുഖം വീണ്ടും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടത്. “ബായിജാന്‍, നിങ്ങള്‍ക്ക് എന്റെ വക ഒരു സ്പെഷല്‍ ഉണ്ട്. ഇതാ ആദ്യമായി ദുബായില്‍......തികച്ചും താജാ....... ആ രഹീ ഹെ.....ആപ് ലോഗോം കെ സാംനെ.... സുലേഖാഖാനം ഫ്രം കല്‍ക്കത്ത”


“ആദാബ്, ആദാബ്”


പാവാടയും ബ്ലൌസും മാത്രം ധരിച്ച് ...അവള്‍ മുന്നില്‍:


-ചെമ്പിച്ച് ജഢ പോലെ ചുരുണ്ട മുടി‍ കാറ്റില്‍ പറത്തി, ആഴമേറിയ കറുത്ത മിഴികളിലൂടെ ‍ മിന്നല്‍പ്പിണരുകള്‍ പായിച്ച്, അസാധാരണ മാറിടങ്ങളിളക്കിയാട്ടി, തുളുമ്പുന്ന ജഘനോദരങ്ങള്‍ താളത്തില്‍ ചലിപ്പിച്ച്...


“ചോളി കെ പീഛേ ക്യാ ഹേ, ചുന്‍‌രീ കെ നീചേ ക്യാ ഹേ..” : എന്ന ഗാനമുയര്‍ന്നപ്പോള്‍ ചോളീ കേ പീഛേ എന്താണെന്ന് ചോദിച്ചൂ ഞങ്ങള്‍.


നിരാശപ്പെടുത്താതെ അവള്‍ തുറന്ന് കാണിച്ച് എല്ലാം. അനീസ്ഭായ് കൂടി കൈയടിച്ച് ആസ്വദിക്കുന്നത്ര വശ്യമനോഹര ശരീരഭംഗിയില്‍, കറങ്ങുന്ന ഫാനിന്റെ വേഗതയില്‍, കഥക് ഡാന്‍സിന്റെ ദ്രുതചലനങ്ങള്‍ അരങ്ങേറി....


അന്തരീക്ഷത്തില്‍ പാറി നടന്നൂ, അമ്പതിന്റേയും നൂറിന്റേയും നോട്ടുകള്‍.... കൂടെ പറന്നൂ അവളുടെ അടിവസ്ത്രങ്ങള്‍!


ഓര്‍മ്മകളില്‍ മുങ്ങി, വിയര്‍ത്ത് കുളിച്ച് ‍ തിരിഞ്ഞ് നോക്കിയപ്പോള്‍ കൈകളില്‍ കൈകോര്‍ത്ത്, കണ്ണുകളില്‍ കണ്ണുകള്‍ നട്ട്, രസകമായ എന്തോ അനുഭവം പങ്ക് വയ്ക്കുകയായിരുന്നൂ, സുലേഖയും ജയനും.


ഇക്കിളിയിട്ടാലെന്ന പോലെയുള്ള ചിരി, കുഞ്ഞുങ്ങളെപ്പോലുള്ള കൊഞ്ചല്‍....


‍ തികട്ടിയെത്തിയ വാക്കുകള്‍ ഒന്നോടെ വിഴുങ്ങി, ഓടി കാറില്‍ കയറി, ഞാന്‍. പിന്നെ യാത്ര പറയാതെ, ജയനുവേണ്ടി കാക്കാതെ കാര്‍ മുന്നോട്ടെടുത്തു.


“ഇല്ലാ.., സാറിനു തെറ്റിയതാ. ആദ്യമായാണവള്‍ ദുബായില്‍ വരുന്നത്.“: ജയന്‍ ഒന്നും കേള്‍ക്കാനുള്ള മൂഡിലായിരുന്നില്ല.


പ്രേമം തലക്കകത്ത് കയറിയാല്‍‍‍ വിവേകവും വിചാരവും കാശിക്ക് പോകുമെന്ന് കാരണവന്മാര്‍ പറയുന്നത് വെറുതെയല്ലല്ലോ? മൌനം വിദ്വാനു ഭൂഷണം എന്നെനിക്കും തോന്നി.


അതിനുശേഷം ജയന്‍ എന്നെക്കാണാന്‍ വന്നിട്ടില്ല.


ആഴ്ചകള്‍ക്ക് ശേഷം കബീറാണ് പറഞ്ഞത്, മൂന്ന് മാസത്തെ കോണ്ട്രാക്റ്റ് പിരീഡ് കഴിഞ്ഞപ്പോള്‍ മുംബായ്ക്ക് തിരിച്ച് പോയ സുലേഖയോടൊപ്പം ജയനും ദുബായ് വിട്ടെന്ന്. മുംബായില്‍ ഒരു എക്സ്പോര്‍ട്ടിംഗ് കമ്പനി തുടങ്ങാനാണത്രെ പ്ലാന്‍.

മോഡേണ്‍ സ്കൂളിലെ കനത്ത ഫീസ് നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ സുഭാംഗി ഇളയ മകളെ കൊളോംബൊയിലുള്ള അമ്മയുടെയരികിലേക്ക് വിട്ടു. മൂത്ത മകളെ ജോലിക്കായി ഒപ്പം കൂട്ടി.


വര്‍ഷങ്ങള്‍ക്ക് ശേഷം ജനുവരിയിലെ തണുത്ത ഒരു പ്രഭാതത്തില്‍ എനിക്കൊരു ഫോണ്‍ കോള്‍. “ഹാപ്പി ന്യൂ ഇയര്‍, സര്‍”


പരിചിതമായ സ്വരം: “ജയന്‍, എന്നു വന്നു?”


“സര്‍ ഈവിനിംഗില്‍ ഫ്രീയാണോ? വീട്ടില്‍ വന്ന് സംസാരിക്കാം”


“ഓക്കെ, സീയു”


രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ പറഞ്ഞു:“ജയന്‍ വിളിച്ചിരുന്നു”


“എപ്പോ വരുമെന്നാ പറഞ്ഞേ?” : ഞാന്‍ ചോദിച്ചു.


“അവന്റെ ശബ്ദം കേട്ടപ്പോള്‍‍ എനിക്ക് അടിമുടി വിറച്ചു. എന്തൊക്കേയോ വിളിച്ച് പറയുകയും ചെയ്തു. ഇനി അവനിവിടെ വരുമെന്ന് തോന്നുന്നില്ല”: ഭാര്യക്ക് രോഷം അടക്കാനാവുന്നില്ല.


-പിന്നെ ജയന്‍ വിളിച്ചില്ല.


കൈയിലെ പണം തീര്‍ന്നപ്പോള്‍‍, നാട്ടിലെ തറവാട് ഭാഗം വച്ച് ഓഹരി വാങ്ങിയത്രേ, ജയന്‍‍. അത് കൂടി കൈയിലൊതുങ്ങിയപ്പോള്‍ സുലേഖയും ഭര്‍ത്താവും കൂടി ‍അടിച്ച് പുറത്താക്കിയെന്നും മറ്റൊരു ഗതിയുമില്ലാതെ, ഹതാശനായാണവന്‍ ‍ദുബായില്‍ വന്നിരിക്കുന്നതെന്നും കേട്ടു.


-പക്ഷേ അവന് മാപ്പു കൊടുത്ത് വീട്ടില്‍ കേറ്റാന്‍ മാത്രം ഹൃദയവിശാലതയുണ്ടായിരുന്നില്ല സുഭാംഗിക്കും മകള്‍ക്കും!


വാല്‍ക്കഷണം:


സുഭാംഗി ഇന്നും ദുബായിലുണ്ട്, ഒരിംഗ്ലീഷുകാരന്റെ വീട്ടില്‍ ആയയായി. മൂത്ത മകള്‍ രാസ് അല്‍ ഖൈമയില്‍ ഇറാനി ബോയ് ഫ്രന്റുമൊത്ത് താമസിക്കുന്നു. ഇളയ മകള്‍ കോളംബോയില്‍ അമ്മൂമ്മയുടെ കൂടെ തന്നെ!


....ജയനോ?


അറിയില്ല, അറിയാന്‍ ശ്രമിച്ചിട്ടുമില്ല!